ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ദാമ്പത്യ ജീവിതം മാധുര്യമുള്ളതാകാന്‍

പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്‌. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്‌. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌. ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌. എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കെണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു. ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ്‌ പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്‌.
എന്നെ മനസ്സിലാക്കുന്നില്ല, എന്നു തന്നെയാണ്‌ എല്ലാവരുടെയും പരാതി. ഇണയുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറയാന്‍ ഒറ്റശ്വാസം മതി. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തെന്ന്‌ തിരിച്ചറിയാനോ തന്റെ ഭാഗത്തുള്ള ശരി തെറ്റുകള്‍ വിലയിരുത്താനോ പലരും ശ്രമിക്കാറില്ല. ആരും വിട്ടുവീഴ്‌ചക്ക്‌ തയ്യാറല്ല. അങ്ങനെയങ്ങ്‌ തോറ്റു കൊടുത്താലോ എന്നാണ്‌ ന്യായം. ഭര്‍ത്താവിനോട്‌ ചോദിച്ചാല്‍ ഭാര്യയാണ്‌ കുറ്റക്കാരി. ഭാര്യയോട്‌ ചോദിച്ചാലോ, നേരെ തിരിച്ചും. രണ്ടുപേരെയും ഒന്നിച്ചിരുത്തി സംസാരിച്ചാലോ, ചില തെറ്റിദ്ധാരണകള്‍...
ഇണയുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനല്ല, നന്‍മകളും ഗുണങ്ങളും കണ്ടെടുക്കാനാവണം നാം ശ്രമിക്കേണ്ടത്‌. അവളിലെ/ അവനിലെ ഒരു നന്മ നാം കണ്ടെത്തുമ്പോള്‍ അവള്‍/ അവന്‍ നമ്മിലെ നൂറ്‌ നന്‍മകള്‍ കണ്ടെടുക്കും. അവളിലെ അവനിലെ ഒരു തിന്‍മയാണ്‌ നാം കണ്ടെത്തുന്നതെങ്കില്‍ അവള്‍ അവന്‍ നമ്മിലെ നൂറ്‌ തിന്‍മകള്‍ കണ്ടെത്താനാവും ശ്രമിക്കുക. അതുകൊണ്ട്‌ നന്മകള്‍ കണ്ടെടുക്കുന്നതിലാവട്ടെ നമ്മുടെ മല്‍സരം.

