ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമുണ്ടോ?

സത്യവിശ്വാസി ഏതൊരു സല്‍ക്കര്‍മം ചെയ്യുമ്പോഴും അല്ലാഹുവിന്നുവേണ്ടിയാണ്‌ അത്‌ ചെയ്യുന്നതെന്ന വിചാരം ഉണ്ടായിരിക്കണം. മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഭൗതിക താല്‌പര്യങ്ങള്‍ ലക്ഷ്യമാക്കിയോ ആണ്‌ പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അവ നിയ്യത്തില്ലാത്ത കര്‍മങ്ങളായിരിക്കും. ഇതുസംബന്ധിച്ച അടിസ്ഥാന പ്രമാണം ഖലീഫ ഉമര്‍(റ) ഉദ്ധരിച്ച ഒരു നബിവചനമാണ്‌.
``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്ക്‌ അനുസൃതമായിട്ട്‌ മാത്രമായിരിക്കും. ഏതൊരു മനുഷ്യന്നും ലഭിക്കുന്നത്‌ അയാള്‍ ഉദ്ദേശിച്ചത്‌ മാത്രമായിരിക്കും. വല്ലവനും ഹിജ്‌റ(പലായനം) ചെയ്യുന്നത്‌ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയാകുന്നു. വല്ലവന്റെയും ഹിജ്‌റ ഭൗതിക നേട്ടം കരസ്ഥമാക്കുന്നതിനുവേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹംകഴിക്കുന്നതിനുവേണ്ടിയോ ആണെങ്കില്‍ അവന്‍ എന്ത്‌ ഉദ്ദേശിച്ച്‌ ഹിജ്‌റ ചെയ്‌തുവോ അതിന്‌ മാത്രമേ അവന്റെ ഹിജ്‌റ ഉതകുകയുള്ളൂ'' (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌). ഹിജ്‌റ പോകുമ്പോള്‍, ഞാന്‍ ഇന്ന സമയത്ത്‌ മദീനയിലേക്ക്‌ പുറപ്പെടും എന്ന്‌ പറയണമെന്നല്ല ഈ നബിവചനത്തിന്റെ താല്‌പര്യം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ റസൂലിനോടൊപ്പം ചെന്നുചേരുക എന്ന ഉദ്ദേശ്യത്തോടെ സ്വദേശം വിട്ട്‌ മദീനയിലേക്ക്‌ പോകുമ്പോഴേ അത്‌ സ്വീകാര്യമായ പുണ്യകര്‍മമാവുകയുള്ളൂ എന്നത്രെ പ്രസ്‌തുത വചനത്തില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെളിവ്‌ ``നോമ്പെടുക്കാന്‍ പ്രഭാതത്തിന്‌ മുമ്പായി തീരുമാനിക്കാത്തവന്‌ നോമ്പില്ല'' (ഇബ്‌നു ഉമര്‍ മുഖേന തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചത്‌) എന്ന നബിവചനമാണ്‌. പ്രത്യേക കാരണമൊന്നും ഇല്ലെങ്കില്‍ ഓരോ സത്യവിശ്വാസിയും റമദാനിലെ എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കണമെന്ന്‌ തീരുമാനമെടുത്തവനായിരിക്കും. നോമ്പ്‌ തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴുമെല്ലാം അടുത്തദിവസം നോമ്പെടുക്കണമെന്ന വിചാരം അവന്റെ മനസ്സിലുണ്ടായിരിക്കും. ഈ വിചാരം തന്നെയാണ്‌ ഉപര്യുക്ത ഹദീസിലെ പരാമര്‍ശവിഷയം. `ഈ കൊല്ലത്തെ റമദാന്‍ മാസത്തിലെ നോമ്പ്‌ നോറ്റുവീട്ടുന്നതിനായി അല്ലാഹുവിനുവേണ്ടി ഞാന്‍ നാളെ നോമ്പ്‌ നോല്‌ക്കാന്‍ കരുതിയിരിക്കുന്നു' എന്ന്‌ മലയാളത്തിലും അറബിയിലും മൊഴിയണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. അതിനാല്‍ നിയ്യത്ത്‌ ചൊല്ലല്‍ ഫര്‍ദോ സുന്നത്തോ അല്ല.
അല്ലാഹുവിന്റെ കല്‌പന മാനിച്ചുകൊണ്ടും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും വ്രതമനുഷ്‌ഠിക്കുന്നതിന്‌ പകരം, രോഗശമനം ലക്ഷ്യമാക്കിയോ മറ്റു ഭൗതിക കാരണങ്ങളാലോ ഒരാള്‍ ആഹാരപാനീയങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ അത്‌ ശരിയായ നിയ്യത്തില്ലാത്ത നോമ്പായിരിക്കുമെന്ന്‌ ആദ്യം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. അത്‌ അല്ലാഹുവിങ്കല്‍ പരിഗണനീയമായ പുണ്യകര്‍മമാവുകയില്ല.
ഒരു ദിവസം നബി(സ) എന്റെ അടുത്ത്‌ കടന്നുവന്നിട്ട്‌, നിങ്ങളുടെ പക്കല്‍ (ഭക്ഷിക്കാന്‍) വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചു. ഒന്നുമില്ലെന്ന്‌ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ``എങ്കില്‍ ഞാന്‍ നോമ്പെടുക്കുകയാണ്‌.'' മറ്റൊരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തുവന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ച്‌ `ഹൈസ്‌' (ഒരു മധുരപലഹാരം) പാരിതോഷികമായി കിട്ടിയിട്ടുണ്ടെന്ന്‌ ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ``അതെനിക്ക്‌ കാണിച്ചുതരൂ. ഞാന്‍ ഇന്ന്‌ വ്രതമനുഷ്‌ഠിച്ചിരിക്കുകയായിരുന്നു.'' തുടര്‍ന്ന്‌ അദ്ദേഹം അത്‌ കഴിച്ചു. ആഇശ(റ)യില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധമല്ലാത്ത നോമ്പ്‌ അനുഷ്‌ഠിക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ രാവിലെ തീരുമാനമെടുത്താലും മതിയെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍
ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണ്‌ ചെയ്യേണ്ടത്‌?
വി അബ്‌ദുല്‍വാഹിദ്‌ കുവൈത്ത്‌
ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

