ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

ആചാരങ്ങള്‍ വെടിയുക, ഖുര്‍ആനെ സ്വീകരിക്കുക


"നിങ്ങള്‍ സത്യം അസത്യവുമായി കൂടി ക്കുഴക്കരുത്. അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്". [അദ്ധ്യായം 2 ബഖറ 42]

പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നതും സര്‍വശക്തനായ അവന്‍ ഏകനാണെന്നതും നേര്‍ക്ക്‌നേരെ ചിന്തിക്കുന്നവര്‍ക്ക് നിഷേധിക്കുവാന്‍ കഴിയാത്ത യാഥാര്‍ത്യമാണ്. പ്രപഞ്ചവസ്തുക്കളെ നിരീക്ഷിക്കുന്നവര്‍ക്ക് സുവ്യക്തമാകുന്ന അത്ഭുതങ്ങള്‍ അല്ലാഹുവിന്‍റെ അസ്തിത്വത്തിന്‍റെ തെളിവുകളാണ്. അവന്‍ മാനവസമൂഹത്തിന്‍റെ മാര്‍ഗദര്‍ശനത്തിനാവശ്യമായ വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ മുഖേന മനുഷ്യര്‍ക്ക്‌ നല്‍കി എന്നതും ഒരു യാഥാര്‍ത്യമാണ്.

പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി (സ). വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പാണ്‌ വിശുദ്ധ ഖുര്‍ആന്‍. ഈ യാഥാര്‍ത്ഥ്യം അറിയാത്തവരല്ല ജൂതരും ക്രൈസ്തവരുമായ ഇസ്രാഈല്‍ സമൂഹം. ദൈവത്തെയും ദൂതന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുന്ന ഇവര്‍തന്നെ മുഹമ്മദ്‌ നബി (സ)യെയും ഖുര്‍ആനിനെയും അംഗീകരിക്കാന്‍ സന്നദ്ധരാവുന്നില്ല. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയും സത്യത്തെ വികൃതമാക്കിയും മൂടിവെച്ചും ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ ഈ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നു.

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നവരെ ഇന്നും കാണാം. ഖബര്‍ സന്ദര്‍ശനവും ഖബരാരാധനയും ചിലര്‍ കൂട്ടി ക്കലര്‍ത്തുന്നത് ഇതിനുദാഹരണമാണ്. ഒന്ന് സുന്നത്തും മറ്റൊന്ന് ശിര്‍ക്കുമാണ്. എന്നാല്‍ ഇത് രണ്ടും കൂട്ടിക്കലര്‍ത്തി വിശദീകരിച്ചു ആളുകളെ ഖബര്‍ പൂജയിലേക്ക് ഇവര്‍ നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പകല്‍പോലെ വ്യക്തമാക്കിയ ചില ആശയങ്ങള്‍പോലും ദുര്‍വ്യാഖ്യാനം ചെയ്തു സത്യത്തെ മൂടിവെക്കുന്നവരുമുണ്ട്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന മഹാപാതകമാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചതാണ്. എന്നാല്‍ പല പേരുകളും വ്യാഖ്യാനങ്ങളും നല്‍കി അത്തരം പ്രാത്ഥന ശരിയാണെന്ന് സമര്‍ഥിക്കുന്നവര്‍ സത്യത്തെ അസത്യവുമായി കൂട്ടിച്ചേര്‍ക്കുന്നു.

ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പിന്‍ബലമില്ലാത്ത നാട്ടാചാരങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചത് കാണാം. ഇതിനെ എതിര്‍ക്കേണ്ടവര്‍ മൌനം പാലിക്കുന്നത് സത്യത്തെ മൂടിവെക്കലും അസത്യവുമായി കൂട്ടിക്കലര്‍ത്തലുമാണ് ചെയ്യുന്നത്. ചില ഭൌതികനേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് ഇവര്‍ അതിനെ പ്രോത്സാഹി പ്പിക്കുന്നത്. സത്യം കൈപ്പുള്ളതാണെങ്കിലും തുറന്നുപറയണമെന്നാണ് നബി (സ) പഠിപ്പിച്ചത്. അക്രമിയായ രാജാവിന്‍റെ മുന്നില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്.

