ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011 ജനുവരി 2, ഞായറാഴ്‌ച

നരകം വിലക്കുവാങ്ങുന്ന മുസ്ലിം സ്ത്രീ

നിങ്ങള്‍ മുസ്ലിം സ്ത്രീയല്ലേ? മരണമുണ്ടാകുമെന്നും, മരണത്തിന് ശേഷം രക്ഷാശിക്ഷകളുടെ വിധി നിര്‍ണ്ണയങ്ങള്‍ വരാനുണ്ടെന്ന് വിശ്വസിക്കുന്നവരല്ലേ? അല്ലാഹുവിന്‍റെ സ്വര്‍ഗത്തില്‍ ആകണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? അതോ കത്തിയെരിയുന്ന നരകത്തിന്‍റെ വിറകു കൊള്ളിയാവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? മുസ്ലിം സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കുന്ന നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ പടച്ചവന്‍റെ നിയമം നിങ്ങള്‍ അനുസരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ പിശാചിനെ അനുസരിക്കുകയല്ലേ ചെയ്യുന്നത്? നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് നോക്കു. ഇസ്ലാമിക വസ്ത്രമാണോ സഹോദരി നിങ്ങള്‍ ധരിച്ചിരിക്കുന്നത്‌?
അല്ലാഹു പറയുന്നു “സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ ‍മാറിലൂടെ താഴ്ത്തിയിടട്ടെ(24.31) മുഖവും മുന്‍കൈയും ഒഴിച്ച് മറ്റ് അവയവങ്ങളെല്ലാം മുസ്ലിം സ്ത്രീകള്‍ മറയ്ക്കട്ടെ എന്നാണ് നബി (സ)യും പഠിപ്പിക്കുന്നത്‌. മുഖമക്കനകള്‍ പിരടിയില്‍ ചുറ്റിക്കെട്ടാനുള്ളതല്ല. മാറിലൂടെ താഴ്ത്തി ഇടേണ്ടതാണ് എന്നല്ലേ അല്ലാഹു പഠിപ്പിക്കുന്നത്‌. ആഭരണ ഭ്രമമോ അല്ലെങ്കില്‍ ഫാഷന്‍ ഭ്രമം കാരണം ഇസ്ലാമിക വസ്ത്രധാരണം ഈ കാലഘട്ടത്തില്‍ അതൊന്നും നടപ്പില്ല എന്ന ചിന്തയാണോ ഹറാമായ വസ്ത്ര ധാരണത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്?സഹോദരി, അല്ലാഹുവിനെ വെല്ലുവിളിച്ച് നിങ്ങള്‍‍ക്ക് രക്ഷപ്പെടാനാകുമോ? ഈ സന്ദേശം വായിച്ച് കഴിയുന്നതിന്നു മുമ്പ് നിങ്ങളുടെ മയ്യിത്ത്‌ പൊതിയാന്‍ തുണിവങ്ങേണ്ടി വരില്ലെന്നാരറിഞ്ഞു …..!!
സഹോദരീ, നിങ്ങളുടെ സൗന്ദര്യം അല്ലാഹുവിന്‍റെ ദാനവും അനുഗ്രഹവുമാണ്. അത് അന്യരുടെ മുമ്പില്‍ പ്രദ൪ശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭ൪ത്താവിനുള്ളതാണ്. “കുളിച്ച് വൃത്തിയുള്ള വസ്ത്രം മോടിയില്‍ അണിഞ്ഞ് നറുമണം പൂശി എന്നും ഭര്‍ത്താവിന്‍റെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുടുംബിനിയെ ആണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് “. സഹോദരി വായിനോക്കികള്‍ക്കും പൂവാലന്‍മാര്‍ക്കും എന്തിന് നിങ്ങളുടെ സൗന്ദര്യം കാട്ടിക്കൊടുക്കണം. അടുക്കളയിലെ സ്റ്റൌവ് പൊട്ടിത്തെറിച്ചാല്‍, തീയൊന്നാളിയാല്‍ തീര്‍ന്നില്ലേ സൗന്ദര്യം!അത് പുറത്തു കാണിച്ച് പരലോകം നഷ്ട്ടപ്പെടുത്തണോ? സഹോദരീ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ആക൪ഷണീയമല്ലാത്ത വസ്ത്രമണിയുകയും ഭര്‍ത്താവിന്‍റെ മുമ്പില്‍ മുഴുവന്‍ വശ്യതയും പ്രകടമാക്കി നില്‍‍ക്കുന്നവരുടെ ഉള്ളം സന്തോഷം നിറഞ്ഞതായിരിക്കും.
