ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2012, മാർച്ച് 7, ബുധനാഴ്‌ച

മുഹമ്മദ് നബി (സ) ഒരു ലഘുചരിത്രം

           മനുഷ്യനൊഴിച്ച് മറ്റു ജീവികളെല്ലാം ജന്മവാസനക്കൊത്ത് ജീവിക്കുന്നു. അവ എങ്ങനെ ജീവിക്കണമെന്ന് നേരത്തെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അവക്ക് പ്രകൃത്യാ തന്നെ നിര്‍ണ്ണിതമായ ഒരു ജീവിതരീതിയുണ്ട്. അത് ഉപേക്ഷിച്ച് മറ്റൊരു ജീവിതരീതി കണ്ടെത്താനോ സ്വീകരിക്കാനോ അവക്ക് സാധ്യമല്ല. മനുഷ്യന്‍റെ സ്ഥിതി അതല്ല.അവന്‍റെ ജീവിതമാര്‍ഗ്ഗം അവന്‍ തന്നെ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ചു തിരഞ്ഞെടുക്കേണ്ടതാണ്. അതിനാല്‍ മനുഷ്യനാണ് ജീവിതത്തില്‍ മാര്‍ഗ്ഗദര്‍ശനം കൂടുതല്‍ ആവശ്യമായിട്ടുള്ളത്. അവന്‍ ചിന്താശീലനാണ്. ഓരോ കാര്യം ചെയ്യുമ്പോഴും ഏതാണ് ശരി ഏതാണ് തെറ്റ് എന്നീ ചിന്തകള്‍ അവന്‍റെ മുമ്പിലുയരുന്നു. അതേപോലെ, ഈ ജിവിതത്തിന്നു വല്ല അര്‍ത്ഥവുമുണ്ടോ, മരണശേഷം ജീവിതമുണ്ടോ, എല്ലാം മരണത്തോടു കൂടി അവസാനിക്കുമോ എന്നീ ചോദ്യങ്ങളും അവനെ അലട്ടുന്നു. അവക്കുള്ള ഉത്തരം പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി കണ്ടുപിടിക്കാനും കഴിയുന്നതല്ല. പ്രപഞ്ചം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവം, മനുഷ്യന്നു വേണ്ടതെല്ലാം പ്രകൃതിയില്‍ സജ്ജീകരിച്ച ദൈവം, മനുഷ്യന്‍റെ സുപ്രധാനമായ ഈ ആവശ്യം - ജീവിതമാര്‍ഗ്ഗ ദര്‍ശനം - അവഗണിച്ചിട്ടില്ല. അതുകൊണ്ടാണ് ആദ്യ മനുഷ്യനും മാനവകുലത്തിന്‍റെ പിതാവുമായ ആദം (അ) തന്നെ ഒരു പ്രവാചകനായത്.
അതിന്നുശേഷം എപ്പോഴെല്ലാം ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വര്‍ദ്ധിക്കുകയും ചെയ്തുവോ, അപ്പോഴെല്ലാം മാനവകുലത്തിനു മാര്‍ഗ്ഗദര്‍ശനം ചെയ്യാന്‍ പ്രവാചകന്‍മാര്‍ വന്നതായി നാം ചരിത്രത്തില്‍ കാണുന്നു. ഒരു പ്രവാചകന്‍ വരാത്ത ഒരു സമുദായവും ഇതിന്നുമുമ്പ് കഴിഞ്ഞുപോയിട്ടില്ല എന്നാണ് മുഹമ്മദ് നബി (സ) ഇതിനെക്കുറിച്ച് പറഞ്ഞത്. ബാബിലോണിയയില്‍ നിന്നു ലഭിച്ച ഒരു പുരാതന കല്‍ചിത്രത്തില്‍ ഹമുറാബി ദൈവത്തില്‍ നിന്നും നിയമഗ്രന്ഥം സ്വീകരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ വേദങ്ങള്‍ ദൈവത്തില്‍നിന്നും അവതരിച്ചു കിട്ടിയവയാണെന്നു വിശ്വസിക്കപ്പെടുന്നു. വേദങ്ങള്‍ക്ക് അപുരുഷ്യ (മനുഷ്യനിര്‍മ്മിതമല്ലാത്തത്), നിത്യ (എന്നെന്നും നിലനില്‍ക്കുന്നത്), ശ്രുതി (ദൈവത്തില്‍ നിന്നും കേട്ടത്) എന്നീ പേരുകള്‍ സംസ്കൃതത്തിലുണ്ടെന്നതും ശ്രദ്ധേയമാണ്. ശ്രീബുദ്ധന്‍റെ പേരുതന്നെ സൂചിപ്പിക്കുന്നത് ബോധനം ലഭിച്ച വ്യക്തി എന്നാണല്ലോ. അങ്ങിനെ എത്രയോ പ്രവാചകന്‍മാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല കാലഘട്ടങ്ങളിലായി വന്നു. മോസ്സസ്സും, ക്രിസ്തുവും, മുഹമ്മദുനബിയും അടുത്തകാലത്തായി വന്നവരാണെന്നുമാത്രം. പഴയ ദൈവീകമാര്‍ഗ്ഗദര്‍ശനങ്ങള്‍ പുരോഹിതന്മാരുടെ വെട്ടിത്തിരുത്തലുകള്‍ക്കും കൂട്ടിക്കുറക്കലുകള്‍ക്കും വിധേയമായപ്പോഴാണ് പലപ്പോഴും പുതിയ പ്രവാചകന്‍മാര്‍ വന്നത്. പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദുനബി (സ).
