ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2012 ജനുവരി 2, തിങ്കളാഴ്‌ച

പെണ്‍കുഞ്ഞ്‌ ഒരു സമ്മാനമാണ്‌

ഒരു പെണ്‍കുഞ്ഞിന്റെ ജീവിതം എന്തു രസമാണ്‌! കൊച്ചു കാര്യങ്ങള്‍ നിറഞ്ഞ ആചെറുഹൃദയത്തില്‍ സ്‌നേഹവും അലിവുമായിരിക്കും തുളുമ്പി നില്‍ക്കുന്നത്‌. കുഞ്ഞുസങ്കടങ്ങള്‍ പോലും അസഹ്യമായ ആ മനസ്സില്‍ വലിയ പിണക്കങ്ങള്‍ക്കു പോലും ചെറിയആയുസ്സേ ഉണ്ടാകൂ. കൂട്ടുകെട്ടിന്റെ ലോകത്തേക്ക്‌ വേഗം മാറിപ്പോകുന്നആണ്‍കുട്ടികളെപ്പോലെയല്ല പെണ്‍കുഞ്ഞുങ്ങള്‍. ഉമ്മയോടും ഉപ്പയോടും അടുപ്പം നിറഞ്ഞഇഷ്‌ടം ആ മനസ്സ്‌ എന്നും കരുതിവെക്കും. എത്ര മുതിര്‍ന്നാലും ആ കൊഞ്ചലും കൗതുകവുംതീരില്ല.
``എനിക്ക്‌ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. ഒരു പെണ്‍കുഞ്ഞ്‌ ഉണ്ടാകണമെന്ന്‌ ഒരുപാട്‌ആഗ്രഹിച്ചിട്ടുണ്ട്‌. ഇപ്പോഴും മനസ്സ്‌ നിറയെ അവളെയാണ്‌ കൊതിക്കുന്നതുംകാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍ കളിപ്രായമെത്തുമ്പോഴേക്ക്‌ നമ്മില്‍ നിന്നകലും. ഒന്നുലാളിക്കാനോ ഉമ്മ വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല.അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ തോളില്‍തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും...''
സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ്‌ പെണ്‍കുഞ്ഞിനെക്കുറിച്ച്‌ചിന്തിപ്പിച്ചത്‌. പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള ഇത്തയായും പ്രണയംനിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും സ്‌ത്രീത്വത്തിന്റെ സാന്ത്വനംനുകരുന്നവരാണ്‌ സര്‍വരും. കരുണാവാരിധിയായ അല്ലാഹു അവളിലൊളിപ്പിച്ചഹൃദയവികാരങ്ങള്‍, സര്‍വ മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരികൊണ്ട്‌ ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.
സ്‌ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്‌ലാം ആദരിച്ചിട്ടുണ്ട്‌. കുഴിച്ചുമൂടിയ പെണ്‍കുട്ടിയെഅനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണിത്‌. പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തിവേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ ``പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരുപളുങ്കാണ്‌'' എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയുംവിമോചകനാണ്‌.
അര്‍ഹതയും ബാധ്യതയും നല്‍കി ഇസ്‌ലാം സ്‌ത്രീയെ ഉയര്‍ത്തി. ജന്മമല്ല, കര്‍മമാണ്‌മഹത്വത്തിന്റെ അടിയാധാരമെന്ന്‌ വാഴ്‌ത്തി. അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്‍കി.അവരെ സാമൂഹിക ജീവിതത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവന്നു. പെണ്‍കുഞ്ഞിനെശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു: ``അവരിലൊരാള്‍ക്ക്‌ പെണ്‍കുട്ടിപിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി, അവന്റെ മുഖംകറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനുശേഷം ആരെയും അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച്‌ അതിനെ വളര്‍ത്താണോ അതോഅവളെ കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.'' (16:58,59)
നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്‌തു: ``ജീവനോടെകുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്‌, അവളെന്ത്‌ അപരാധത്തിന്റെ പേരിലാണ്‌വധിക്കപ്പെട്ടതെന്ന്‌ ചോദിക്കപ്പെടുമെന്ന്‌'' (81:8,9) താക്കീത്‌ നല്‍കുകയും ചെയ്‌തു.
സുഖാസ്വാദനങ്ങള്‍ക്ക്‌ അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി കാണുന്നു.തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ്‍ ശിശുഹത്യക്ക്‌ കുപ്രസിദ്ധമാണല്ലോ.പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട്‌ `കൊന്നു കളഞ്ഞിട്ട്‌ വാ' എന്നാണത്രെ ഭര്‍ത്താവിന്റെനിര്‍ദേശം. ഭ്രൂണഹത്യക്ക്‌ ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍മരണപ്പെട്ടിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്‌.
മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ്‌ പെണ്‍കുഞ്ഞ്‌ലഭിക്കുന്നതെന്ന്‌ തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു. അവളോടുള്ളപെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ ശ്രദ്ധയോടുംകരുതലോടെയുമാകണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. പ്രിയമകള്‍ ഫാതിമ(റ)യോടുംകൗമാരം വിട്ടുമാറും മുമ്പ്‌ പ്രവാചകജീവിതത്തിലേക്ക്‌ കടന്നുവന്ന ആഇശ(റ)യോടുമുള്ളതിരുനബിയുടെ ഇടപെടലുകളും അവരോട്‌ കാണിച്ച വാത്സല്യവും എക്കാലത്തെയുംമാതാപിതാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനമാണ്‌. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെസൂക്ഷ്‌മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ്‌ തിരുനബി ഇടപെട്ടത്‌.വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210 ഹദീസുകള്‍റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ ആഇശ(റ).
അവിടുന്ന്‌ ഉപദേശിക്കുന്നു: ``ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌). ``ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോസംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യംപുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്

2011 ഡിസംബർ 21, ബുധനാഴ്‌ച

പ്രിയമകനേ, സ്‌നേഹപൂര്‍വം.

ഇസ്‌ലാമിക ലോകത്തെ പ്രതിഭാവിസ്‌മയമായ അലിയ്യുബ്‌നു അബീത്വാലിബ്‌(റ), പുത്രന്‍ ഹസന്‍(റ)വിനെഴുതിയ കത്ത്‌, എക്കാലത്തെയും കൗമാരയൗവനങ്ങള്‍ക്കുള്ള താക്കീതും ഓര്‍മപ്പെടുത്തലുമാണ്‌:
``പ്രിയമകനേ! കാലത്തിന്റെ കറക്കം, ദുനിയാവിന്റെ വഞ്ചന, അടുത്തെത്തിക്കൊണ്ടിരിക്കുന്ന പരലോകം ഇവ എന്നെ സകലചിന്തകളില്‍ നിന്നും മുക്തനാക്കിയിരിക്കുന്നു. പരലോകത്ത്‌ പരാജയപ്പെടുമോ എന്ന പേടി എന്നെ അസ്വസ്ഥനാക്കുന്നു. അതിനാല്‍, പരലോകം വിജയപ്രദമാക്കാനുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയാണ്‌ ഞാനിപ്പോള്‍. നിനക്കായുള്ള എന്റെ ഈ അന്തിമവസ്വിയത്ത്‌ നീ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന്‌ ഞാനാശിക്കുന്നു. മോനേ, നീയെന്റെജീവനാണ്‌! ആത്മാവാണ്‌! നിനക്ക്‌ സംഭവിക്കുന്ന ഏത്‌ ആപത്തും നിന്നെ ബാധിക്കുന്നതിന്റെ മുമ്പ്‌ ഈ പിതാവിനെയാണ്‌ പിടികൂടുക.

മകനേ ഞാന്‍ നിന്നോട്‌ വസ്വിയത്ത്‌ ചെയ്യുന്നു, നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റെ ആജ്ഞ അനുസരിക്കുക. അവന്റെ ഖുര്‍ആന്‍ മുറുകെപിടിക്കുക. അതിനെക്കാള്‍ ശക്തമായ ഒരു പിടിവള്ളിയുമില്ല. പ്രിയമകനേ, മനസ്സിനെ സദുപദേശത്താല്‍ സജീവമാക്കുക. കഠിനാധ്വാനം ചെയ്യുക. ഈമാന്‍ ബലപ്പെടുത്തുക. വിജ്ഞാനം കൊണ്ട്‌ മനസ്സിനെ അലങ്കരിക്കുക. മരണചിന്തയാല്‍ അതിനെ കീഴ്‌പ്പെടുത്തുക. സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളെ മുന്നില്‍ കാണുക. കാലത്തിന്റെ കറക്കത്തില്‍ നശിച്ചുപോയവരെ പരിചയപ്പെടുക. അവരുടെ വാസകേന്ദ്രങ്ങള്‍ കണ്ട്‌ അവരുപേക്ഷിച്ച മണി മന്ദിരങ്ങളുടെ അവശിഷ്‌ടങ്ങള്‍ കാണുക. എന്നിട്ട്‌ മനസ്സിനോടിങ്ങനെ ചോദിക്കൂ: അവരെന്താണ്‌ ചെയ്‌തത്‌? എങ്ങോട്ടാണ്‌ അവര്‍ പോയത്‌? എവിടെയാണ്‌ സ്ഥിരതാമസമാക്കിയത്‌? ഇനിയുമവര്‍ മടങ്ങുമോ? വാസയോഗ്യമായതെല്ലാം നശിച്ചുപോയതായി നിനക്കപ്പോള്‍ മനസ്സിലാകും. നീയും ഒരു ദിവസം അങ്ങനെയായിത്തീരും. അതിനാല്‍ വിജയത്തിലെത്താന്‍ നിന്റെ സ്വഭാവം സംസ്‌കരിക്കുക. ദുനിയാവിന്‌ പകരമായി ആഖിറത്തിനെ വില്‍ക്കാതിരിക്കുക.