അല്ലാഹു പറയുന്നു”പ്രവാചകരെ, സത്യവിശ്വാസികളായ സ്ത്രീകളോട് പറയുക അവ൪ അവരുടെ കണ്ണുകള്‍ അന്യപുരുഷന്മാരില്‍ നിന്ന് താഴ്ത്തി അവരുടെ ഭംഗി പുറത്ത് കാണിക്കാതിരിക്കുകയും ചെയ്യട്ടെ. സ്വയം വെളിവാകുന്ന മുഖവും മുന്‍കൈയും വെളിവായത് ഒഴികെ.
സഹോദരീ, ഇന്ന് നിങ്ങള്‍ പുറത്തു കാണിക്കുന്ന കൈയ്യും ,വയറിന്‍റെ ഭാഗവും കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടിപ്പൊതിഞ്ഞിറക്കി വെക്കാനുള്ളതാണ്. മറ്റന്നാള്‍ നീര് വന്നു വീ൪ത്ത് പൊട്ടിയൊഴുകി, നാലാംനാള്‍ മണ്ണോട് ചേരാന്‍ഉള്ളതാണ് ഓ൪ക്കുക. അപ്പോഴേക്കും നിങ്ങളെ നോക്കി നടന്നവ൪ നിങ്ങളെ മറന്നിട്ടുണ്ടാകും. നിങ്ങളോ അവ൪ക്ക് വേണ്ടി ഒരുങ്ങിയതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കാനും തുടങ്ങിയിരിക്കും .
സഹോദരീ ,അല്ലാഹുവിന്‍റെ വചനങ്ങള്‍ ശ്രദ്ധിക്കുക. (നബി:)താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും, സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക അവ൪ തങ്ങളുടെ മേല്‍വസ്ത്രം ശരീരത്തില്‍ താഴ്തിയിടണമെന്ന്, അവ൪ തിരിച്ചറിയപ്പെടുന്നതിനു വേണ്ടിയാണത്രെ അത്. അപ്പോള്‍ അവ൪ക്ക് യാതൊരു ശല്യവും ഉണ്ടാകുന്നതല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.( 33 . 59)
സഹോദരീ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശാപം എല്ക്കണോ? വൃദ്ധയാകുമ്പോള്‍ മാത്രം ചുക്കിചുളിഞ്ഞു ആ൪ക്കും വേണ്ടാത്ത ശരീരം പ൪ദ്ദയില്‍ പൊതിഞ്ഞു നടന്നാല്‍ മതിയെന്നാണോ തീരുമാനം?പശ്ചാത്താപവും പ൪ദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാല്‍ ആ നാളെ നിങ്ങള്‍ ഉണ്ടായികൊള്ളണമെന്നില്ല .
സഹോദരീ, വരുന്ന യുവതലമുറക്കും ലക്കും ലഗാനുമില്ലാതെ ഓടുന്നതിനിടയില്‍ ഫ്രീയായി കാണുന്ന ഒന്നാണ് സ്ത്രീ സൗന്ദര്യം. സംസ്കാരം പണയപ്പെടുത്തും വിധമുള്ള ഉടയാടകളും കണ്ണിന്‍റെ വെട്ടി നിരത്തുന്ന നോട്ടങ്ങളും മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന മോഡേണ്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്ന് സഹോദരീ ഇന്ന് തന്നെ പിന്മാറിക്കൂടെ ?