നല്ല ഭര്‍ത്താവ്‌, നല്ല ഭാര്യ
വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നത്‌ ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കുന്നതിലൂടെയാണ്‌. ഉപാദികളില്ലാതെ സ്‌നേഹിക്കാനാവുമ്പോഴാണ്‌.
പ്രവാചകനും(സ) ഖദീജ(റ)യും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിത്തീരുന്നത്‌ പരസ്‌പരമുള്ള ആ മനസ്സിലാക്കലിലൂടെയാണ്‌. പ്രവാചകന്‌(സ) ഖദീജ(റ) തണലും സാന്ത്വനവുമായിത്തീരുന്നത്‌ പ്രവാചകനി(സ)ലെ നന്മകള്‍ ഖദീജ(റ) തിരിച്ചറിയുന്നതിലൂടെയാണ്‌. പ്രവാചകനി(സ)ലെ നന്മ തിരിച്ചറിയുമ്പോഴാണല്ലോ അദ്ദേഹത്തെ ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ഖദീജ(റ) കൊതിച്ചുപോയത്‌. ഹിറാ ഗുഹയില്‍ നിന്നും പനിക്കുന്ന ഹൃദയവും ചുട്ടുപൊള്ളുന്ന ശരീരവുമായി തിരിച്ചെത്തിയ പ്രിയതമന്‌ സ്വാന്തനത്തിന്റെ കുളിരായിമാറിയ പ്രിയതമയുടെ ചിത്രം ചരിത്രത്തിലെ മധുരമുള്ള ഒരധ്യായമാണ്‌. അവിടെ പ്രവാചകന്റെ നന്മകള്‍ എടുത്തുപറഞ്ഞാണ്‌ ഖദീജ(റ), അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത്‌. അവിടെയാണ്‌ നന്മകള്‍ കണ്ടെടുക്കുന്നതിലൂടെ സ്‌്‌നേഹമഴ ചെയ്യുന്ന ദാമ്പത്യത്തിന്റെ കുളിര്‌ നമുക്ക്‌ അനുഭവിക്കാനാവുന്നത്‌.
യുവതിയും സുന്ദരിയും കന്യകയുമായിരുന്ന ആയിശ(റ)യോടൊപ്പം കഴിയുമ്പോഴും നാല്‍പതുകഴിഞ്ഞ, വിധവയും അമ്മയുമായിരുന്ന ഖദീജ(റ) പ്രവാചകന്റെ മനസ്സില്‍ തണുത്ത കുളിരായി ബാക്കിയുണ്ടായിരുന്നുവെങ്കില്‍, ഖദീജ(റ)യിലെ നന്മകളെ കണ്ടെടുക്കാന്‍ പ്രവാചകന്‌ (സ) കഴിഞ്ഞതിലൂടെയാണത്‌...
നാടും വീടും ഉപരോധിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ്‌ ഖദീജ(റ). പട്ടിണിയുടെ നാളുകളില്‍ പച്ചിലകള്‍ തിന്ന്‌ പരിഭവമില്ലാതെ പുഞ്ചിരിയായ പ്രിയതമ. ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും നാളുകളില്‍ പതറാത്ത ആശ്വാസത്തിന്റെ സാന്നിധ്യം...
ഒരു നല്ല ഭാര്യ എങ്ങനെ ആയിരിക്കണമെന്നതിന്‌ ഖദീജ(റ)യെക്കാള്‍ നല്ലൊരു മാതൃക വേറെയില്ല, ഒരു നല്ല ഭര്‍ത്താവ്‌ എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകനെ(സ)ക്കാളും ഉത്തമമായൊരു മാതൃകയും.
വളരെ തിരക്കുപിടിച്ച ജീവിതത്തിലും ഭാര്യമാരുടെ വികാരവിചാരങ്ങള്‍ക്ക്‌ ആവശ്യമായ പരിഗണന പ്രവാചകന്‍ നല്‍കിയിരുന്നു. സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുകയും ചെയ്‌തിരുന്നു പ്രവാചകന്‍. ഒരു ഭാര്യയും പ്രവാചകനി(സ)ല്‍ ഒരു കുറ്റവും കണ്ടെത്തിയില്ല. പ്രവാചകന്‍(സ) തിരിച്ചും, ഭാര്യമാരുടെ നന്മകള്‍ കണ്ടെടുക്കാനായിരുന്നു പ്രവാചകന്‍(സ) ശ്രമിച്ചത്‌.
സൈനബി(റ)ന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പാത്രം സ്‌ത്രീസഹജമായ വികാരവിക്ഷോഭത്താല്‍ തട്ടിക്കളഞ്ഞ ആയിശ(റ)യോട്‌ പ്രവാചകന്‍(സ) ഇടപെട്ടതെങ്ങനെന്ന്‌ നമുക്കറിയാം. ആയിശ(റ)യുടെ അപ്പോഴത്തെ വികാരം കൃത്യമായി തിരിച്ചറിയാന്‍ പ്രവാചകന്‌(സ) കഴിഞ്ഞതു കൊണ്ടാണ്‌ വളരെ സൗമ്യമായ സമീപനത്തിലൂടെ ആയിശ(റ)യെ തിരുത്താന്‍ പ്രവാചകന്‌(സ) കഴിയുന്നത്‌. വിട്ടുവീഴ്‌ചയും സ്‌നേഹംപുരട്ടിയ സംസാരവും പെരുമാറ്റവുമാണ്‌ വൈവാഹിക ജീവിതത്തിന്റെ ജീവനെന്ന്‌ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്‌ അങ്ങനെയാണ്‌.
ഇസ്‌ലാമിക ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ക്ക്‌ പഞ്ഞമില്ല. പക്ഷേ, ഈ ഉദാഹരണങ്ങളും ചരിത്ര നിമിഷങ്ങളും നമ്മില്‍ എന്ത്‌ ചലനമാണുണ്ടാക്കുക.

ഒരു പരാതി
എപ്പോഴും പരാതികളും പരിഭവങ്ങളും പറയുന്ന തന്റെ ഭാര്യയെക്കുറിച്ച്‌ ഖലീഫയോട്‌ പരാതിപ്പെടാനാണ്‌ അയാള്‍ പുറപ്പെട്ടിട്ടുള്ളത്‌. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത്‌ നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു. ഖലീഫയുടെ ഭാര്യ ഖലീഫയേട്‌ പരിഭവിക്കുകയാണ്‌. ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല. അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങി വരുന്നു.
എന്തേ വന്നത്‌.. ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്തയ്‌?
ഖലീഫ അയാളോട്‌ ചോദിച്ചു.
അയാള്‍ വന്ന കാര്യം പറഞ്ഞു. ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.
എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞ വാക്കുകള്‍ ഓരോ ഭര്‍ത്താക്കന്‍മാരും മനസ്സില്‍ കുറിച്ചു വെക്കേണ്ടതാണ്‌.
"സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു. നമ്മുടെ കുട്ടികളെ പ്രസവിച്ച്‌ മുലയൂട്ടി വളര്‍ത്തുന്നു. നമുക്കുവേണ്ടി കഷ്ടപ്പെടുന്നു. അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട്‌ നമുക്ക്‌ കേട്ടുകൂട. നമ്മോടല്ലാതെ മറ്റാരോട്‌ അവരിതെക്കെ പറയും. നമ്മളല്ലാതെ മറ്റാരാണിത്‌ കേള്‍ക്കാനുള്ളത്‌."