സ്വാര്‍ഥരാവുക

                     അതെ, സ്വാര്‍ഥരാവുക. സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌ നാം. വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും.

                     വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.
                    തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ``നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?''
                          

                   ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ -തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു!

                    നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.

                   മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...''
അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌.
                  

                 ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.''
                  നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.


                 ഉമര്‍(റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.
                പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.


               അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.


പ്രണയത്തെക്കാള്‍.........

 വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമെന്താണ്‌? പരസ്‌പരമുള്ള ഇഷ്‌ടമാണോ? ഇഷ്‌ടത്തിന്‌ പ്രാധാന്യമുണ്ട്‌. ഇഷ്‌ടത്തെക്കാള്‍ പ്രധാനമാണ്‌ അന്യോന്യമുള്ള മനസ്സിലാക്കല്‍. തമ്മില്‍ മനസ്സിലാക്കുന്നവര്‍ക്കിടയിലെ ഇഷ്‌ടവും പ്രണയവുമാണ്‌ ഏറ്റവും ആനന്ദകരമായിത്തീരുന്നത്‌. ചിലര്‍ ഇഷ്‌ടം കൊണ്ട്‌ ഇണയെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം; തമ്മിലൊന്നു കാണാതിരിക്കാന്‍ പോലുമാവാത്ത ആഴമേറിയ ഇഷ്‌ടം. പക്ഷേ, അങ്ങനെയുള്ളവര്‍ക്ക്‌ പലപ്പോഴും സ്വന്തം ഇണയെ മനസ്സിലാക്കുന്നിടത്ത്‌ വലിയ പരാജയം സംഭവിക്കുന്നു. അവര്‍ ചരിത്രത്തിലെ രണ്ടു വ്യക്തികളെ വീണ്ടും വീണ്ടും പഠിക്കേണ്ടതുണ്ട്‌. ഹാജിറാബീവിയും ഖദീജാ ബീവിയുമാണത്‌.

എന്താണ്‌ ഹാജിറിന്റെ പ്രത്യേകത?

എന്താണ്‌ ഖദീജയുടെ പ്രത്യേകത?