നബി(സ)പറയുന്നു” വസ്ത്രം ധരിക്കുകയും എന്നാല്‍ ഇസ്ലാമിന്‍റെ വീക്ഷണത്തില്‍ പൂ൪‍ണ്ണത വരാതിരിക്കുകയും അങ്ങുമിങ്ങും ചായുന്ന ഒട്ടകത്തിന്‍റെ പൂന്നപോലെ ചാഞ്ചാടി നടക്കുകയും അന്യ പുരുഷന്മാരെ ആക൪ഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ സുഗന്ധം പൊലും ആസ്വദിക്കുകയില്ല”(മുസ്ലിം)
സഹോദരീ, ലജ്ജ നഷ്ട്ടപ്പെട്ടു പോകുന്നതില്‍ വസ്ത്ര ധാരണതിന്നു വലിയൊരു പങ്കുണ്ട്. ലജ്ജ നഷ്ട്ടപ്പെട്ടാല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വലിച്ചിട്ടു നൂറുമേനി കൊയ്തെടുക്കുകയും ചെയ്യും ആയിരങ്ങള്‍ മുടക്കി വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഇനിയെങ്കിലും അത് ഇസ്ലാമിക വസ്ത്രമായിക്കൂടെ? ഇനിയെങ്കിലും നേരിയതും ശരീര വടിവുകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൂടെ?
താടിയുള്ളവരേയും പ്രായമായവരെയും, മൗലവിമാരെയും കാണുമ്പോള്‍ ധൃതിപ്പെട്ടു നിങ്ങള്‍ തലമറക്കാന്‍ വെമ്പല്‍ കൊള്ളുന്നു. അതിനേക്കാള്‍ ആക൪ഷകമായ ഭാഗങ്ങള്‍ പ്രദ൪ശിപ്പിച്ചുകൊണ്ട്‌ എന്തെ സഹോദരീ നിങ്ങള്‍ അല്ലാഹുവിനെക്കാളും അവരെയാണോ ഭയപ്പെടുന്നത്?എന്തുകൊണ്ട് പടച്ചവനെ പേടിക്കുന്നില്ലേ ?
ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങള്‍ പടച്ചവനെ ധിക്കരിച്ച് വസ്ത്രം ധരിക്കുന്നത്?ഭ൪ത്താവ് പറഞ്ഞിട്ടാണോ ,
അതോ ദൈവ നിഷേധികളുടെയും ബഹുദൈവ വിശ്വാസികളുടെയും, കൂട്ടുകാരികളുടേയും പരിഹാസം? അല്ലെങ്കില്‍ രക്ഷിതാക്കളുടെ സഹോദരന്‍മാരുടെ ശ്രദ്ധക്കുറവോ ഫാഷന്‍ ഭ്രമമോ? എങ്കില്‍ സഹോദരീ ഓ൪ക്കുക പരലോകത്ത് പടച്ചവന്‍റെ മുമ്പില്‍ നിങ്ങള്‍ ഒറ്റയ്ക്കാണ് ചെല്ലേണ്ടി വരിക. അവിടെ നിങ്ങളെ രക്ഷിക്കാന്‍ ഭ൪ ത്താവിനോ, രക്ഷിതാക്കള്‍ക്കോ കൂടുകാരിക്കോ കഴിയില്ല. സഹോദരീ ചിന്തിക്കുക, ഇന്ന് നിങ്ങള്‍ പ്രദ൪ശിപ്പിക്കുന്ന ശരീര ഭാഗങ്ങള്‍ നിങ്ങള്‍ നിങ്ങളെ നരകത്തിലെത്തിക്കും. തീകൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു അവിടെ കഴിയേണ്ടി വരും. നിങ്ങളുടെ സല്‍ക൪മ്മം പാഴായിപ്പോകും. മരിച്ചു ചെല്ലുന്നത് മണ്ണിലേക്കാണല്ലോ, മണ്ണിനു എല്ലാ സൗന്ദര്യം ഒരുപോലെയാകുന്നു.
സഹോദരീ, തല്‍ക്കാലം ഇവിടെ നി൪‍ത്തുന്നു. കഴിഞകാലത്തെ ജീവിതത്തെ പുന൪വിചിന്തനം നടത്തുക ഇത് വായിച്ചിട്ടെന്തു ചെയ്തുവെന്ന് അവന്‍ ചോദിച്ചാല്‍ നല്ല നിലക്ക് മറുപടി പറയാന്‍ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക. ഈ യാഥാ൪ത്ഥ്യങ്ങള്‍ എല്ലാ സഹോദരിമാരിലും പ്രചരിപ്പിക്കുകയും നന്മ കരസ്ഥമാക്കുകയും ചെയ്യുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.(ആമീന്‍)