മകനേ, നീ നന്മയുടെ പ്രബോധകനാവുക. എങ്കില്‍ നീയും സച്ചരിതരുടെ പിന്‍ഗാമിയാകും. തിന്മയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുക. തിന്മയുടെ അരികിലേക്ക്‌ പോലും നീ പോകരുത്‌. അല്ലാഹുവിന്റെ മാര്‍ഗത്തെ ആക്ഷേപിക്കുന്നവരെ നീ ഭയപ്പെടാതിരിക്കുക. സത്യമാര്‍ഗത്തില്‍ വിഷമങ്ങള്‍ സഹിക്കാന്‍ സന്നദ്ധനാകുക. ആ ക്ഷീണവും വിയര്‍പ്പും നിനക്ക്‌ ശക്തിപകരും. ആര്‍ക്കും പിന്നീട്‌ നിന്നെ അതിജയിക്കാനാവില്ല. നിന്നെക്കുറിച്ച്‌ ഞാന്‍ സന്തുഷ്‌ടനാവണമെങ്കില്‍ നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റ ആജ്ഞകളെല്ലാം അനുസരിക്കുക. നല്ലവരോടൊപ്പം സഞ്ചരിക്കുക.
പ്രിയമകനേ, ആരുടെ കയ്യിലാണോ മരണം, അവന്റെ കയ്യില്‍ തന്നെയാണ്‌ ജീവിതവുമെന്നും നന്നായി മനസ്സിലാക്കുക. ജീവന്‍ നല്‍കുന്നവന്‍ തന്നെയാണ്‌ അത്‌ ഒടുക്കുന്നവനും. പ്രയാസങ്ങള്‍ തരുന്നവന്‍ തന്നെയാണ്‌ അതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നവനും. അതിനാല്‍ മരണവും ജീവിതവും അവന്‌ സമര്‍പ്പിക്കുക. പ്രപഞ്ചത്തിന്റെ ചലനങ്ങളെല്ലാം അല്ലാഹുവിന്‌ വിധേയമാണെന്ന്‌ ഉറച്ചുവിശ്വസിക്കുക. നിനക്കറിയാത്തതിനെ നിഷേധിക്കരുത്‌. നിന്റെ ബുദ്ധിയുടെ പോരായ്‌മയെ ഏറ്റവും നന്നായി തിരിച്ചറിയേണ്ടത്‌ നീയാണ്‌. ഒന്നുമറിയാത്തവനായാണ്‌ നീ വന്നത്‌. പിന്നെ നീ വിജ്ഞാനം നേടി. ഇനിയും എന്തെല്ലാം അറിയേണ്ടവനാണു നീ!
പ്രിയമകനേ, അല്ലാഹുവിനെക്കുറിച്ച്‌ തിരുനബി(സ) പഠിപ്പിച്ച പോലെ വേറെയാരും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ അവിടുത്തെ മാര്‍ഗദര്‍ശനങ്ങളെല്ലാം നീ അറിയുക. ആ വഴിയില്‍ നീയും നടക്കുക. എങ്കില്‍ പരലോകവിജയം നിനക്കുള്ളതാണ്‌. തീര്‍ച്ചയായും മരണം വരാനുണ്ട്‌. ഉണങ്ങിവരണ്ട ഭൂമിയില്‍ നിന്ന്‌ ഹരിതാഭയാര്‍ന്ന ലോകത്തേക്ക്‌ യാത്ര തിരിച്ചവരാണ്‌ മനുഷ്യര്‍. വഴിമധ്യേയുള്ള വിഷമങ്ങള്‍ സഹിക്കേണ്ടവര്‍. പട്ടിണിയും ദാഹവും അനുഭവിക്കേണ്ടവര്‍. വേര്‍പാട്‌ അനുഭവിക്കേണ്ടവര്‍. ഉറ്റവരെ നഷ്‌ടപ്പെടേണ്ടവര്‍. യഥാര്‍ഥ ജ്ഞാനികള്‍ ഒന്നിലും തകരില്ല. വിഷമങ്ങളെല്ലാം പാഠങ്ങളായി സ്വീകരിക്കുന്നവര്‍. ചെലവഴിക്കുന്നതില്‍ നിന്ന്‌ മുഖം തിരിക്കാത്തവര്‍. ഓരോ കാല്‍വെപ്പും പ്രതീക്ഷയോടെയാക്കുന്നവര്‍. എന്നാല്‍ ദുനിയാവിനോട്‌ ഒട്ടിപ്പിടിച്ചവര്‍ക്ക്‌ വേര്‍പാട്‌ അസഹ്യമായിരിക്കും. ഓരോ അനുഭവവും അവര്‍ക്ക്‌ ഭയമാണ്‌. കണ്ണീരു താങ്ങാനാവാത്തവര്‍. ഭയത്താല്‍ അവര്‍ അട്ടഹസിച്ചുപോകും. ദുന്‍യാവിനെ വലുതായി കാണുന്നവര്‍ക്ക്‌ സങ്കടങ്ങളെല്ലാം വലുതായിരിക്കും.