ചരിത്രത്തിന്റെ മുകളില്‍ തിളങ്ങി നില്‌ക്കുന്ന ഈ രണ്ടു വ്യക്തിത്വങ്ങള്‍ എങ്ങനെയാണ്‌ സവിശേഷതയുള്ളവരായത്‌?
കാരണം മറ്റൊന്നുമല്ല, ഇണയെ വേണ്ടുവോളം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ സാധിച്ചുവെന്നതു തന്നെ.

ആരായിരുന്നു ഹാജിര്‍?
സ്വന്തമായൊരു പേരുപോലുമില്ലാത്ത വെറുമൊരു അടിമ സ്‌ത്രീ. യജമാനന്‍ വിളിക്കുന്നതെന്തോ അതാണ്‌ അടിമയുടെ പേര്‌. യജമാനന്‍ നല്‌കുന്നതാണ്‌ അടിമയുടെ ഭക്ഷണം. സ്വന്തമായ തീരുമാനങ്ങളോ ഇഷ്‌ടാനിഷ്‌ടങ്ങളോ ഇല്ല.

                  മക്കയിലേക്ക്‌ ഹിജ്‌റ വന്നവളായതിനാല്‍ പേര്‌ `ഹാജിര്‍' എന്നായി. ഇസ്‌മാഈലിന്റെ ഉമ്മക്ക്‌ പേര്‌ ആവശ്യമില്ല. കാപ്പിരിക്കൂട്ടത്തില്‍ ജനിച്ചുവളര്‍ന്ന, അടിമക്കമ്പോളത്തില്‍ വില്‌പനച്ചരക്കായിരുന്ന വെറുമൊരു സ്‌ത്രീ, സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറത്തും എന്തുകൊണ്ടാണ്‌ നമ്മുടെ ഹൃദയത്തില്‍ അണയാത്ത ആവേശമായി ജ്വലിക്കുന്നത്‌?
ഇസ്‌മാഈല്‍ എന്ന പിഞ്ചോമനയെയും, ആദ്യപ്രസവത്തിന്റെ ആധിയും ക്ഷീണവും വിട്ടുമാറിയിട്ടില്ലാത്ത ആ ഉമ്മയെയും മക്കാ മരുഭൂവില്‍ തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിച്ചുപോരുന്നു.
ഒന്നിനും എതിരു പറയാതെ, സംശയത്തിന്റെ ഒരു നോട്ടം പോലും ബാക്കിയാക്കാതെ ഹാജിറ എല്ലാത്തിനും ഒപ്പം നില്‌ക്കുന്നു.

കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആ ഉമ്മ എത്ര കഷ്‌ടപ്പെട്ടിരിക്കും!
കുഞ്ഞ്‌ വളര്‍ന്നുതുടങ്ങുന്നു. 
അന്ന്‌ പോയ പിതാവ്‌ തിരിച്ചുവരുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം. `മതി, തിരിച്ചുപോകാം' എന്നു പറയാനല്ല.
`മതി, ഇനിയിവനെ ബലിയറുക്കണം' എന്നു പറയാന്‍!

ഹാജിറിന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയിട്ടുണ്ടാവും. ആ കണ്ണില്‍ കടലോളം കണ്ണീര്‍ കനത്തിരിക്കും. എന്നിട്ടും ഒരക്ഷരം പറഞ്ഞില്ല. `വേണോ?' എന്ന ചെറുചോദ്യം പോലും ഉയര്‍ത്തിയില്ല. കുഞ്ഞിനെ അണിയിച്ചൊരുക്കി പിതാവിന്റെ കൈയിലേല്‌പിക്കുന്നു. അതാണ്‌ ഹാജിര്‍.
ഇണയെ അറിയാം. ഇണയുടെ നിയോഗങ്ങളറിയാം. നിര്‍വഹിച്ചു തീര്‍ക്കാനുള്ള ബാധ്യതകളറിയാം. അങ്ങനെയാണ്‌ ആ ഭാര്യ ചരിത്രത്തിന്റെ ഔന്നത്യങ്ങളിലെത്തിയത്‌.

ഖദീജയോ?
ആരായിരുന്നു ഖദീജ? മക്കയിലെ രാജകുമാരിയായിരുന്നു. ഏറ്റവും സമ്പന്നയായ സ്‌ത്രീ. എന്നിട്ടോ?

