മതസാഹോദര്യത്തിന് പുകള്‍പെറ്റ മലയാള മണ്ണ് സ്‌പര്‍ധക്ക് കൂടി വളക്കൂറുള്ളതാണെന്ന് പുതിയ തലത്തിലേക്ക് ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ് അതിലൂടെ നല്‌കിയത്. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച് അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത് അതിക്രമമാണെന്ന് തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട് വരേണ്ട സന്ദര്‍ഭമാണിത്.
മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന് പ്രസക്‌തിയുണ്ടെന്ന് തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത് കൊണ്ട് അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക് വിധേയനായി ത്വാഇഫില്‍ നിന്ന് മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത് ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക് വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത് അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.
മദീനയിലുണ്ടായിരുന്ന ജൂതന്മാരോട് പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത് പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത് പ്രവാചകന് അവരുമായുള്ള അടുപ്പത്തെയാണ് എടുത്ത് കാണിക്കുന്നത്. ജൂതസുഹൃത്തുക്കളില്‍നിന്ന് പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക് അവരില്‍ നിന്ന് വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.
ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന് വന്ന് പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച് അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട് കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതുകണ്ട് ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത് കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ് ഉമറിനോട് നിര്‍ദേശിച്ചത്. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന് തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട് കോപിതനായതിനാല്‍ തിരിച്ച് നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക് നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട് കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട് എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ് ആദരിച്ചത്. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന് സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ് പ്രവാചകന്‍ മുഹമ്മദ് (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്.
രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത് പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക് അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട് പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക് ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട് കൂടി മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത് കുറ്റകരമാണെന്ന് താക്കീത് നല്‌കുകയും ചെയ്‌തിട്ടുണ്ട് പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട് പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഈ ഖുര്‍ആനിക വചനങ്ങളാണ് അതിനദ്ദേഹത്തിന് പ്രചോദനം.
``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)
``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന് വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത് ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്. ഏത് പ്രവാചകനെ സംരക്ഷിക്കാനാണോ അവരത് ചെയ്‌തത് അത് അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ് വസ്‌തുത.
ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ് പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ് അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന് കാണാം. ബര്‍കത്ത് അഹ്‌മദ് തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ് എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജൂതന്മാര്‍ക്ക് നേരെ നടത്തിയെന്ന് പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.
ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കിയ ഒരു സമൂഹത്തോട് ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ് മുസ്‌ലിംകള്‍ക്കുള്ളത്. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയാണ് പ്രവാചകന്‍ ചെയ്‌തത്. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ് ബ്‌നു സുലൂലിന് മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.
ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്, മക്കയുടെ അധികാരം കൈവന്ന് വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ് കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച് നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക് താക്കോല്‍ മടക്കി നല്‌കിയെന്നത് തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്.
മക്കയിലെ പതിമൂന്ന് വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട് വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന് ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന് മുമ്പില്‍ ആദരിക്കുകയാണ് ഒടുവില്‍ നബി(സ) ചെയ്‌തത്. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ് പ്രവാചകന്‍ പ്രതികരിച്ചത്. മറവില്‍ പതിയിരുന്ന് ചാട്ടുളിയെറിഞ്ഞ് ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ് തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട് മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക് കാണാം.
വേണമെങ്കില്‍ പ്രവാചകന് അന്ന് അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക് നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്. അത് മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത് ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ് ഇസ്‌ലാമിന്റെ യശസ്സ് ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