കൂട്ടിവായിക്കുക
സ്‌ത്രീകള്‍ നിങ്ങള്‍ക്ക്‌ വസ്‌ത്രമാണ്‌. നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്‌. വി.ഖു- ( അല്‍ ബഖറ 187)
ഇണകളോടിണങ്ങി ജീവിച്ച്‌ മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു. ചിന്തിക്കുന്ന സമൂഹത്തിന്‌ അതില്‍ പല പാഠങ്ങളുമുണ്ട്‌. വി.ഖു- (അര്‍റൂം 21)
സ്‌ത്രീകള്‍ക്ക്‌ ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്‌. - വി ഖു (അല്‍ ബഖറ 228)
അവരോട്‌ നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അഥവാ, നിങ്ങള്‍ക്ക്‌ അവരോട്‌ അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്‌. -വി ഖു (അന്നിസാഅ്‌ 19)
സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്‌. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുയെ ഭാര്യമാരോട്‌ ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്‌. - നബി വചനം (തിര്‍മിദി)
വളഞ്ഞ വാരിയെല്ലുകൊണ്ടാണ്‌ സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്‌. ഒരേ രൂപത്തില്‍ നിനക്കത്‌ നിവര്‍ത്താന്‍ കഴിയില്ല. അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം. മറിച്ച്‌, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം. -നബി വചനം (മുസ്‌ലിം)
ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്‌. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന്‌ ആനന്ദകരമായിരിക്കും. -നബി വചനം (മുസ്‌ലിം)
അറിയുക! സ്‌ത്രീകളോട്‌ നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്‌. സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌്‌ അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന്‌ നില്‍ക്കുക. പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക്‌ വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്‌. അറിയുക! നിങ്ങള്‍ക്ക്‌ സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നല്ലനിലയില്‍ അവര്‍ക്ക്‌ ആഹാരവും വസ്‌ത്രവും നല്‍കലാണ്‌ നിങ്ങള്‍ക്ക്‌ അവരോടുള്ള ബാധ്യത. - നബി വചനം (തിര്‍മിദി)
നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന്‌ കഴിയാതിരിക്കുക. -നബി വചനം (അബൂ ദാവൂദ്‌)
പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത്‌ ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്‌. -നബി വചനം (അബൂ ദാവൂദ്‌)
സത്യവിശ്വാസിയായ മനുഷ്യന്‌ അല്ലാഹുവെക്കുറിച്ച സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട്‌ ഗുണകാംക്ഷ പുലര്‍ത്തുന്ന സദ്‌്‌്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്‌. - നബി വചനം (ഇബ്‌നുമാജ)
മനുഷ്യന്റെ സൗഭാഗ്യം മൂന്ന്‌ കാര്യങ്ങളിലാണ്‌. നിര്‍ഭാഗ്യവും മൂന്ന്‌ കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്‌. ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.- നബി വചനം (അഹ്‌മദ്‌)
നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട്‌ വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്‌. - നബി വചനം
ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാതിരിക്കുക. അയാളുടെ സത്യം പാലിക്കുക. കല്‍പനകള്‍ അനുസരിക്കുക. അനുവാദമില്ലാതെ വീട്ടില്‍ നിന്ന്‌ പുറത്തു പോവാതിരിക്കുക. അയാള്‍ക്ക്‌ അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. ഇതെല്ലാമാണ്‌ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍. -നബി വചനം (ത്വബ്‌റാനി)
ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച്‌ മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും. -നബി വചനം (തിര്‍മിദി)