                 പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി. കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ കുളിരായി. ശിഅബു അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച്‌ ഖദീജയുടെ സ്‌നേഹമുണ്ടായിരുന്നു. ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക്‌ കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ.

മനസ്സിലാക്കല്‍ തന്നെയാണ്‌ പ്രധാനം. 
നമ്മെ വേണ്ടുവോളം സ്‌നേഹിക്കുന്നവര്‍ വേറെയുമുണ്ടാകും. അക്കൂട്ടത്തിലൊരാളാവുന്നതിലല്ല, ആരെക്കാളുമേറെ നമ്മെ മനസ്സിലാക്കുന്നിടത്താണ്‌ ഇണയുടെ വിജയം. എത്ര ദൂരേക്കു പോയ്‌ മറയുമ്പോഴും, പുഞ്ചിരിച്ച്‌ യാത്രയാക്കാന്‍ അങ്ങനെയുള്ള ഇണകള്‍ക്കേ സാധിക്കൂ. ഓരോ വാക്കും നോക്കും സ്‌പര്‍ശവും ഇഷ്‌ടവും അനിഷ്‌ടവും മറ്റാരെക്കാളും അന്യോന്യം തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ വിവാഹ ജീവിതത്തിന്റെ സമ്പൂര്‍ണ സൗന്ദര്യം അനുഭവിക്കാം. ഇഷ്‌ടം പോലും ആരംഭിക്കേണ്ടത്‌ തമ്മിലുള്ള മനസ്സിലാക്കലില്‍ നിന്നാണ്‌. 
നോക്കൂ, ലഭിച്ച സ്‌നേഹമെല്ലാം ഖദീജക്ക്‌ തിരുനബി(സ) തിരിച്ചുനല്‍കി. ഖദീജയോടുള്ള സ്‌നേഹം ഹൃദയത്തില്‍ പതിഞ്ഞുവെന്ന്‌ തിരുനബി പലവട്ടം പറഞ്ഞു. ഖദീജക്ക്‌ മുമ്പ്‌ തിരുനബി ആരെയും പ്രണയിച്ചിട്ടില്ല. ഖദീജയുടെ ശേഷം ആ പ്രണയം മറ്റൊരാള്‍ക്കും നല്‌കിയതുമില്ല. ഉമ്മയില്ലാത്ത റസൂലിന്‌ ഉമ്മയുടെ വാത്സല്യവും പെങ്ങളില്ലാത്ത റസൂലിന്‌ പെങ്ങളുടെ അടുപ്പവും പ്രണയിനിയുടെ കുളിരും ഭാര്യയുടെ കാവലും ഉടപ്പിറപ്പിന്റെ വാത്സല്യവും എല്ലാം ഖദീജയാണ്‌ ചൊരിഞ്ഞത്‌. ഉന്നതനായ തിരുദൂതരുടെ പ്രണയം പിടിച്ചുപറ്റാന്‍ ഖദീജാബീവി ഒരു കാര്യം മാത്രമേ ചെയ്‌തിട്ടുള്ളൂ; തന്റെ പ്രിയതമനെ വേണ്ടുവോളം മനസ്സിലാക്കി!


   ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക്‌ ഇണയുടെ പിന്തുണ മറ്റാരെക്കാളും പ്രധാനമാണ്‌. മുഖം കറുപ്പിക്കാതെ ഭര്‍ത്താവിനെ യാത്രയാക്കാനും മുഖം കനപ്പിക്കാതെ കാത്തിരിക്കാനും അവര്‍ക്ക്‌ സാധിക്കണം. ഉന്നതമായൊരു ബാധ്യത നിറവേറ്റാനുള്ള പ്രയത്‌നത്തില്‍ ഭര്‍ത്താവിന്‌ കരുത്തും ആവേശവും പകരുന്ന ഭാര്യമാരാണ്‌ ഇസ്‌ലാമിക ദൗത്യത്തിന്റെ പിന്‍ബലം. പ്രിയതമനു വേണ്ടി പ്രാര്‍ഥിച്ചും പിന്‍തുണച്ചും വീട്ടില്‍ കഴിയുമ്പോഴും മഹത്തായൊരു പ്രസ്ഥാനത്തെയാണ്‌ അവര്‍ ശക്തിപ്പെടുത്തുന്നത്‌. 

