ഖുര്‍ആന്‍ അവതരിച്ച സമയത്തെ സമാനമായ സാമൂഹ്യപരിതസ്ഥിതിയാണ് ഇന്ന് പലരംഗങ്ങളിലും കാണുന്നത്. ചൂഷണാധിഷ്‌ഠിതമായ വ്യാപാരമേഖല, വ്യാപകമായ മദ്യപാനവും മദ്യവില്‌പനയും, പലിശയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥ, കുത്തഴിഞ്ഞ ലൈംഗികതയും അരാജകത്വവും, അന്ധവിശ്വാസങ്ങളുടെയും ബഹുദൈവാരാധനയുടെയും വിളയാട്ടം തുടങ്ങിയ സാമൂഹ്യജീര്‍ണതകളായിരുന്നു ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തിലെ അറബികളുടെ മുഖമുദ്ര. സമകാലിക ലോകത്തും ഈ ജീര്‍ണതകള്‍ വേരുറപ്പിക്കുകയും തഴച്ചുവളരുകയും ചെയ്യുന്ന അന്തരീക്ഷമാണുള്ളത്.
മദ്യം, ശവം, പന്നി, വിഗ്രഹങ്ങള്‍ എന്നിവയുടെ കച്ചവടം വിലക്കിക്കൊണ്ട് അല്ലാഹുവിന്റെ കല്‌പന നബി(സ) മക്കാവിജയ സന്ദര്‍ഭത്തില്‍ ജനങ്ങളെ അറിയിച്ചു. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു: ശവങ്ങളുടെ കൊഴുപ്പെടുത്ത് കപ്പലുകള്‍ക്ക് ചായം പൂശുകയും തൊലികളില്‍ എണ്ണയായി പുരട്ടുകയും ചിലര്‍ വിളക്കുകത്തിക്കുകയുമൊക്കെ ചെയ്യാറുണ്ടല്ലോ. നബി(സ) പറഞ്ഞു: അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാകുന്നു. തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: അല്ലാഹു ജൂതന്മാരെ ശപിച്ചിരിക്കുന്നു. കാരണം, അല്ലാഹു ശവക്കൊഴുപ്പ് നിരോധിച്ചപ്പോള്‍ അവരത് ഉരുക്കി വില്‌ക്കുകയും അതിന്റെ വില ഭക്ഷിക്കുകയും ചെയ്‌തിരുന്നു.'' (ബുഖാരി)
നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒരു വിഭവമായിരുന്നു അറബികള്‍ക്ക് മദ്യം. പ്രഭാതത്തില്‍ നിറഞ്ഞ മദ്യചഷകം കണികണ്ടുണരണമായിരുന്നു അവര്‍ക്ക്. അല്ലെങ്കില്‍ അന്നത്തെ ദിവസം വ്യര്‍ഥവും സുഖരഹിതവുമായി വിലയിരുത്തപ്പെട്ടിരുന്നു.
ബുദ്ധിയെ ഭ്രമിപ്പിക്കാന്‍ മദ്യസാന്നിധ്യവും ശരീരത്തെ സുഖിപ്പിക്കാന്‍ സ്‌ത്രീസാന്നിധ്യവും മനസ്സിനെ ആവേശഭരിതമാക്കാന്‍ ശത്രുസാന്നിധ്യവും അവരുടെ ജീവിതത്തിന്‍െറ അനിവാര്യഘടകങ്ങളായിരുന്നു. മരണപ്പെട്ടാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറമാടണമെന്ന് ബന്ധുക്കളോട് വസ്വിയത്ത് ചെയ്യുന്നവര്‍ വരെ അക്കാലത്തുണ്ടായിരുന്നുവെന്ന് ചില അറബിക്കവിതകളില്‍ കാണാം.