ഇമ്മിണി ബല്ല്യ ഒന്ന്‌
സന്തുഷ്ടമായ വൈവാഹിക- കുടുംബ ജീവിതത്തിന്‌ വ്യക്തവും സത്യസന്ധവും പൂര്‍ണവുമായ മാര്‍ഗനിര്‍ദേശങ്ങളും വിധിവിലക്കുകളും നിര്‍ണയിച്ചു തന്നിട്ടുള്ള ഏക മതമാണ്‌ ഇസ്‌ലാം. വെറും ഏടുകളിലൊതുങ്ങുന്ന മഹത്തായ സ്വപ്‌നങ്ങളല്ല അവ. മാനുഷിക ജീവിതത്തില്‍ ആചരിക്കാനാവുന്ന പ്രായോഗിക കല്‍പനകള്‍. പ്രവാചകനും അനുയായികളും പ്രായോഗിക ജീവിതത്തിലൂടെ അത്‌ സത്യപ്പെടുത്തി. ഇസ്ലാമിക വൈവാഹിക-കുടുംബ ജീവിതം എങ്ങനെ ആയിരിക്കണമെന്നതിന്‌ പ്രവാചകന്റെയും അനുചരന്‍മാരുടെയും ജീവിതം പരിശോധിച്ചാല്‍ മതി.
വൈവാഹിക- കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും പരസ്‌പരം കാത്തുസൂക്ഷിക്കേണ്ട സ്‌നേഹവും ആദരവും അംഗീകാരവും ബഹുമാനവും എത്ര ഉദാത്തമായിരിക്കണമെന്ന്‌ ഇസ്‌്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. വൈവാഹിക- കുടുംബജീവിതത്തിലെ അസ്വാരസ്യമകറ്റി ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ഖുര്‍ആനും പ്രവാചനും പറഞ്ഞതിനപ്പുറം ഒന്നും മറ്റാര്‍ക്കും പറയാനില്ലെന്നതാണ്‌ യാദാര്‍ഥ്യം. (എന്നിട്ടും, വൈവാഹിക- കുടുംബ ജീവിത പ്രശ്‌നങ്ങള്‍ മുസ്ലിം കുടുംബങ്ങളില്‍ ഏറിക്കൊണ്ടേയിരിക്കുന്നുവെന്നത്‌ പഠനവിധേയമാക്കേണ്ട വിഷയമാണ്‌. )
ഉള്ളുതുറന്ന്‌ സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും മോഹങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൈമാറാനും സമയവും സാഹചര്യവുമുണ്ടാവണം. ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്‌ പെരുമാറാനും അവയെ മാനിക്കാനും അഭിപ്രായങ്ങളുടെ സമന്വയത്തിലൂടെ തീരുമാനങ്ങളെടുക്കാനും വിട്ടുവീഴ്‌ചയിലൂട, പരസ്‌പര ധാരണയിലൂടെ ജീവിതം ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ നമുക്കാവട്ടെ.
കണ്ണികള്‍ അറുത്തുമാറ്റാനോ അകത്തിവിടുത്താനോ അല്ല, അടുപ്പിച്ചടുക്കാനാവട്ടെ നമ്മുടെ ശ്രമം. മനസ്സുകള്‍ അകലുന്തോറും ബന്ധത്തിന്റെ കണ്ണികളാണകലുക. മനസ്സുകള്‍ അടുക്കുന്തോറും ബന്ധവും ദൃഢമാവും.
അടുത്തറിയുന്തോറും ബന്ധം ഹൃദ്യവും ഊഷ്‌മളവുമായിത്തീരും.
ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്ല്യ ഒന്നായിത്തീരുമെന്ന ബഷീര്‍ വീക്ഷണം സത്യമായിത്തീരുന്ന ഒരവസരമാണ്‌ ദാമ്പത്യം. ഭര്‍ത്താവെന്ന ഒന്നും ഭാര്യയെന്ന ഒന്നും ഒന്നായി ഇമ്മിണി ബല്ല്യ ഒന്നായിത്തീരുന്ന സുന്ദരനിമിഷങ്ങളാവണം ദാമ്പത്യ ജീവിതം. രണ്ടു പുഴകള്‍ കൂടിച്ചേര്‍ന്ന്‌ ഒരു പുഴയായിത്തീരുന്ന പോലെ... ശാന്തമായി ഒഴുകട്ടെ ആ പുഴ.

ഒടുക്കം
ഇണയുടെ ഗുണങ്ങള്‍ തിരിച്ചറിയുക. കുറ്റങ്ങളും കുറവുകളും സ്വാഭാവികം. നാം മനുഷ്യരാണ്‌. ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും വ്യത്യസ്ഥമായ രണ്ടു വ്യക്തികളാണ്‌ ദമ്പതികളെന്ന്‌ മറക്കാതിരിക്കുക. ഇണയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ്‌ പരസ്‌പരം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നാം തയ്യാറാവണം. ഇണക്കവും പിണക്കവും ദാമ്പത്യത്തിന്റെ ഇഴയടുപ്പിക്കുന്ന കുളിരാക്കിത്തീര്‍ക്കാനുള്ള മിടുക്കാണ്‌ ദമ്പതികള്‍ക്കുണ്ടാവേണ്ടത്‌. ഓരോ ഇണക്കവും പിണക്കവും കൂടുതല്‍ അടുത്തറിയാനും ഹൃദയങ്ങള്‍ ചെര്‍ത്തുവെക്കാനുമുള്ള അവസരമാവണം. കൂടുതല്‍ അടുത്തറിയാനും ഒന്നായിത്തീരാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. വിട്ടുവീഴ്‌ചയോടെ പരസ്‌പര സഹകരണത്തോടെ ദാമ്പത്യം ആസ്വാദ്യമാക്കുക.
എത്ര തിരക്കുണ്ടെങ്കിലും ഒരിത്തിരി നേരം ദിവസവും ഇണയോടൊത്ത്‌ ചിലവഴിക്കാന്‍ കണ്ടെത്തുക.
അതെ, വീട്‌ സ്വര്‍ഗമാവട്ടെ.

ഒരു പ്രാര്‍ഥന
റഹ്‌മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്‌, അവരുടെ ഒരു പ്രാര്‍ഥനയുണ്ട്‌. അതെ, ആ പ്രാര്‍ഥന ശീലമാക്കുക.
എല്ലാത്തിനുമപ്പുറം, സന്തുഷ്ടമായ ദാമ്പത്യ- കുടുംബ ജീവിതം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണെന്ന്‌ മറക്കാതിരിക്കുക.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ ഭയഭക്തര്‍ക്ക്‌്‌ മാതൃകരാക്കുകയും ചെയ്യേണമേ-
വി ഖു (അല്‍ ഫുര്‍ഖാന്‍ 74)

അവസാനമായി...
പറഞ്ഞോളൂ കേള്‍ക്കാന്‍ എനിക്ക്‌ ഇഷ്ടമാണ്‌, എന്ന്‌ പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും. പറയുന്നതില്‍ കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറാണോ, ശാന്തിയും സമാധാനവും പെയ്‌തിറങ്ങും

2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌!'

അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്‌. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്‌. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ്‌ ഉമ്മയും ഉപ്പയും. അവരില്‍ നിന്ന്‌ തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ്‌ വാര്‍ധക്യം. അപ്പോഴാണ്‌ മക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്‌. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന്‌ നബി(സ) പറയുന്നുണ്ട്‌. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്‌, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്‌; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്‌. അവരുടെ ശരീരത്തില്‍ നിന്ന്‌ ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്‌. എവിടെയാണ്‌ ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്‌. അവര്‍ കരഞ്ഞത്‌, കഷ്‌ടപ്പെട്ടത്‌, ഉറക്കമിളച്ചത്‌, കാത്തിരുന്നത്‌ എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന്‌ അധിക വീടുകളിലും അനാഥരായി കിടക്കുന്നത്‌ മാതാപിതാക്കളാണ്‌. ഒന്ന്‌ തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച്‌ ഉമറിനോട്‌ തിരുനബി പറയുന്നുണ്ട്‌. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക്‌ വസിയ്യത്ത്‌ ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്‌' അവര്‍ക്ക്‌ താഴ്‌ത്തി നല്‍കണമെന്നാണ്‌ (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക്‌ ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക്‌ തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്‌:

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

വിശുദ്ധ ഖുര്‍'ആന്‍ നമ്മെ ഉണര്‍ത്തുന്നു.


                                                      بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
                 
അളവിലും തൂക്കത്തിലും കുറവ് വരുത്തല്‍.പുരാതനകാലം മുതല്‍ കച്ചവട രംഗത്ത്‌ ബാധിച്ച ഒരു   തിന്‍മ്മയാണ് ഇത്.ഒരു സമുദായം നശിപ്പിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്ന തിന്‍മ്മ.ഈ തിന്‍മ്മയെ വളരെ അതികം സൂക്ഷിക്കണം എന്ന് വിശുദ്ദ ഖുര്‍'ആന്‍ നമ്മെ ഉണര്‍ത്തുന്നു.
                 
മഹാനായ ഇബിനു അബ്ബാസ്‌(റ)പറയുന്നു:മുഹമ്മദ്‌ നബി(സ) മദീനയില്‍ വന്ന സന്ദര്‍ഭത്തില്‍ മദീനയിലെ കച്ചവടക്കാര്‍ അളവില്‍ കുറവ് വരുത്തുന്നവര്‍ ആയിരുന്നു.അങ്ങിനെ(അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവര്‍ക്ക് നാശം.സൂറ:അല്‍ മുത്വഫ്ഫിഫീന്‍) എന്ന ആയത്ത് അള്ളാഹു അവതരിപ്പിച്ചു.അതിനു ശേഷം അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുകയും കൃത്യത പാലിക്കുകയും ചെയ്തു.(അഹ്മദ്)...
                  
               
  പൂഴ്ത്തിവെക്കലും കള്ളസത്യം ചെയ്യലും.

                                            
കച്ചവട രംഗത്ത് നിലനില്‍ക്കുന്ന മറ്റൊരു തിന്‍മ്മയാണ് പൂഴ്ത്തിവെക്കലും കള്ളസത്യം ചെയ്തു ചരക്കുകള്‍ വിറ്റഴിക്കലും.ഇന്ന് ഇതൊരു തിന്‍മ്മ അല്ലാതെ ആയിരിക്കുന്നു.ഇതൊക്കെ വ്യാപാരരംഗത്ത് ആവശ്യമായ സംഗതികള്‍ ആണെന്ന് പലരും തെറ്റിധരിച്ചിരിക്കുന്നു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പത്ത് വര്‍ദ്ധിക്കും എങ്കിലും,അള്ളാഹുവിന്‍റെ  കടുത്ത ശിക്ഷക്ക് ഇത് കാരണമാകും എന്നുള്ള കാര്യം മറക്കരുത്.
                 
മഹാനായ നബി(സ)പറഞ്ഞു:ആരെങ്കിലും പൂഴ്ത്തി വെച്ചാല്‍ അവന്‍ പാപിയാകുന്നു.(മുസ്ലിം)
                 
കള്ളസത്യം ചെയ്തു ചരക്കുകള്‍ വിറ്റഴിക്കുന്നതിനെക്കുറിച്ച് നബി(സ) പറഞ്ഞത് ഒന്ന് കാണുക,"കള്ളസത്യം ചെയ്യല്‍ ചരക്കിന്‌ വില വര്‍ദ്ധിപ്പിക്കുന്നതും പക്ഷെ സമ്പാദ്യത്തെ നശിപ്പിക്കുന്നതും ആണ്.(മറ്റൊരു റിപ്പോര്‍ട്ടില്‍ ബറക്കത്തിനെ നശിപ്പിക്കും എന്നും കാണാം).
                 