              സമരസേനാനികളെ ദഫ്‌ മുട്ടിയും പാട്ടുപാടിയും ആവേശഭരിതരാക്കിയ സ്വഹാബി വനിതകളെപ്പോലെയാണവര്‍. ഹാജിറിന്റെയും ഖദീജയുടെയും മക്കളാണവര്‍.


2011 ജൂലൈ 2, ശനിയാഴ്‌ച

ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം പാലിക്കേണ്ട കടമകളും
കടപ്പാടുകളും ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്‌. സൂറത്തുല്‍ബഖറയിലെ 228-ാം വചനത്തില്‍ ഈ കാര്യം സൂചിപ്പിച്ചതായി കാണാം. നബി(സ) നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭാര്യമാരോടും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്മാരോടും ചില ബാധ്യതകളും അവകാശങ്ങളുമുണ്ടെന്ന്‌ വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (ഇബ്‌നുമാജ 1851)

ഇതില്‍ ഒന്നാമത്തേത്‌ അവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, താമസസ്ഥലം എന്നിവ മാന്യമായ നിലയില്‍ നല്‍കലാണ്‌. ഭാര്യക്ക്‌ താന്‍ എന്തൊക്കെയാണ്‌ കൊടുക്കേണ്ടതെന്ന്‌ ആരാഞ്ഞ ഒരു സ്വഹാബിയോട്‌ നബി(സ) പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നീ ഭക്ഷിക്കുന്നതുപോലെ അവള്‍ക്കും ഭക്ഷണം നല്‌കുക. നീ ധരിക്കും പോലെ അവള്‍ക്കും ആവശ്യമായ വസ്‌ത്രം നല്‌കുക. നീ അവളുടെ മുഖത്തടിക്കുകയോ അസഭ്യം വിളിക്കുകയോ അരുത്‌. അവളുമായി പിണങ്ങി വീടുമാറി താമസിക്കരുത്‌.'' (അഹ്‌മദ്‌ 4:447, 5:3)

രണ്ട്‌), അവളുമായി ലൈംഗിക ബന്ധം നടത്തല്‍. സൂറത്തുല്‍ ബഖറയിലെ 226-ാം വചനപ്രകാരം നാലു മാസത്തിലൊരിക്കലെങ്കിലും ഈ ബന്ധപ്പെടല്‍ വേണമെന്ന്‌ സൂചനയുണ്ട്‌. അതല്ലെങ്കില്‍ എല്ലാ ഓരോ ശുദ്ധികാലങ്ങളിലും. ലൈംഗികദാഹം തീര്‍ക്കല്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അനിവാര്യമായ തേട്ടമാണ്‌.

മൂന്ന്‌), ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ അവരിലെ ഒരുവളുമായി കൂടുതല്‍ ചായ്‌വ്‌ കാണിക്കുന്നത്‌ ശരിയല്ല. അത്‌ ശിക്ഷാര്‍ഹമാണ്‌. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെയുള്ള വിഹിതങ്ങള്‍ നല്‌കേണ്ടതുണ്ട്‌. അയാള്‍ അനീതി കാണിച്ചാല്‍ പരലോകത്ത്‌ ശരിയായ വിധം നടക്കാനാകാതെ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നടക്കേണ്ടി വരുന്ന ദുരവസ്ഥയാണുണ്ടാവുക. ഇത്‌ ഇത്തരക്കാരുടെ അടയാളമായിട്ടാണ്‌ നബി(സ) സൂചിപ്പിച്ചിട്ടുള്ളത്‌. (അഹ്‌മദ്‌ 2:347)

നാല്‌), ചെറുപ്പക്കാരിയായ ഒന്നാം വിവാഹിതയെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ ഏഴു ദിവസവും പ്രായമുള്ളവളും രണ്ടാം വിവാഹിതയുമായവളെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ മൂന്ന്‌ ദിവസവും കഴിച്ചുകൂട്ടുക ഭര്‍ത്താവിന്റെ കടമയാണ്‌. (ദാറഖുത്‌നി 3:203, മുസ്‌ലിം)