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ജുമുഅ നമസ്‌കാരം

ജുമുഅ നമസ്‌കാരം  ആണ്‌. മതനിയമങ്ങളില്‍ അംഗീകരിച്ചിട്ടുള്ള കാരണങ്ങള്‍ ഇല്ലാത്തവരും ഒരു നാട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രരായ എല്ലാ ഓരോരുത്തരും ജുമുഅയില്‍ പങ്കെടുക്കണം. ഒരു പ്രദേശത്ത്‌ ജുമുഅ നിര്‍വഹിക്കാന്‍ വേണ്ട വിശ്വാസികളുടെ എണ്ണം എത്രയാണെന്ന്‌ കൃത്യമായി ഇസ്‌ലാമികാധ്യാപനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. അതിനാല്‍ ഒരു ജമാഅത്തു നമസ്‌കാരത്തിനുള്ള എണ്ണം തന്നെ ഇതിനും മതിയാകും. ജുമുഅ സാധൂകരിക്കാന്‍ നാല്‌പതു പേര്‍ വേണമെന്ന ഒരഭിപ്രായമുണ്ട്‌. നബി(സ) ആദ്യമായി ജുമുഅ നിര്‍വഹിച്ചപ്പോള്‍ അതില്‍ നാല്‌പതോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നതാകാം ഇങ്ങനെ അഭിപ്രായമുന്നയിക്കാന്‍ കാരണം. എന്നാല്‍ നബി(സ) ജുമുഅ ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കച്ചവടസംഘം വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരില്‍ നിന്നും ഏതാനും ആളുകള്‍ അങ്ങോട്ട്‌ പോയി എന്നും അവിടെ ശേഷിച്ചത്‌ പന്ത്രണ്ടു പേര്‍ മാത്രമായിരുന്നുവെന്നും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്‌ത ഹദീസില്‍ കാണാം.
പ്രസ്‌തുത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ സൂറത്തുല്‍ ജുമുഅയുടെ അവസാന സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
ജുമുഅ നമസ്‌കാരം പട്ടണം, ഗ്രാമം, പള്ളി, ബില്‍ഡിംഗുകള്‍, വിശാലമായ മൈതാനം എന്നിവിടങ്ങളില്‍ വെച്ചെല്ലാം നിര്‍വഹിക്കാം. ജുമുഅ നമസ്‌കാരത്തിനു മുമ്പായി രണ്ടു ഖുത്വ്‌ബയും നിര്‍വഹിക്കണം. ഖത്വീബ്‌ പ്രസംഗ പീഠത്തില്‍ കയറിയ ശേഷം സദസ്യര്‍ക്ക്‌ സലാം ചൊല്ലി ഇരുന്നാലാണ്‌ ബാങ്കു വിളിക്കേണ്ടത്‌. ഇതാണ്‌ നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃക. എന്നാല്‍ നേരത്തെ മറ്റൊരു ബാങ്കും കൂടി ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്‌. അത്‌ മതപരമായി ഹറാമാണെന്ന്‌ പറയാവതല്ലെന്നാണ്‌ പണ്ഡിത വീക്ഷണം. ജുമുഅ രണ്ട്‌ റക്‌അത്തും മറ്റു ദിവസങ്ങളില്‍ ദ്വുഹര്‍ നാലു റക്‌അത്തും എന്ന നിലയില്‍ തന്നെ നിയമമാക്കപ്പെട്ടതാണത്‌. ഖുത്വ്‌ബയുടെ ലക്ഷ്യം ബോധവല്‌കരണമാണ്‌. അതിനാല്‍ ഈ ഉദ്‌ബോധന ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെടണമെങ്കില്‍ സമാജികരുടെ ഭാഷയില്‍ തന്നെയാവണം അത്‌.
നബി(സ)യുടെ മുന്നിലുണ്ടായിരുന്ന അവിടുത്തെ സ്വഹാബിമാര്‍ അറബിഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നുവല്ലോ. ആയതിനാലാണ്‌ ഖുത്വ്‌ബയുടെ ഉദ്ദിഷ്‌ട ലക്ഷ്യം ഉപദേശമാണെന്നും അതിലെ ഹംദ്‌, സ്വലാത്ത്‌, ഖുര്‍ആന്‍ പാരായണം. പ്രാര്‍ഥന മുതലായ അവിഭാജ്യ ഘടകങ്ങളല്ലാത്ത ഭാഗങ്ങള്‍ അറബി ഭാഷയല്ലാത്ത ഭാഷകളിലാകാമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ഖുത്വ്‌ബയുടെ ആശയം സാമാജികര്‍ ഉള്‍ക്കൊള്ളത്തക്കതാവുക എന്നതാണതിലെ `ഇത്തിബാഅ്‌'. (നബിയെ പിന്‍പറ്റല്‍) ഖുത്വ്‌ബ ഏതു ഭാഷയിലായാലും അര്‍ഥം, സാരം, ഗഹനത, ഗ്രാഹ്യത, അവധാനത, ആശയസ്‌ഫുടത എന്നതെല്ലാം ഉള്‍ക്കൊണ്ടതായിരിക്കണം. ഖുത്വ്‌ബ നീണ്ടുപോകാതെ ചുരുക്കാനും നമസ്‌കാരം വളരെ ചുരുങ്ങിയതാകാതിരിക്കാനും സൂക്ഷിക്കേണ്ടതാണ്‌. രണ്ടു ഖുത്വ്‌ബകള്‍ക്കിടയില്‍ ചെറിയ ഒരു ഇരുത്തം നബിചര്യയാണ്‌. ഖുതുബയുടെ മുമ്പോ മിന്‍ബറിന്റെ താഴെ നിന്നുള്ള മറ്റൊരു പ്രസംഗം മതപരമായി നിശ്ചയിക്കപ്പെട്ടതല്ല.