അറേബ്യയിലെ ഒരു പ്രമുഖ കുടുംബമായ ഖുറൈശികളില്‍ പെട്ട അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുല്ലായുടെ മകനായി ക്രിസ്ത്വാബ്ദം 571-ല്‍ മുഹമ്മദുനബി (സ)ജനിച്ചു. ജനനത്തിനുമുമ്പുതന്നെ പിതാവ് മരിച്ചിരുന്നു. പിന്നീട് അദ്ദേഹം അബ്ദുല്‍ മുത്ത്വലിബിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത് ബാലനായിരിക്കെതന്നെ അബ്ദുല്‍മുത്ത്വലിബും മരണമടഞ്ഞു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു. നിഷ്ക്കളങ്കമായിരുന്നു ആ ബാലന്‍റെ സ്വഭാവം. ആ ബാലനുമായി ബന്ധപ്പെട്ടവരെല്ലാം ആ ബാലനെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്തു. എപ്പോഴും സത്യത്തിന്നുവേണ്ടി നിലകൊണ്ട ആ ബാലന്‍ അല്‍ അമീന്‍ അഥവാ വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ അറിയപ്പെട്ടു. യുവാവായിരിക്കെ അദ്ദേഹം വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. അദ്ദേഹവുമായി കൂട്ടുകച്ചവടം ചെയ്ത ഖൈസ്, അദ്ദേഹത്തേക്കാള്‍ നല്ല ഒരുകൂട്ടുകാരനെ കച്ചവടത്തിന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രസ്താവിക്കുന്നു.
ഖദീജ മക്കയിലെ ഒരു വര്‍ത്തക പ്രമുഖയായിരുന്നു. അവര്‍ മുഹമ്മദിന്‍റെ വിശ്വസ്തതയെക്കുറിച്ചു കേട്ടിരുന്നു. അതുകൊണ്ട് അവര്‍ സിറിയയില്‍ വില്‍ക്കാനുള്ള കുറേചരക്കുകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അദ്ദേഹം തന്നെ ഏല്‍പിച്ച കാര്യം ഭംഗിയായി നിര്‍വ്വഹിച്ചു. മുഹമ്മദ് നബി (സ) യുടെ ആത്മാര്‍ത്ഥതയും വിശ്വസ്തതയും ഖദീജയില്‍ മതിപ്പുളവാക്കി. അതു വിധവയായ അവരെ മുഹമ്മദുമായി വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. പിതൃവ്യന്‍റെ അനുഗ്രഹാശിസ്സുകളോടെ മുഹമ്മദും ഖദീജയും തമ്മിലുള്ള വിവാഹം നടന്നു. അവര്‍ ഒരു മാതൃകാദാമ്പത്യജീവിതമാണ് നയിച്ചത്. ഖദീജ എല്ലായ്പ്പോഴും മുഹമ്മദിന് ഒരു തണലായിരുന്നു. വിഷമവേളകളില്‍ അവരദ്ദേഹത്തിന്ന് ആശ്വാസമായി. പില്‍ക്കാലത്ത് മുഹമ്മദുനബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ ആദ്യമായി വിശ്വസിച്ചതും അവരായിരുന്നു.