സത്യവും അസത്യവും ഒന്നിക്കാത്ത രണ്ടു വഴികളാണ്. ഖുര്‍ആന്‍ പ്രഖ്യാപിച്ചു : സത്യം വന്നിരിക്കുന്നു. അസത്യം തകര്‍ന്നിരിക്കുന്നു. നിശ്ചയം അധര്‍മ്മം തകര്‍ന്നു തരിപ്പണമാവുകതന്നെ ചെയ്യും

മരണം നല്‍കുന്ന സന്ദേശം

നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല.

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും.

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര.

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും.

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും.

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല.

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്.

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു!

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു.

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല.

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക)

by ഷംസുദ്ദീന്‍ പാലക്കോട്

റബീഉല്‍അവ്വല്‍

പ്രവാചകന്‍ (സ) ജനിച്ച മാസമാണ് റബീഉല്‍അവ്വല്‍. ഈ മാസത്തില്‍ പ്രത്യേകമായി എന്തെങ്കിലും പുണ്യ കര്‍മ്മം അനുഷ്ടിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. അതിനാല്‍ പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച സഹാബിവര്യന്മാര്‍ ഈ മാസത്തില്‍ അര സ്വലാത്തു പോലും നബി (സ)യുടെ പേരില്‍ കൂടുതലായി ചൊല്ലിയിട്ടില്ല. അര ദിര്‍ഹമെങ്കിലും കൂടുതല്‍ ദാനധര്‍മം ചെയ്തിട്ടില്ല. ഒരു ദരിദ്രനെങ്കിലും കൂടുതല്‍ പരിഗണന നല്‍കി അന്നദാനം ചെയ്തിട്ടില്ല. അര ഫര്സഖ് അല്ലെങ്കില്‍ അര മീറ്റര്‍ ദൂരമെങ്കിലും നബിദിന റാലി നടത്തിയിട്ടില്ല. അര വരി മദ്ഹുഗാനം പോലും ഈ മാസത്തില്‍ കൂടുതലായി പാടിയിട്ടില്ല. ഒരു വീടെങ്കിലും അലങ്കരിച്ചിട്ടില്ല. അര ശതമാനം സന്തോഷമെങ്കിലും കൂടുതല്‍ പ്രകടിപ്പിച്ചിട്ടില്ല. രണ്ട് റക്അത്ത് നമസ്കാരമെങ്കിലും കൂടുതലായി നിര്‍വഹിച്ചിട്ടില്ല. ഒരു ദിവസത്തെ നോമ്പെങ്കിലും കൂടുതലായി ഈ മാസത്തില്‍ അനുഷ്ടിച്ചിട്ടില്ല.
റബീഉല്‍അവ്വല്‍ മാസം വരുന്നു. അത് അതിന്‍റെ അപ്പുറവും ഇപ്പുറവും ഉള്ള മാസം കഴിഞ്ഞു പോകുന്നത് പോലെ കഴിഞ്ഞുപോകുന്നു. യാതൊരു ചലനവും ഈ മാസം നബി (സ) യുടെ കാലത്തും സഹാബതതിന്റെ കാലത്തും മുസ്ലിംകള്‍ക്കിടയില്‍ സൃഷ്ട്ടിച്ചിരുന്നില്ല. നാല് മാസങ്ങള്‍ അല്ലാഹു 12 മാസങ്ങള്‍ക്കിടയില്‍ നിന്നും പവിത്രമാസങ്ങളായി തിരഞ്ഞെടുത്തു. എന്നിട്ട്പോലും നബി (സ) ജനിച്ച റബീഉല്‍അവ്വല്‍ മാസത്തെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നമസ്ക്കാരം, നോമ്പ്, ദാനധര്‍മം മുതലായ പുണ്യകര്‍മ്മങ്ങള്‍ പല മാസങ്ങളില്‍ വര്‍ധിപ്പിക്കുവാന്‍ പ്രത്യേകം നിര്‍ദേശിച്ചു [ഉദാ: റമദാന്‍, മുഹറം, ദുല്‍ഹജ്ജ്]. എന്നിട്ടും റബീഉല്‍അവ്വല്‍ മാസത്തില്‍ എന്തെങ്കിലും പുണ്യകര്‍മ്മം വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശിച്ചില്ല.