ജുമുഅ നമസ്‌കാരത്തിനു മുമ്പായി `തഹിയ്യത്ത്‌' നമസ്‌കാരമല്ലാത്ത മറ്റു സുന്നത്തുകളൊന്നുമില്ല. ശേഷം രണ്ടോ നാലോ നമസ്‌കരിക്കണം. നാലാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ അതിലെ രണ്ട്‌ റക്‌അത്ത്‌ വീട്ടില്‍ വെച്ചായിരുന്നു പ്രവാചകന്‍(സ) നിര്‍വഹിച്ചിരുന്നത്‌. ജുമുഅക്കായി കുളിച്ചു വൃത്തിയായി നല്ല വസ്‌ത്രം ധരിച്ച്‌ നേരത്തെ പോകല്‍ സുന്നത്താണ്‌. ഇതിന്നായി നിശ്ചയിച്ച്‌ സമയത്ത്‌ വ്യാപാരങ്ങളും ക്രയവിക്രയങ്ങളും പാടില്ലാത്തതുമാണ്‌. ജുമുഅ നമസ്‌കാരത്തിലെ ഒരു റക്‌അത്ത്‌ ഇമാമിന്റെ കൂടെ ഒരാള്‍ക്ക്‌ കിട്ടിയാല്‍ അയാള്‍ ബാക്കി ഒരു റക്‌അത്തും കൂടി നിര്‍വഹിച്ചാല്‍ മതിയാകും. അപ്പോള്‍ അയാള്‍ക്ക്‌ ജുമുഅ കിട്ടി. എന്നാല്‍ ഒരു റക്‌അത്തിലെ കുറഞ്ഞ ഭാഗമാണ്‌ കിട്ടിയതെങ്കില്‍ അയാള്‍ നാലു റക്‌അത്ത്‌ ദ്വുഹര്‍ എന്ന നിലക്ക്‌ വീട്ടണം. ജുമുഅ നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ ജുമുഅയോ സൂറത്തുല്‍ അഅ്‌ലായോ രണ്ടാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ മുനാഫിഖൂനോ സൂറത്തുല്‍ ഗാരിയയോ ആണ്‌ അധികമായും നബി(സ) ഓതിയിരുന്നത്‌.
ഇതല്ലാത്ത സൂറത്തോ ആയത്തുകളോ പാരായണം ചെയ്യുന്നത്‌ കുറ്റകരമൊന്നുമല്ല. വെള്ളിയാഴ്‌ച ദിവസം പെരുന്നാളും കൂടി ഒരുമിച്ചു വന്നാല്‍ അന്ന്‌ പെരുന്നാള്‍ നമസ്‌കരിച്ചവരുടെ മേല്‍ ജുമുഅ നിര്‍ബന്ധമില്ലെന്നും മറിച്ച്‌ അവര്‍ ദ്വുഹര്‍ നമസ്‌കരിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍ പെരുന്നാള്‍ നമസ്‌കരിച്ചവരില്‍ നിന്നും ജുമുഅ നിര്‍വഹിക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കും വേണ്ടി അവിടുത്തെ ഇമാം ജുമുഅ നിര്‍വഹിക്കേണ്ടതുമാണ്‌. ജുമുഅ കിട്ടാത്തവരും പെരുന്നാള്‍ നമസ്‌കരിച്ചതിനാല്‍ ജുമുഅയില്‍ പങ്കെടുക്കാത്തവരും ദ്വുഹര്‍ നമസ്‌കരിച്ചിരിക്കണം.