അദ്ദേഹം പലപ്പോഴും അടുത്തു തന്നെയുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്നു നാല്‍പതു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാര്‍ത്ഥനാനിരതനായിരിക്കെ ജിബ്രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ളേഷിക്കുകയും അനന്തരം ദൈവികാജ്ഞ പ്രകാരം 'വായിക്കുക' എന്ന് കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ തനിക്കു വായിക്കാനറിയില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും 'സൃഷ്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ ചോരക്കട്ടയില്‍ നിന്നുമവന്‍ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്തു) പഠിപ്പിച്ചിരിക്കുന്ന അത്യുദാരനാണു നിന്‍റെ രക്ഷിതാവ്. മനുഷ്യനു അറിവില്ലാത്തതു മനുഷ്യനെ അവന്‍ പഠിപ്പിച്ചു' (ഖുര്‍ആന്‍ 96:1-5) എന്ന് ആജ്ഞാപിക്കപ്പെട്ടു. അതു ദൈവീക സന്ദേശങ്ങളുടെ തുടക്കമായിരുന്നു. പിന്നീട് അതുപോലെയുള്ള ദൈവീകവചനങ്ങള്‍ പ്രവാചകന്നു പലപ്പോഴായി അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍. അതുപ്രവാചക വചനങ്ങളല്ല. കലര്‍പ്പില്ലാത്ത ദൈവീക വചനങ്ങള്‍ തന്നെയാണവ.
ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു. അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. 'ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേല്‍ക്കുക. എന്നിട്ട് (ദുഷിച്ച നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്‍റെ രക്ഷിതാവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ വിട്ട് അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്. നിന്‍റെ നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം വന്നുകഴിഞ്ഞാല് ) അത്, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10) അങ്ങിനെ മുഹമ്മദുനബി (സ) യെ ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി.
പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു. മുഹമ്മദ് നബി (സ) യുടെ ആത്മാര്‍ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു. അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്‍ , സഅ്ദ്, സുബൈര്‍ , തല്‍ഹാ എന്നിവരും 'മുഹമ്മദു നബി (സ) ദൈവത്തിന്‍റെ ദൂതനും അടിമയുമാണെന്ന്' വിശ്വസിച്ചു. പിന്നിടദ്ദേഹത്തിന് പരസ്യമായി മതപ്രബോധനമാരംഭിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കു തൊട്ടുള്ള സഫാ എന്ന കുന്നില്‍ കയറി നിന്നു കൊണ്ട് ജനങ്ങളെ വിളിച്ചുകൂട്ടി. ഞാന്‍, ഈ മലയുടെ അപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു ശത്രു സൈന്യം തയ്യാറായി നില്‍പുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ലേ? എന്നു ചോദിച്ചു. 'നിങ്ങള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല' അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് താക്കീതു നല്‍കുന്നു. എനിക്ക് ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഒരു ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവനായാണ് ഞാന്‍ വന്നിട്ടുള്ളത്. എനിക്ക് ഈ ലോകത്ത് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും നിങ്ങള്‍ക്ക് സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക് കഴിയില്ല. യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന് നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ ഇതു കേട്ടപ്പോള്‍ ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചത് എന്നും പറഞ്ഞവര്‍ പിരിഞ്ഞുപോയി.
മുഹമ്മദുനബി (സ) തന്‍റെ ദൌത്യം തുടര്‍ന്നുകൊണ്ടിരുന്നു. പലരും ഇസ്ലാം സ്വീകരിച്ചു. മക്കയിലെ പ്രധാനികള്‍ക്ക് ഇതൊരു തലവേദനയായി. അവര്‍ ഉത്ത്ബത്ത് എന്ന നേതാവിനെ മുഹമ്മദിന്‍റെ അടുത്തേക്കയച്ചു. ഉത്ത്ബത്ത് മുഹമ്മദുനബി (സ)യെ സമീപിച്ചു പറഞ്ഞു. നിങ്ങള്‍ക്കു ഭരണാധികാരിയാവാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഭരണാധികാരിയാക്കാം. നിങ്ങള്‍ക്കൊരു ധനികനാകാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങളില്‍ വെച്ചേറ്റവും വലിയ ധനികനാക്കാം, ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനാണ് ആഗ്രഹമെങ്കില്‍ ഞങ്ങള്‍ അതും നടത്തിത്തരാം. ഈ പുതിയ പ്രസ്ഥാനം ഉപേക്ഷിച്ചാല്‍ മാത്രം മതി. അതിനു മറുപടിയായി പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്തത്. 'പറയുക, തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന് എന്നിലേക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവങ്കലേക്ക് നേര്‍വഴി പോകുവിന്‍. അവനോടു പങ്കുചേര്‍ക്കുന്ന ബഹുദൈവവിശ്വാസികള്‍ക്ക് നാശം.' (ഖുര്‍ആന്‍ 41:6). മറ്റൊരവസരത്തില്‍ പ്രവാചകന്‍ വ്യക്തമാക്കി. അല്ലാഹുവാണേ, എന്‍റെ വലംകൈയ്യില്‍ സൂര്യനേയും ഇടങ്കയ്യില്‍ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാന്‍ അവരെന്നോടു ആവശ്യപ്പെട്ടാല്‍ പോലും ഞാനതു ചെയ്യില്ല. ഒന്നുകില്‍ അല്ലാഹു ഈ മതത്തെ വിജയിപ്പിക്കുക. അല്ലെങ്കില്‍ ഈ പ്രസ്ഥാനം വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമ മദ്ധ്യേ ഞാന്‍ മരണമടയും ഇത് രണ്ടിലൊന്ന് സംഭവിക്കും വരേക്കും പിന്മാറുന്ന പ്രശ്നമേ ഇല്ല.