 പലിശ.
                                      ഇന്ന് ഭൂരിപക്ഷം കച്ചവടക്കാരും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പലിശയുമായി ബന്ധപ്പെടുന്നവരാണ്.അവര്‍ അത് വെറും നിസ്സാരമായി കാണുന്നു.പ്രിയ സഹോദരാ,അള്ളാഹു പറയുന്നത് ഒന്ന് ശ്രെദ്ധിക്കുക:"സത്യവിശ്വാസികളെ,നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും,പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്.നിങ്ങള്‍(യഥാര്‍ത്ഥ)വിശ്വാസികളാണെങ്കില്‍.നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എങ്കില്‍ അള്ളാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും പക്ഷത്തു നിന്ന്(നിങ്ങള്‍ക്കെതിരെയുള്ള)സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞു കൊള്ളുക.നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്.നിങ്ങള്‍ അക്രമം ചെയ്യരുത്.നിങ്ങള്‍ ആക്രമിക്കപ്പെടുകയും അരുത്".(soora baqara:278,279)
                 
മഹാനായ മുഹമ്മദ്‌ നബി(സ)പറഞ്ഞു:അറിഞ്ഞു കൊണ്ട് ഒരാള്‍ പലിശയുടെ ഒരു ദിര്‍ഹം ഭക്ഷിക്കുന്നത് മുപ്പത്തിയാറു പ്രാവശ്യം വ്യപിചരിക്കുന്നതിനേക്കാള്‍ കഠിനം ആകുന്നു.(അഹ്മദ്)

                 
മഹാനായ മുഹമ്മദ്‌ നബി(സ)പറഞ്ഞു:ഒരു ജനതയില്‍ പലിശയും,വ്യപിചാരവും പ്രത്യക്ഷമായാല്‍ അവരില്‍ അള്ളാഹുവിന്‍റെ ശിക്ഷ ഇറങ്ങുന്നതാണ്.
                 
നിഷിദ്ധമായ സമ്പാദ്യം.
                  
                 
സഹോദരാ,നാം സമ്പാദിക്കുന്ന ധനം അനുവദനീയമായ മാര്‍ഗത്തില്‍ കൂടിയുള്ളതാണോ?നിഷിദ്ധമായ എന്തെങ്കിലും സമ്പാദ്യം അതില്‍ കലര്‍ന്നിട്ടുണ്ടോ? വളരെ അതികം സൂക്ഷിക്കേണ്ട ഒരു കാര്യമാണ്.കാരണം നിഷിദ്ധമായ സമ്പാദ്യം നമ്മള്‍ക്ക് നാശവും,നമ്മുടെ സ്വര്‍ഗ്ഗപ്രവേശനം തടയുന്നതുമാണ്.

                 
മുഹമ്മദ്‌ നബി(സ)പറഞ്ഞു:ഒരാള്‍ നിഷിദ്ധമായ നിലയില്‍ ധനം സമ്പാദിക്കുകയും അതില്‍ നിന്ന് അടിമയെ മോചിപ്പിക്കുകയോ,കുടുംബബന്ധം ചേര്‍ക്കുകയോ ചെയ്താലും അത് അവനു ശിക്ഷയായിട്ടാണ് ഭവിക്കുക.(ത്വബുറാനി).മറ്റൊരിക്കല്‍ നബി(സ)അവിടുത്തെ ഒരു അനുയായിയെ വിളിച്ചു കൊണ്ട് പറഞ്ഞു:"നിഷിദ്ധമായ സമ്പാദ്യത്തില്‍ നിന്നും ഉത്ഭവിച്ച ഒരു മാംസവും(ദേഹവും)സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല".മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു:"ഹറാമില്‍ ഊട്ടപ്പെട്ട ഒരു ശരീരവും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല".സഹോദരങ്ങളെ നാം കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന നമ്മുടെ ധനത്തില്‍ നിഷിദ്ധമായ ഒരു പൈസ പോലും ഇല്ലാ എന്ന് ഉറപ്പു വരുത്തുക.
                 