സൂറത്തുല്‍ ബഖറയിലെ 228-ാം വചനത്തില്‍ സൂചിപ്പിച്ചപോലെ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടും ചില കടമകളുണ്ട്‌. ഭാര്യയുടെ കടമകള്‍:

ഒന്ന്‌), ഭര്‍ത്താവിനെ നല്ല കാര്യങ്ങളില്‍ അനുസരിക്കുക. അഥവാ, അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്ക്‌ എതിരാകുന്ന ഒരു കാര്യത്തിലും അനുസരണമില്ല. അവള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിലും അനുസരിക്കണമെന്നില്ല. ഇതെല്ലാം ഇസ്‌ലാമിലെ പൊതുതത്വങ്ങളും കൂടിയാണ്‌. സൂറത്തുന്നിസാഇലെ 34-ാം വചനത്തില്‍ അവരുടെ അനുസരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

രണ്ട്‌), ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ ധനം, അഭിമാനം എന്നിവ സംരക്ഷിക്കുക. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടുവിട്ടു പോകാതിരിക്കുക

മൂന്ന്‌), ഭര്‍ത്താവിന്റെ കൂടെ യാത്രക്ക്‌ ആവശ്യപ്പെട്ടാല്‍ അത്‌ സ്വീകരിക്കുക. അയാളുടെ വൈകാരികശമനത്തിനായി വിളിച്ചാല്‍ ഉത്തരം നല്‍കുക. അല്ലാത്തപക്ഷം അവള്‍ക്കുണ്ടാകുന്ന ദുരവസ്ഥ ബുഖാരിയിലും (7:39) മുസ്‌ലിമിന്റെ നിക്കാഹിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്‌.

നാല്‌) സുന്നത്തായ നോമ്പ്‌ അനുഷ്‌ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം തേടുക. ഇത്‌ സംബന്ധമായി ബുഖാരി (7:39) റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.

അഞ്ച്‌), ഭാര്യ ഭര്‍ത്താവുമായി പിണങ്ങാതിരിക്കുക. ഒരു മുസ്‌ലിം മറ്റൊരാളുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങിക്കഴിയല്‍ സാധാരണഗതിയില്‍ തന്നെ ഇസ്‌ലാം വിലക്കിയ കാര്യമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിണക്കം സംഭവിച്ചാല്‍ നല്ലതായ ഉപദേശങ്ങള്‍ നല്‌കി ശരിപ്പെടുത്തണമെന്ന്‌ സൂറത്തുന്നിസാഇലെ 34,35 വചനങ്ങള്‍ വിശദമാക്കിയിട്ടുണ്ട്‌.

ആറ്‌), വൈകാരികമായ ആഗ്രഹം ജനിപ്പിക്കാനുതകുന്ന സ്‌പര്‍ശനങ്ങളും സംസാരങ്ങളും ഇസ്‌ലാമിക നിയമങ്ങളുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂട്ടില്‍ നിലനിര്‍ത്തുക. ബിസ്‌മി ചൊല്ലുക, പിശാചുബാധയില്‍ നിന്ന്‌ രക്ഷ തേടുക, ഗുഹ്യഭാഗത്തേക്ക്‌ എത്തിനോക്കാതിരിക്കുക, മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ സംഭോഗം ചെയ്യാതിരിക്കുക, പ്രകൃതിവിരുദ്ധ രതികളെല്ലാം ഒഴിവാക്കുക, അവളുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഭര്‍ത്താവ്‌ മാര്‍ഗം സ്വീകരിക്കുക, നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം സൂക്ഷിക്കപ്പെടേണ്ടതാണ്‌.

രാത്രി ഉറങ്ങുന്നതിനു മുമ്പായും, സംയോഗം ആവര്‍ത്തിക്കാനുദ്ദേശിക്കുമ്പോഴും, വലിയ അശുദ്ധിക്കാരന്‍ കുളിച്ചു വൃത്തിയാകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കാന്‍ കരുതുമ്പോഴും വുദ്വൂ എടുക്കല്‍ സുന്നത്താണ്‌. ഭാര്യക്ക്‌ മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ അവളുമായി സംയോഗമല്ലാത്ത മറ്റു ഇടപെടലുകള്‍ അനുവദിക്കപ്പെട്ടതാണ്‌.