മുസ്ളീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മുഹമ്മദ് നബി (സ) യുടെ ദൌത്യം സ്വീകരിച്ചവര്‍, മുസ്ലിംങ്ങള്‍ അഥവാ ദൈവത്തിന് പൂര്‍ണ്ണമായി കീഴ്പ്പെട്ടവര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. അവരുടെ മതത്തിന് ദൈവത്തിനുള്ള പൂര്‍ണ്ണമായ വിധേയത്വം എന്നര്‍ത്ഥമുള്ള 'ഇസ്ലാം' എന്നും പറയുന്നു. മുഹമ്മദീയര്‍ എന്നും മുഹമ്മദു മതം എന്നും പറയുന്നത് തെറ്റാണ്. ആദ്യത്തെ മനുഷ്യനായ ആദം (അ) ഒരു പ്രവാചകനും കൂടിയായിരുന്നു. അദ്ദേഹം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) വരെ ലക്ഷക്കണക്കിനുള്ള പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത മത സിദ്ധാന്തങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവരെല്ലാം പ്രബോധനം ചെയ്ത മതത്തിന്‍റെ പേരാണ് ഇസ്ലാം. ഇസ്ലാംമത സ്ഥാപകന്‍ മുഹമ്മദ് നബി (സ) അല്ല. അദ്ദേഹം അവസാന പ്രവാചകന്‍ മാത്രമാണ്. പ്രവാചകന്‍മാര്‍ തമ്മില്‍ വ്യത്യാസം കല്‍പ്പിക്കാതിരിക്കാന്‍ മുസ്ലിംങ്ങള്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (ഖു. 2:285) മുസ്ളീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണ്ടപ്പോള്‍ മക്കയിലെ അമുസ്ലിം പ്രധാനികള്‍ക്ക് അരിശം വര്‍ദ്ധിച്ചു. അവര്‍ പ്രവാചകനേയും അനുയായികളേയും മര്‍ദ്ദിക്കാന്‍തുടങ്ങി. പ്രവാചകന്‍ നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി, ചളിയും ചീഞ്ഞ വസ്തുക്കളും അദ്ദേഹത്തിന്‍റെ മേലെറിഞ്ഞു. മുസ്ലിംകളെ ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തിക്കിടത്തി, നെഞ്ചില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. ചിലരെ ചാട്ട കൊണ്ടടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ ചില അനുയായികളോട് അബ്സീനിയ (എത്യോപ്യ) യിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
അന്ന് എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ നെഗസ് (നജ്ജാശി) ആണ് ഭരിച്ചിരുന്നത്. അങ്ങനെ പ്രവാചകദൌത്യത്തിന്‍റെ 5-ം വര്‍ഷം 11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യയിലേക്ക് പാലായനം ചെയ്തു. മുസ്ളിംകള്‍ പാലായനം ചെയ്തതറിഞ്ഞ മക്കന്‍ പ്രധാനികള്‍ ഒരു ദൌത്യ സംഘത്തെ എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച് തങ്ങളില്‍ നിന്നും ഓടിപ്പോന്ന അടിമകളാണ് മുസ്ളിംകള്‍ എന്നും അവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അപേക്ഷിച്ചു. രാജാവിന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ളിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു. 'രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മ ജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളില്‍ ശക്തിയുള്ളവര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു. അതിഥിമര്യാദ ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍ വന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായറിയാമായിരുന്നു. ഞങ്ങളദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.' ഇതു കേട്ടപ്പോള്‍ രാജാവ് മുസ്ളിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും അവര്‍ക്ക ലഭിച്ചുവെന്ന് പറയുന്ന വേദത്തിന്‍റെ ചില ഭാഗങ്ങള്‍ കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മുസ്ളിംകളില്‍പ്പെട്ട ജഅ്ഫര്‍ ഖുര്‍ആനിലെ ഒരദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. രാജാവ്, എത്യോപ്യയില്‍ താമസിച്ചുകൊള്ളാന്‍ അവരെ അനുവദിച്ചു. അധികം കഴിയുന്നതിനുമുമ്പ് മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക് പാലായനം ചെയ്തു. ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു. മുസ്ലിംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത് മക്കന്‍ പ്രധാനികളെ അലോസരപ്പെടുത്തി. അവര്‍ ഒന്നായി സമ്മേളിച്ച് പ്രവാചകന്‍റെ കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചു. അവര്‍ക്ക് ധാന്യങ്ങളോ, മറ്റവശ്യസാധനങ്ളോ നല്‍കാന്‍ പാടില്ലെന്ന് തീരുമാനിച്ചു. ഇത് പ്രവാചകന്‍റെ കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ ഏതാണ്ട് മൂന്നുകൊല്ലം തുടര്‍ന്നു. പ്രവാചക ദൌത്യത്തിന്‍റെ പത്താം വര്‍ഷത്തില്‍ അമുസ്ലിംകളില്‍പ്പെട്ട ചില ചെറുപ്പക്കാര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കാന്‍ നേതാക്കന്‍മാരെ നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി. അതേ വര്‍ഷം തന്നെ ഖദീജയും പിതൃവ്യന്‍ അബുത്വാലിബും അന്തരിച്ചു. മുസ്ലിംകള്‍ക്കെതിരെയുള്ള മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. അടുത്ത ഒരു നഗരമായ ത്വാഇഫിലെ ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാചകന്‍ അങ്ങോട്ടുപോയി. എന്നാല്‍ അവിടെയുള്ള ജനങ്ങള്‍ അദ്ദേഹത്തെ കൂക്കി വിളിക്കുകയും കല്ലെറിഞ്ഞുകൊണ്ട് ഉപദ്രവിക്കുകയും ചെയ്തു. പ്രവാചകന്‍ മക്കയിലേക്കുതന്നെ മടങ്ങി.
മക്കയില്‍ ഒരു ഉത്സവം നടക്കാറുണ്ടായിരുന്നു. ആ ഉത്സവത്തിന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ വരുന്ന ജനങ്ങളോട് പ്രവാചകന്‍ ദൈവം ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മരണാനന്തരം ഈ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നും ഉപദേശിച്ചു കൊണ്ടിരുന്നു. യസ്രിബില്‍(മദീന) നിന്നും വന്ന ചിലര്‍ പ്രവാചകന്‍റെ സംഭാഷണത്തില്‍ ആകൃഷ്ടരാകുകയും തങ്ങളിനി ദൈവത്തിന്‍റെ അധികാരാവകാശങ്ങളില്‍ ആരെയും പങ്കു ചേര്‍ക്കുകയില്ലെന്നും, തങ്ങളിനി വ്യഭിചരിക്കുകയോ, കളവുനടത്തുകയോ, കുഞ്ഞുങ്ങളെ കൊല്ലുകയോ, പരദൂഷണം പറയുകയോ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും, സുഖദുഃഖങ്ങളിലെല്ലാം പ്രവാചകനെ അനുസരിച്ച് കൊണ്ട് ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവര്‍ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരു രാത്രിയില്‍ അല്ലാഹു പ്രവാചകനെ തന്‍റെ സന്നിധാനത്തിലേക്കുയര്‍ത്തി. ഇതിനെ ഇസ്ലാമിന്‍റെ സാങ്കേതിക ഭാഷയില്‍ മിഅ്റാജ് എന്നു പറയുന്നു. ഈ അവസരത്തിലാണ് മുസ്ലിംകള്‍ ദിനംപ്രതി അഞ്ചുപ്രാവശ്യം നമസ്കരിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചത്.
അടുത്തകൊല്ലം യസ‌രിബി(മദീന)യില്‍ നിന്നും എഴുപത്തിമൂന്നുപേര്‍ ഉത്സവവേളയില്‍ മക്കയില്‍ വരികയും ദൈവത്തെയും പ്രവാചകനേയും അനുസരിച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ തങ്ങളുടെ പട്ടണത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ സ്വാധീനം വര്‍ദ്ധിക്കുന്നതു കണ്ട് വിറളി പൂണ്ട മക്കന്‍ നേതാക്കള്‍ മര്‍ദ്ദനത്തിന് രൂക്ഷത വര്‍ദ്ധിപ്പിക്കുകയും പ്രവാചകനെ വധിക്കാന്‍ പരിപാടിയിടുകയും ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ അനുയായികളോട് യസ്രിബിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പ്രവാചകനെ വധിക്കുവാന്‍ മക്കന്‍ പ്രധാനികള്‍ പരിപാടിയിട്ട് വീടുവളഞ്ഞ ദിവസം രാത്രി ദൈവീക കല്‍പ്പനപ്രകാരം പ്രവാചകന്‍ തന്‍റെ ശയ്യയില്‍ പിതൃവ്യപുത്രനും ഇസ്ലാമിക പ്രവര്‍ത്തകനുമായ അലിയോടു കിടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം തന്‍റെ സന്തതസഹചാരിയായ അബൂബക്കറോടൊപ്പം യസ്രിബിലേക്ക് യാത്ര തിരിച്ചു. പകല്‍ സമയത്ത് സൌര്‍ എന്ന ഗുഹയില്‍ അവര്‍ അഭയം തേടി. പ്രവാചകന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞു മക്കയിലെ പ്രധാനികള്‍ പ്രവാചകനെത്തേടി പല ഭാഗത്തേക്കും ആള്‍ക്കാരെ പറഞ്ഞയച്ചു. അവരിലൊരു സംഘം പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിപ്പെട്ടു. അതുകണ്ടു അബൂബക്കര്‍ ഭയന്നു. പ്രവാചകന്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. 'ഭയപ്പെടേണ്ട, ദൈവം നമ്മുടെ കൂടെയുണ്ട്' ഖുറൈശി പ്രമുഖര്‍ പ്രവാചകനെ കാണാതെ തിരിച്ചുപോയി.