ചില അറബികള്‍ വന്‍കിട മദ്യവ്യാപാരികളായിരുന്നു. പ്രവാചകന്റെ പിതൃവ്യപുത്രന്‍ ഹംസ(റ) ഇത്തരത്തിലൊരാളായിരുന്നു. തന്റെ മദ്യവില്‌പനശാലയില്‍ മദ്യപിച്ച് ലഹരിബാധിച്ച് ശണ്‌ഠകൂടിയ ചിലര്‍ തന്റെ ബന്ധുവായ മുഹമ്മദിനെയും(സ) ഇസ്‌ലാമിനെയും അസഭ്യം പറയുന്നത് കേട്ടപ്പോള്‍ ഹംസ(റ)യില്‍ ആത്മാഭിമാനം ഉണര്‍ന്നു. അത് അദ്ദേഹത്തിന്റെ ഇസ്‌ലാം മതാശ്ലേഷണത്തിന് നിമിത്തമാവുകയും ചെയ്‌തു. മദ്യം നിരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ മദ്യവില്‌പനകേന്ദ്രം അടച്ചുപൂട്ടുകയും മദ്യവിമുക്തമായ മാതൃകാജീവിതം നയിക്കുകയും ചെയ്‌തു. രക്തസാക്ഷികളുടെ നേതാവ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഹംസ(റ) ഇസ്‌ലാമിന്റെ ധര്‍മസമരപാതയില്‍ ഉഹ്‌ദ് യുദ്ധവേളയില്‍ വീരരക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.
മദ്യപാനത്തിലും മദ്യവ്യാപാരത്തിലും വ്യാപൃതമാവുക വഴി മദ്യത്തില്‍ മുങ്ങിക്കുളിച്ച അറേബ്യന്‍ സമൂഹത്തെ നിരന്തരമായ സംസ്‌കരണ സംരംഭങ്ങളിലൂടെയാണ് ഇസ്‌ലാം പൂര്‍ണമായും മദ്യവിമുക്തമാക്കിയത്. ആരാധനകള്‍ക്ക് ഏകാഗ്രത നഷ്‌ടപ്പെടുത്തുന്ന വിധത്തില്‍ മദ്യപാനം പാടില്ല എന്ന ലളിത നിര്‍ദേശത്തില്‍ നിന്ന് തുടങ്ങി ലഹരിദായകവും ചൂഷണാധിഷ്‌ഠിതവുമായ സകലതില്‍ നിന്നും സത്യവിശ്വാസികള്‍ ബഹുദൂരം അകന്നുനില്‌ക്കേണ്ടതാണ് എന്ന ദര്‍ശനമായ നിയമനിര്‍മാണത്തിലൂടെയാണ് ഇസ്‌ലാം ഇത് സാധിച്ചെടുത്തത്.
ആധുനിക സമൂഹം ലഹരിയുടെ കയത്തില്‍പെട്ട് മുങ്ങിത്താഴുകയാണ്. മതാനുശാസിതമായ ബോധവത്‌കരണമല്ലാതെ മറ്റൊരു പരിഹാരം മുന്നില്‍ കാണുന്നുമില്ല. തിന്മ തടയേണ്ട ഭരണകൂടങ്ങള്‍ അത് പ്രോത്സാഹിപ്പിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിനു പകരം കൂടുതല്‍ മദ്യഷാപ്പുകള്‍ തുറന്ന് മദ്യക്കച്ചവടം പരിപോഷിപ്പിക്കുകയാണ്!
മദ്യപാനം പലവിധ തിന്മകളിലേക്കും സദാചാരത്തകര്‍ച്ചയിലേക്കും കുടുംബശൈഥില്യങ്ങളിലേക്കും വഴിനടത്തുന്നു. മനുഷ്യരുടെ ഇഹപര ജീവിത നന്മ ലക്ഷ്യംവെക്കുന്ന ഇസ്‌ലാം ഈ തിന്മകളില്‍ നിന്ന് ബഹുദൂരം അകന്നു നില്‍ക്കാന്‍ മനുഷ്യരോട് ആഹ്വാനംചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