 ധനത്തിന്‍റെ സക്കാത്ത്.
          സക്കാത്ത് പാവങ്ങളുടെ അവകാശമാണ്.അത് നല്‍കല്‍ അള്ളാഹു നമ്മള്‍ക്ക് ബാധ്യതയാക്കിയിരിക്കുകയാണ്.നാം സക്കാത്ത്‌ നല്‍കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കുയും,നമ്മുടെ ധനത്തില്‍ ബറക്കത്ത് ലഭിക്കുകയും ചെയ്യും.എന്നാല്‍ സക്കാത്ത് നല്‍കാതിരിക്കുകയും അള്ളാഹു നമ്മള്‍ക്ക് ബാധ്യത ആക്കിയതിനെ നാം തടഞ്ഞു വെക്കുകയും ചെയ്‌താല്‍ ധനത്തിന്‍റെ ബറക്കത്ത് അള്ളാഹു നീക്കിക്കളയുകയും ഇഹത്തിലും,പരത്തിലും നമ്മളെ ശിക്ഷിക്കുകയും ചെയ്യും.പരലോകത്തു ഇത്തരം ആളുകള്‍ക്ക് ലഭിക്കുന്ന ശിക്ഷ അതികഠിനവും മാരകവും ആണ്.അല്ലാഹു പറയുന്നു:"സ്വര്‍ണവും,വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചില വഴിക്കാതെ ഇരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.നരകാഗ്നിയില്‍ വെച്ച് അവ ചുട്ടു പഴുപ്പിക്കപ്പെടുകയും എന്നിട്ട് അത്കൊണ്ട് അവരുടെ നെറ്റിയിലും,പാര്‍ഷങ്ങളിലും,മുതുകുകളിലും  ചൂട് വെക്കപ്പെടുകയും ചെയ്യുന്ന ദിവസം(അവരോടു പറയപ്പെടും)നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിത്തന്നെ നിക്ഷേപിച്ച് വെച്ചതാണിത്.അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക.(soora thowba: 34, 35)
                 
സഹോദരാ,എത്ര മാത്രം ഗുരുതരമാണ് ഈ വിഷയം.നമ്മള്‍ക്ക് മാത്രമല്ല ഇതിന്‍റെ പ്രയാസം ഭൂമിയിലെ മറ്റു സൃഷ്ട്ടി ജാലങ്ങള്‍ക്കും അത് ദോഷമായി ഭവിക്കും.അതായത് അള്ളാഹു നമ്മള്‍ക്ക് ബാധ്യത ആക്കിയ സക്കാത്ത്‌ നാം തടഞ്ഞു വെക്കുന്നത്തോടെ ആകാശത്തു നിന്നും നമ്മള്‍ക്ക് ലഭിക്കുന്ന മഴ അള്ളാഹു തടഞ്ഞു വെക്കുന്നു.ഏത്ര ഭയാനകരമായ കാര്യമാണിത്.

                 
മഹാനായ മുഹമ്മദ്‌ നബി(സ)പറയുന്നു:അവര്‍ അവരുടെ സക്കാത്ത് തടഞ്ഞു വെക്കുകയാണെങ്കില്‍ ആകാശത്തു നിന്നും മഴ വര്‍ഷിക്കുന്നതും തടയപ്പെടുന്നതാണ്.മൃഗങ്ങള്‍  ഉണ്ടായിരുന്നില്ല എങ്കില്‍ അവര്‍ക്ക് മഴ ലഭിക്കുമായിരുന്നില്ല.(ഇബിനുമാജ)
                 
 അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കല്‍.
          
                 
ഒരിക്കല്‍ നബി(സ) സൂറ:അത്തക്കാസുര്‍ പാരായണം ചെയ്തിട്ട് പറഞ്ഞു;"ആദം സന്തതി എന്‍റെ ധനമേ,എന്‍റെ ധനമേ എന്ന് പറയുന്നു.ഹേ ആദം സന്തതീ നിന്‍റെ ധനത്തില്‍ നിന്ന് നീ തിന്നു നശിപ്പിച്ചതും,നീ വസ്ത്രം ധരിച്ചു കളഞ്ഞതും ധര്‍മ്മമായി നല്‍കിയതും അല്ലാതെ വല്ലതും നിന്‍റെതായി ഉണ്ടോ?.(മുസ്ലിം)

                 
സഹോദരാ നാം ഭക്ഷിച്ചത് നമ്മള്‍ക്കായിരുന്നു അത് കഴിഞ്ഞു പോയി.നാം വസ്ത്രമായി ഉപയോഗിച്ചതും നമ്മള്‍ക്കായിരുന്നു.അതും നശിച്ചു പോയി.എന്നാല്‍ നാം ധര്‍മ്മം കൊടുത്തതോ?അതും നമ്മള്‍ക്കായിരുന്നു,ബാക്കിയുള്ളതെല്ലാം നമ്മുടേതാണെന്ന് പറയാന്‍ സാധിക്കുമോ?ആദ്യം പറഞ്ഞത് രണ്ടും നശിച്ചു പോയെങ്കില്‍ അവസാനം പറഞ്ഞത് മാത്രം നമ്മള്‍ക്കായി എന്നെനും ശേഷിക്കുന്നു.അതിനാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുക..