പ്രിയമകനേ, നിനക്ക്‌ മുമ്പില്‍ ഭയങ്കരമായ ഒരു കിടങ്ങുണ്ട്‌. ആരോഗ്യവാനായ മനുഷ്യന്‍ അത്‌ വേഗം തരണം ചെയ്യുന്നു. ക്ഷീണിതനായ മനുഷ്യന്റെ കാലുകള്‍ കുടുങ്ങിപ്പോകുന്നു. നിനക്ക്‌ ഈ കിടങ്ങ്‌ തരണം ചെയ്യേണ്ടതുണ്ട്‌. അപ്പുറത്ത്‌ നരകമോ സ്വര്‍ഗമോ ആണ്‌. മരണത്തിനു ശേഷം ദുഖിക്കാതിരിക്കാന്‍ നല്ല സങ്കേതം ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുക. മോനേ, നീ ദുനിയാവിനു വേണ്ടിയല്ല, ആഖിറത്തിനു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനാണ്‌. നീ ഇപ്പോഴുള്ളത്‌ അസ്ഥിരമായ ലോകത്താണ്‌. പരലോക വിജയത്തിന്‌ തയ്യാറാവാനുള്ള സ്ഥലമാണിത്‌. ഇത്‌ മാത്രമാണ്‌ നിനക്കുള്ള അവസരം. മരണം നിന്റെ തൊട്ടു പിറകിലുണ്ട്‌. എത്ര ഓടിയാലും നിനക്ക്‌ രക്ഷപ്പെടാനാവില്ല. ഒരുനാള്‍ മരണം നിന്നെ വാരിയെടുക്കുക തന്നെ ചെയ്യും. അതിനാല്‍ ശ്രദ്ധയോടെ ജീവിക്കുക. പശ്ചാത്തപിക്കാനുള്ള ഒരവസരം പോലും നീ കൈവെടിയരുത്‌

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമുണ്ടോ?

സത്യവിശ്വാസി ഏതൊരു സല്‍ക്കര്‍മം ചെയ്യുമ്പോഴും അല്ലാഹുവിന്നുവേണ്ടിയാണ്‌ അത്‌ ചെയ്യുന്നതെന്ന വിചാരം ഉണ്ടായിരിക്കണം. മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഭൗതിക താല്‌പര്യങ്ങള്‍ ലക്ഷ്യമാക്കിയോ ആണ്‌ പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അവ നിയ്യത്തില്ലാത്ത കര്‍മങ്ങളായിരിക്കും. ഇതുസംബന്ധിച്ച അടിസ്ഥാന പ്രമാണം ഖലീഫ ഉമര്‍(റ) ഉദ്ധരിച്ച ഒരു നബിവചനമാണ്‌.