2010 ഒക്‌ടോബർ 3, ഞായറാഴ്‌ച

രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യല്‍


ചോദ്യം:

ബഹുഭാര്യാത്വം (പരിമിതികളില്‍ തന്നെയും) അനുവദിക്കുന്ന, ദൈവത്തിങ്കല്‍ സ്വീകാര്യമായ ജീവിതചര്യ വിഭാവനംചെയ്യുന്ന, ഇസ്‌ലാംമതത്തില്‍ സഹോദരിമാരെ ഒരേ സമയം ഭാര്യമാരായി സ്വീകരിക്കുന്നത്‌ നിഷിദ്ധമാക്കുന്ന പ്രകൃതിചര്യ അഥവാ ധര്‍മ-സദാചാരനിഷ്‌ഠ എന്താണ്‌? അല്ലെങ്കില്‍ പുരുഷന്‌ തന്റെ ഭാര്യാസഹോദരിയിലുള്ള അമാനത്ത്‌ എന്താണ്‌?

ഉത്തരം:


ബഹുഭാര്യാത്വം അനുവദിച്ചത്‌ എന്തുകൊണ്ട്‌, നാലിലേറെ പാടില്ലെന്ന്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊന്നും അല്ലാഹുവോ നബി(സ)യോ വിശദീകരിച്ചിട്ടില്ല. മറ്റു കല്‌പനകളുടെയും വിലക്കുകളുടെയും കൂട്ടത്തിലും കാരണം വ്യക്തമാക്കിയതും അല്ലാത്തതുമുണ്ട്‌. നിങ്ങള്‍ രണ്ടു സഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നത്‌ അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:23 സൂക്തത്തില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതിന്റെ ന്യായം ബോധ്യമായില്ലെങ്കില്‍ പോലും അത്‌ വര്‍ജിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌.
വിശുദ്ധ ഖുര്‍ആനില്‍ വിവാഹം വിലക്കിയിട്ടുള്ളത്‌ രക്തബന്ധത്താലോ മുലകുടി ബന്ധത്താലോ ഏറ്റവും അടുത്തവരുമായിട്ടാണ്‌. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം ലൈംഗിക പങ്കാളിത്തത്തിനതീതമായ പവിത്രബന്ധമാണ്‌. രണ്ടു സഹോദരിമാര്‍ ഒരു പുരുഷനെ ലൈംഗിക പങ്കാളിയായി സ്വീകരിക്കുന്നതും സാഹോദര്യത്തിന്റെ ഉത്തമതാല്‌പര്യങ്ങള്‍ക്ക്‌ ഹാനികരമാകാന്‍ സാധ്യതയുണ്ട്‌. ഭാര്യാ സഹോദരിയോടുള്ള അമാനത്ത്‌ അവളോട്‌ മാന്യമായി പെരുമാറുകയും ഒരു ബന്ധു എന്ന നിലയില്‍ ഗുണകാംക്ഷ പുലര്‍ത്തുകയും അവള്‍ക്ക്‌ എന്തെങ്കിലും സഹായം ആവശ്യമായാല്‍ അത്‌ നല്‌കുകയുമാകുന്നു. ബന്ധുക്കള്‍ക്ക്‌ നന്മചെയ്യണമെന്ന ഖുര്‍ആനിക കല്‌പനയുടെ പരിധിയില്‍ ഭാര്യയുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടും.

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ആരാധ്യനേകന്‍ അനശ്വരശാന്തി

ജീവിത സൌകര്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പ്രകാശവേഗതയിലുള്ള വാഹനങ്ങളും സുമോഹനങ്ങളായ പാര്‍പ്പിടങ്ങളും അതി ദ്രുതമായ വിവര വിനിമയ ഉപാധികളും അങ്ങനെയങ്ങനെ...

ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ ആരംഭിച്ച കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പുലര്‍ച്ചയില്‍ ആരോ ചോദിച്ചു : "ഇനിയെന്തിനൊരു ദൈവം?". അതിരില്ലാത്ത സുഖാനുഭവങ്ങളും പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നു പറക്കാനുള്ള സാങ്കേതിക വിദ്യകളും മനുഷ്യന് സ്വന്തമാണെങ്കില്‍, വേറൊരു ദൈവം ആവശ്യമില്ലെന്ന് അവര്‍ അഹങ്കരിച്ചു.

ശാസ്ത്രീയ പുരോഗതി ഉത്തുംഗത പ്രാപിക്കുമ്പോഴും സുഖാനുഭവങ്ങള്‍ പുളച്ചു മറിയുമ്പോഴും ഇന്നത്തെ മാനവലോകം അതിനുമപ്പുറം വിശിഷ്ടമായ എന്തോ ഒന്നിന് കൊതിക്കുന്നു. ടെസ്റ്റ്‌ ട്യൂബില്‍ വിരിയിച്ചെടുക്കാനാകാത്ത ഒന്ന്; ആധുനിക മനുഷ്യനെ നിരാശപ്പെടുത്തുന്ന ഒന്ന്; മാര്‍ക്കറ്റില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാകാത്ത ഒന്ന്; അതത്രേ ജീവിത സന്തോഷവും ശാന്തിയും.

ശാന്തി കൈവിട്ട മനുഷ്യന്റെ നിസ്സഹായത മുതലെടുക്കുവാന്‍ ചൂഷകര്‍ നാല് ദിക്കുകളിലും തിരക്ക് കൂട്ടുന്നു. സ്വാസ്ഥ്യവും ശാന്തിയും സമാധാനവും വെച്ച് നീട്ടി ആള്‍ ദൈവങ്ങള്‍. ഇരട്ട ശ്രീകള്‍, അമ്മമാര്‍, ബാബമാര്‍, ബീവിമാര്‍. മഖ്ബറകളും മഠങ്ങളും ആശ്രമങ്ങളും സ്വലാത്ത് നഗറുകളും. വ്യാജ ആത്മീയകേന്ദ്രങ്ങളില്‍ പണപ്പെട്ടി നിറയുന്നു. സമാധാനം മുന്തിയ വിലക്ക് വില്‍പ്പനക്ക് വെച്ചിരിക്കുന്നു.

യുക്തിബോധവും ശാസ്ത്രജ്ഞാനവുമുള്ള ആധുനികന്‍ ഈ വ്യാജന്മാര്‍ക്ക് മുന്നില്‍ കുമ്പിടുമ്പോള്‍, തമ്മില്‍ ശത്രുതയും ഭിന്നതയും ലേലംവിളിയും നടത്തി സ്വയം സ്വാസ്ഥ്യം തകര്‍ന്നവര്‍ക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനാവില്ലെന്നു ചിന്തിക്കുന്നില്ല!!

ശാന്തിയും സമാധാനവും ദൈവപ്രോക്തമായ വരദാനമാണ്; അത് സൃഷ്ടികള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കാനാവില്ല. അനേകം ദൈവങ്ങളുണ്ടെങ്കില്‍ വിശ്വശാന്തി യാഥാര്‍ത്യമാവില്ല. ദൈവങ്ങളുടെ കുടിപ്പകയില്‍ പ്രപഞ്ചം തകര്‍ന്നേനെ! "നിങ്ങളുടെ ദൈവം ഏക ദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവമുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." [ഖുര്‍ആന്‍ 2 :166]

കരുണാവാരിധിയും സ്നേഹസമ്പന്നനുമായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുമ്പോള്‍ അവാച്യമായ മനശാന്തി കൈവരുന്നു. അവന്‍റെ കാരുണ്യത്തിന്‍റെ മഹാവര്‍ഷത്തില്‍ നാം കുളിരണിയുന്നു. ശാന്തിയടയുന്നു. താല്‍കാലിക സുഖാനുഭവങ്ങളേക്കാള്‍ ശാശ്വതശാന്തിക്ക് വേണ്ടി നാം ആ ആരാധ്യനെ വണങ്ങുക.

"അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും." [ഖുര്‍ ആണ്‍ 10 :25 ,26]