അവര്‍ രണ്ടുപേരും യസ്രിബിലേക്ക് യാത്ര തുടര്‍ന്നു. യസ്രിബില്‍ പ്രവാചകന് ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. നബി (സ) യസ്രിബിലെത്തിയതോടെ ഇസ്ലാമിക സമൂഹത്തിന് ഒരു നവീന രൂപം കൈവന്നു. ഒരു മാതൃകാരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് നബി (സ) അവിടെ ചെയ്തത്. ഒരു നിയമഗ്രന്ഥവും ഒരു നേതൃത്വവും ഒരു ദൈവത്തിലുള്ള വിശ്വാസവും നല്‍കിക്കൊണ്ട് മുസ്ലിംകളെ അദ്ദേഹം ഏകീകരിച്ചു. മദീനാവാസികള്‍ക്ക് ഒരു പുതുനാമം അദ്ദേഹം നല്‍കി. അന്‍സാറുകള്‍ അഥവാ സഹായികള്‍. മക്കയില്‍ നിന്ന് വന്നവര്‍ മഹാജിറുകള്‍ അഥവാ അഭയാര്‍ത്ഥികള്‍ എന്ന പേരിലറിയപ്പെട്ടു. സത്യവിശ്വാസികള്‍ സഹോദരന്‍മാരാണ് എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രവാചകന്‍ അന്‍സാറുകളെയും മുഹാജിറുകളെയും ഒന്നിപ്പിച്ചു. അന്‍സാറുകളും മുഹാജിറുകളും തമ്മിലുള്ള സ്നേഹബന്ധം സഹോദരന്‍മാര്‍ തമ്മിലുള്ളതിനേക്കാള്‍ സുദൃഢമായിരുന്നു. കാരണം അത് അല്ലാഹുവിന്നു വേണ്ടിയുള്ള സ്നേഹമായിരുന്നു. അന്‍സാറുകള്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ വീടുകളിലെ അംഗങ്ങളായി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്തു. പല മദീന നിവാസികളും തങ്ങളുടെ സ്വത്തില്‍ പകുതി മക്കയില്‍നിന്നു വന്നവര്‍ക്കു കൊടുത്തു. അവരുടെ കൃഷിയിലും കച്ചവടത്തിലും മൂഹാജിറുകളെ പങ്കാളികളാക്കി.
മുഹാജിറുകളും അന്‍സാറുകളും ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള സുഖദുഃഖങ്ങള്‍ പങ്കിട്ടെടുത്തുകൊണ്ടുള്ള ആ ജീവിതം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. '(മക്കയില്‍ നിന്ന് ഹിജ്റ പോയവര്‍ക്ക്) വീടും സത്യവിശ്വാസവും, അവര്‍ എത്തും മുമ്പുതന്നെ ഒരുക്കിവെച്ചവരാവട്ടെ, അവരുടെ അടുക്കലേക്ക് സ്വദേശം വെടിഞ്ഞുചെല്ലുന്നവരെ സ്നേഹിക്കുന്നു. ഹിജ്റ പോയവര്‍ക്ക് ലഭിക്കുന്ന ധനത്തെ സംബന്ധിച്ചു മനസ്സില്‍ യാതൊരാഗ്രവും അവര്‍ക്ക് തോന്നിയിരുന്നുമില്ല. (മാത്രമല്ല) അവര്‍ക്ക് സാമ്പത്തിക ക്ളേശമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ (മുഹാജിറുകള്‍ക്ക്) അവര്‍ മുന്‍ഗണന കല്‍പിക്കുന്നു. മനസ്സിന്‍റെ പിശുക്കില്‍നിന്നും അത്യാഗ്രഹത്തില്‍നിന്നും വല്ലവരും സുരക്ഷിതരായാല്‍ അവര്‍ തന്നെയാണ് വിജയികള്‍ ' (ഖുര്‍ആന്‍ 59 : 9) മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത പ്രവാചകന്‍ ഉറപ്പുവരുത്തി. ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി പ്രവാചകനുണ്ടാക്കി. മുസ്ളിംകളും അമുസ്ളിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം.