``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്ക്‌ അനുസൃതമായിട്ട്‌ മാത്രമായിരിക്കും. ഏതൊരു മനുഷ്യന്നും ലഭിക്കുന്നത്‌ അയാള്‍ ഉദ്ദേശിച്ചത്‌ മാത്രമായിരിക്കും. വല്ലവനും ഹിജ്‌റ(പലായനം) ചെയ്യുന്നത്‌ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയാകുന്നു. വല്ലവന്റെയും ഹിജ്‌റ ഭൗതിക നേട്ടം കരസ്ഥമാക്കുന്നതിനുവേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹംകഴിക്കുന്നതിനുവേണ്ടിയോ ആണെങ്കില്‍ അവന്‍ എന്ത്‌ ഉദ്ദേശിച്ച്‌ ഹിജ്‌റ ചെയ്‌തുവോ അതിന്‌ മാത്രമേ അവന്റെ ഹിജ്‌റ ഉതകുകയുള്ളൂ'' (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌). ഹിജ്‌റ പോകുമ്പോള്‍, ഞാന്‍ ഇന്ന സമയത്ത്‌ മദീനയിലേക്ക്‌ പുറപ്പെടും എന്ന്‌ പറയണമെന്നല്ല ഈ നബിവചനത്തിന്റെ താല്‌പര്യം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ റസൂലിനോടൊപ്പം ചെന്നുചേരുക എന്ന ഉദ്ദേശ്യത്തോടെ സ്വദേശം വിട്ട്‌ മദീനയിലേക്ക്‌ പോകുമ്പോഴേ അത്‌ സ്വീകാര്യമായ പുണ്യകര്‍മമാവുകയുള്ളൂ എന്നത്രെ പ്രസ്‌തുത വചനത്തില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെളിവ്‌ ``നോമ്പെടുക്കാന്‍ പ്രഭാതത്തിന്‌ മുമ്പായി തീരുമാനിക്കാത്തവന്‌ നോമ്പില്ല'' (ഇബ്‌നു ഉമര്‍ മുഖേന തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചത്‌) എന്ന നബിവചനമാണ്‌. പ്രത്യേക കാരണമൊന്നും ഇല്ലെങ്കില്‍ ഓരോ സത്യവിശ്വാസിയും റമദാനിലെ എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കണമെന്ന്‌ തീരുമാനമെടുത്തവനായിരിക്കും. നോമ്പ്‌ തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴുമെല്ലാം അടുത്തദിവസം നോമ്പെടുക്കണമെന്ന വിചാരം അവന്റെ മനസ്സിലുണ്ടായിരിക്കും. ഈ വിചാരം തന്നെയാണ്‌ ഉപര്യുക്ത ഹദീസിലെ പരാമര്‍ശവിഷയം. `ഈ കൊല്ലത്തെ റമദാന്‍ മാസത്തിലെ നോമ്പ്‌ നോറ്റുവീട്ടുന്നതിനായി അല്ലാഹുവിനുവേണ്ടി ഞാന്‍ നാളെ നോമ്പ്‌ നോല്‌ക്കാന്‍ കരുതിയിരിക്കുന്നു' എന്ന്‌ മലയാളത്തിലും അറബിയിലും മൊഴിയണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. അതിനാല്‍ നിയ്യത്ത്‌ ചൊല്ലല്‍ ഫര്‍ദോ സുന്നത്തോ അല്ല.
അല്ലാഹുവിന്റെ കല്‌പന മാനിച്ചുകൊണ്ടും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും വ്രതമനുഷ്‌ഠിക്കുന്നതിന്‌ പകരം, രോഗശമനം ലക്ഷ്യമാക്കിയോ മറ്റു ഭൗതിക കാരണങ്ങളാലോ ഒരാള്‍ ആഹാരപാനീയങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ അത്‌ ശരിയായ നിയ്യത്തില്ലാത്ത നോമ്പായിരിക്കുമെന്ന്‌ ആദ്യം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. അത്‌ അല്ലാഹുവിങ്കല്‍ പരിഗണനീയമായ പുണ്യകര്‍മമാവുകയില്ല.
ഒരു ദിവസം നബി(സ) എന്റെ അടുത്ത്‌ കടന്നുവന്നിട്ട്‌, നിങ്ങളുടെ പക്കല്‍ (ഭക്ഷിക്കാന്‍) വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചു. ഒന്നുമില്ലെന്ന്‌ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ``എങ്കില്‍ ഞാന്‍ നോമ്പെടുക്കുകയാണ്‌.'' മറ്റൊരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തുവന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ച്‌ `ഹൈസ്‌' (ഒരു മധുരപലഹാരം) പാരിതോഷികമായി കിട്ടിയിട്ടുണ്ടെന്ന്‌ ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ``അതെനിക്ക്‌ കാണിച്ചുതരൂ. ഞാന്‍ ഇന്ന്‌ വ്രതമനുഷ്‌ഠിച്ചിരിക്കുകയായിരുന്നു.'' തുടര്‍ന്ന്‌ അദ്ദേഹം അത്‌ കഴിച്ചു. ആഇശ(റ)യില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധമല്ലാത്ത നോമ്പ്‌ അനുഷ്‌ഠിക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ രാവിലെ തീരുമാനമെടുത്താലും മതിയെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍
ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണ്‌ ചെയ്യേണ്ടത്‌?
വി അബ്‌ദുല്‍വാഹിദ്‌ കുവൈത്ത്‌
ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.