റജബ്, ശഅ'ബാന്‍ മാസങ്ങളില്‍ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ നിര്‍ദേശിച്ചു കൊണ്ടും ഈ മാസങ്ങളുടെ ശ്രേഷ്ടത വിവരിച്ചുകൊണ്ടും ഇസ്ലാമിന്‍റെ ശത്രുക്കള്‍ ദുര്‍ബലമായ ധാരാളം ഹദീസുകള്‍ നിര്‍മ്മിച്ചുണ്ടാക്കി. എന്നിട്ടും ഈ റബീഉല്‍അവ്വല്‍ മാസത്തിന്‍റെ ശ്രേഷ്ടത വിവരിക്കുന്ന ഒരു വാറോല ഹദീസ്പോലും നബി (സ)യിലേക്ക് ചേര്‍ത്തിക്കൊണ്ട് നിര്‍മ്മിക്കുവാന്‍ അവര്‍ക്ക് പോലും തോന്നിയില്ല. അങ്ങിനെ മൌലീദ് നിര്‍മ്മിച്ച ആളുകള്‍ക്ക് ഒരു ദുര്‍ബല ഹദീസെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കാതെ ചില ജല്‍പ്പനങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും അവലംബിക്കേണ്ട സാഹചര്യം അല്ലാഹു സൃഷ്ടിച്ചു.

ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പല സ്ഥലങ്ങള്‍ക്കും പല വ്യക്തികള്‍ക്കും പല മാസങ്ങള്‍ക്കും ശ്രേഷ്ടത വിവരിക്കുന്ന അദ്ധ്യായങ്ങള്‍ തന്നെ നല്‍കി. അങ്ങിനെ അവയില്‍ സ്ഥിരപ്പെട്ടതും ദുര്‍ബലവുമായ ഹദീസുകള്‍ ഉദ്ധരിച്ചു. എന്നാല്‍ "റബീഉല്‍ അവ്വലിന്റെ ശ്രേഷ്ടത" എന്ന ഒരൊറ്റ അദ്ധ്യായംപോലും അവരില്‍ ഒരാള്‍പോലും നല്‍കിയില്ല. അങ്ങനെ ഹദീസുകളില്‍ ദുര്‍ബലമായത്പോലും അവര്‍ ഉദ്ധരിച്ചില്ല. അമല്‍ ചെയ്യാന്‍ ദുര്‍ബലമായ ഹദീസിനെ അവലംബിക്കാമെന്ന പുരോഹിതന്മാരുടെ ജല്പനത്തിനുപോലും നബിദിനത്തിന്‍റെ വിഷയത്തില്‍ പ്രവേശനത്തിനു പഴുതില്ലാത്തവിധം ഹദീസ് ഗ്രന്ഥങ്ങള്‍ സുരക്ഷിതമാക്കപ്പെട്ടു. അവസാനം 'നല്ല ബിദ്അത്ത്' എന്നതിനെ ഇസ്ലാമിന്‍റെ പ്രമാണമായി ഇവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.

അപ്പോള്‍ ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറഞ്ഞത് തന്നെയാണ് യാഥാര്‍ത്ഥ്യം. അദ്ദേഹം പറഞ്ഞു : "തീര്‍ച്ചയായും മൌലീദിന്റെ അടിസ്ഥാനം ബിദ്അത്താണ്. അത് മൂന്നാം നൂറ്റാണ്ടുവരെയുള്ള നല്ലവരായ സലഫീങ്ങളില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നില്ല" [അല്‍ഹാവി 1 / 260].

by അബ്ദുസ്സലാം സുല്ലമി @ മുസ്ലിങ്ങളിലെ അനാചാരങ്ങള്‍

2011 ജനുവരി 29, ശനിയാഴ്‌ച

ഉമ്മയോളം വരില്ല, മറ്റൊന്നും

ഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.
അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''
പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.
മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)
മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)
ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''
സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)
മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)
നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?