തുല്യമായ അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടമ്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ളിം ഗോത്രങ്ങളും ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു. വില്യംമൂര്‍ എഴുതുന്നു. ഈ ഉടമ്പടി അദ്ദേഹത്തില്‍ ഉള്‍കൊണ്ട മഹത്വം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ മാത്രമല്ല, എല്ലാ യുഗങ്ങളിലെയും ഒരു മഹാത്മാവായിരുന്നു അദ്ദേഹം. നജ്റാനിലെ ക്രിസ്ത്യാനികളും പ്രവാചകനുമായി ഉടമ്പടിയിലേര്‍പ്പെട്ടു. മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതത്വത്തലുള്ള ഒരാദര്‍ശ രാഷ്ട്രമായിരുന്നു. ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിവില്‍ ക്രിമിനല്‍ നിയമങ്ങളും ഖുര്‍ആന്‍ നല്‍കിയിരുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ സ്വത്ത് സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കണം. അത്കൊണ്ട് 'സക്കാത്ത്' എന്ന പേരില്‍ പണമായുള്ള സ്വത്തിന്‍റെ 2.5% ഉം കാര്‍ഷിക വരുമാനത്തിന്‍റെ 10% ഉം ദരിദ്രവിഭാഗങ്ങളില്‍ മാത്രം ഓരോ വര്‍ഷവും വിതരണം ചെയ്യപ്പെട്ടു. അതിനെ ദരിദ്രരുടെ അവകാശം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
അത്പോലെ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും പൊതുഖജനാവില്‍ അവകാശമുണ്ടെന്നും അവരുടെ സംരക്ഷണം ഗവണ്‍മെന്റിന്‍റെ ബാദ്ധ്യതയാണെന്നും ഭരണകൂടം അംഗീകരി 'ഓ നബീ മനുഷ്യരോടു പറയുക. (ആരുടെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങള്‍ ജീവിക്കുന്നുവോ) അവന്‍, അല്ലാഹു, ഏകനാണ്. (സര്‍വ്വചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനുമായി നിലകൊള്ളുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന് സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍ ) അവന്നു തുല്യമായി ആരുംതന്നെ ഇല്ല.' (ഖുര്‍ആന്‍ 112 : 1-4) മുഹമ്മദ്നബി (സ) ദൈവദൂതനും ദാസനുമാണെന്ന് സാക്ഷ്യം വഹിക്കുക എന്നതുകൊണ്ട് ഉദ്ദേശം മുഹമ്മദുനബി (സ) കാണിച്ചു തന്ന രീതിയില്‍ ജീവിക്കുക എന്നതാണ്. പ്രവാചകന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുകയും വേണം. പ്രവാചകന്‍, ലോകത്തിനൊരന്ത്യമുണ്ടെന്നും അതിനുശേഷം ഈ ലോകജീവിതത്തെക്കുറിച്ച് ദൈവം കണക്കു ചോദിക്കുമെന്നും ദൈവത്തെ അറിഞ്ഞ് അനുസരിച്ചവര്‍ക്ക് സ്വര്‍ഗ്ഗവും, ധിക്കരിച്ചവര്‍ക്ക് കഠിനമായ നരകവും ലഭിക്കുമെന്നും പറഞ്ഞതു വിശ്വസിക്കുകയും വേണം. (2) അഞ്ചുപ്രാവശ്യം നമസ്കരിക്കുക. (3) നിര്‍ബന്ധദാനം (4) റമളാന്‍ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുക. (5) കഴിവുള്ളവര്‍ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. മുഹമ്മദുനബി(സ) താന്‍ ഒരു മനുഷ്യന്‍ മാത്രമാണെന്നും പ്രവാചകനും മനുഷ്യനുമായ യേശുവിനു ദൈവീകത്വം കല്‍പ്പിച്ച പോലെ തനിക്കാരും ദൈവീകത്വം കല്‍പ്പിക്കരുതെന്നും തറപ്പിച്ചു പറഞ്ഞിരുന്നു. പുതുതായി രൂപം കൊണ്ട ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും നിലനില്‍ക്കാന്‍ മക്കന്‍ പ്രധാനികള്‍ അനുവദിക്കുകയില്ല എന്ന് വ്യക്തമായിരുന്നു. അവര്‍ക്ക് മുഹമ്മദിനഭയം നല്‍കിയ യസ്രിബ് (മദീന) നിവാസികളോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.
അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങിനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കന്‍ നിവാസികള്‍ ഒരുങ്ങി. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിനു വെറും 2 കുതിരകളും 70 ഒട്ടകങ്ങളുമാണുണ്ടായിരുന്നത്. സാധാരണഗതിയില്‍ മുസ്ലിങ്ങള്‍ പരാജയപ്പെടുമെന്ന് തീര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് രണാങ്കണത്തിലിറങ്ങിയ മുസ്ലിംകള്‍ വിജയിച്ചു. തടവുകാരായി പിടിച്ചവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ് ബദറില്‍ ജയിച്ചതെന്ന് മുസ്ലിംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു. ബദറിനു ശേഷവും മക്കന്‍ പ്രധാനികള്‍ മദീനയെ ആക്രമിച്ചു കീഴടക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവര്‍ വിജയിച്ചില്ല. പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ 6-ം വര്‍ഷം തീര്‍ത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം.
പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ളിംകള്‍ക്കു അനുകൂലമല്ലായിരുന്നു. പ്രവാചകന്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. മുസ്ളിംകള്‍ ആ കൊല്ലം ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടമ്പടിയിലുണ്ടായിരുന്നു.ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന്‍ പേര്‍ഷ്യാ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു. ചിലര്‍ അതു സ്വീകരിച്ചു. ഹിജ്റ 8-ം വര്‍ഷം മക്കയിലെ ഖുറൈശികള്‍ ഹുദൈബിയ ഉടമ്പടി ലംഘിച്ചു. പ്രവാചകന്‍റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോള്‍ പ്രവാചക ന്‍ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്.
അപ്പോള്‍ പ്രവാചകന്‍ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലിംകള്‍ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാര്‍ക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കന്‍ നേതാവായ അബൂസുഫിയാന്‍ മുസ്ളിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമ ക് ആകൃഷ്ടനായ അബൂസുഫ്യന്‍ ഇസ്ലാം സ്വീകരിച്ചു. നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ പട്ടണനിവാസികള്‍ പ്രവാചകന്‍ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പില്‍ ആകാംക്ഷയോടും ഭീതിയോടും കൂടെ നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകന്‍ പറഞ്ഞു. 'യൂസഫ്നബി (അ) തന്‍റെ സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്.
മക്കാ വിജയത്തോടുകൂടി പ്രവാചകന്‍ അറേബ്യായിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅ്ബ സന്ദര്‍ശിച്ച ശേഷം അദ്ദേഹം തനിക്കഭയം നല്‍കിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ് ചെയ്തത്. ഹിജ്റ 10-ാം വര്‍ഷം ്രവാചകന‍ മക്കയിലേക്ക് വീണ്ടും തീര്‍ത്ഥാടനത്തിന്ന് പോയി. ആ ഹജ്ജ് വേളയില്‍ ഒരു ലക്ഷത്തോളം വരുന്ന അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയങ്ങളാണ്.
'മനുഷ്യരേ! എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്‍പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓര്‍ത്തിരിക്കുക. നിങ്ങള്‍ പിഴച്ച് പരസ്പരം കഴുത്തുവെട്ടാന്‍ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങള്‍ക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങള്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ ഗ്രന്ഥമത്രെ അത്. ജനങ്ങളെ! സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്‍റെ സഹോദരന്‍റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്‍റെ ധനം കരസ്ഥമാക്കുവാന്‍ ഒരാള്‍ക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്‍റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാദ്ധ്യതകള്‍ ഉണ്ട്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അള്ളാഹുവിന്‍റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നത് തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക. മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങളുടെ നാഥന്‍റെ പരുശുദ്ധഹറമില്‍ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോള്‍ നിങ്ങളുടെ നാഥന്‍റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.'
പ്രസംഗത്തിന്‍റെ അവസാനത്തില്‍ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക?.'ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്‍കി. 'അങ്ങുന്ന് അല്ലാഹുവിന്‍റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയര്‍ത്തികൊണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. ഈ സമയത്ത് അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവീക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 15:4). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി.
ആധുനികകാലത്ത് മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നു. അത് അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഇനിയൊരു പ്രവാചകനോ വേദഗ്രന്ഥമോ വരാനില്ല. ലോകാവസാനം വരേക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമാണ് ഖുര്‍ആന്‍. വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം 3 മാസമേ നബി (സ) ജീവിച്ചുളളു. ഹി. 12-ംവര്‍ഷം റബി ഉല്‍ അവ്വുല്‍ 12-ം തിയ്യതി തിങ്കളാഴ്ച പ്രവാചകന്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗദര്‍ശനം അനുസരിച്ച് ജീവിക്കാനും അങ്ങിനെ ജീവിത വിജയം നേടുവാനും പരലോകത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ !!!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