  നമസ്ക്കാരം പാഴാക്കരുത്.
              ഇന്ന് അധികം കച്ചവടക്കാരും ധന സമ്പാധനത്തിന്‍റെ തിരക്കില്‍ നമസ്ക്കാരം പാഴാക്കുന്നവരാണ്.പള്ളികളുടെ അടുത്ത് തന്നെ സ്ഥാപനങ്ങള്‍ ഉള്ളവരും ജമാഅത്ത് നടക്കുന്ന സമയത്തും അവരുടെ കച്ചവടത്തിന്‍റെ തിരക്കിലാണ്.എന്നാല്‍ അറിയുക സഹോദരാ,ഈ ദുനിയാവിനു അള്ളാഹുവിന്‍റെ  അടുക്കല്‍  ഒരു കൊതുകിന്‍റെ വില പോലും ഇല്ല നമസ്ക്കാരത്തിനായി ബാങ്ക് കൊടുത്താല്‍ നൈമിഷികമായ ഐഹിക ജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെച്ചു ശാശ്വതവും,ഉന്നതവുമായ പരലോകത്തിനു വേണ്ടി പണിയെടുക്കാന്‍ നാം തയ്യാറാകുക.നമസ്ക്കാരം പാഴാക്കിക്കൊണ്ട് കച്ചവടം നടത്തിയാല്‍ അത് വളരെയേറെ കുറ്റകരവും നിഷിദ്ധമായ കാര്യവും ആണ്.അങ്ങനെയുള്ള സമ്പാദ്യം നിഷിദ്ധവും ആണ്.അള്ളാഹു പറയുന്നു;"സത്യാ വിശ്വാസികളെ വെള്ളിയാഴ്ച്ച ദിവസം നമസ്ക്കാരത്തിനു വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും,വ്യാപാരം ഒഴിവാക്കുകയും ചെയ്യുക.അതാണ്‌ നിങ്ങള്‍ക്ക് ഉത്തമം.നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നു എങ്കില്‍ (soora:jumua:9)

                 
നിഷിദ്ധമായ സമ്പാദ്യവും, അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുന്നതിന് സഹായിക്കുന്നതിനെയും സൂക്ഷിക്കുക.കാരണം നമസ്ക്കാരം പാഴാക്കിയുള്ള കച്ചവടം നിഷിദ്ധവും,പാപത്തിലും ശത്രുതയിലും സഹായിക്കലുമാണ്.അല്ലാഹു പറയുന്നു:പാപത്തിലും,ശത്രുതയിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്.(soora:maayidha:2)

                 
നമസ്ക്കാരം മുടക്കിയുള്ള കച്ചവടം മദ്യം,സംഗീത ഉപകരണങ്ങള്‍,പുകയില വസ്തുക്കള്‍ പോലെയുള്ള നിഷിദ്ധ വസ്തുക്കള്‍ വില്‍ക്കുന്നതിനു തുല്യമാണ്.അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.അല്ലാഹുവിനെ ഭയപ്പെടുക.മരണം എന്ന യാഥാര്‍ത്ഥ്യം എപ്പോള്‍ എവിടെ വെച്ച് എന്ന് നമ്മള്‍ക്കറിയില്ലല്ലോ?എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം.പരലോകം നഷ്ട്ടപ്പെട്ടാല്‍ അത് വലിയ നഷ്ട്ടം തന്നെ.അള്ളാഹു നമ്മള്‍ക്ക് പൊറുത്തു തരട്ടെ.അള്ളാഹു അവനെ അനുസരിച്ച് കൊണ്ട് ജീവിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ..ആമീന്‍..
                        

ദൈവവിശ്വാസം, അതാണ്‌ എല്ലാം

"സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍)". [അദ്ധ്യായം 2 ബഖറ 45,46]

ജീവിതത്തിലെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്യാനുള്ള കരുത്ത് വിശ്വാസിക്ക് ലഭിക്കുന്നത് അവന്‍റെ വിശ്വാസത്തില്‍ നിന്നാണ്. തന്‍റെ സൃഷ്ടാവായ രക്ഷിതാവിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഞാന്‍ എന്ന ബോധം അവനു സുരക്ഷിതത്വം നല്‍കുന്നു. പരീക്ഷണങ്ങളില്‍ പതറാതെ നില്‍ക്കുന്നത് ഈ ശക്തി കൊണ്ടാണ്. വിശ്വാസത്തിന്‍റെ അര്‍ദ്ധഭാഗം ക്ഷമയാണ്. ക്ഷമിക്കാന്‍ കഴിയാത്തവന്‍ വിശ്വാസിയാവുകയില്ല എന്നര്‍ത്ഥം. ക്ഷമയുണ്ടാകുമ്പോഴെ കാത്തിരിക്കാനും സഹിക്കാനും സാധിക്കൂ. പ്രത്യാശ നിലനിര്‍ത്തി മുന്നോട്ടു പോവാന്‍ കഴിയുന്നതും ഇതിന്‍റെ ഭാഗമാണ്. സുഖദുഃഖ സമ്മിശ്രമായ ഈ ലോകത്ത് രണ്ടും മാറി മാറി വരാം. ഇന്നത്തെ ദുഃഖം എന്നത്തേതുമല്ല. കാത്തിരുന്നാല്‍ സന്തോഷത്തിന്‍റെ കാലം വരാനുണ്ട്. അതിനാല്‍ ക്ഷമ കൊണ്ട് നിങ്ങള്‍ ജീവിതത്തിനു കരുത്തും സഹായവും തേടുവിന്‍ എന്ന് അല്ലാഹു പറയുന്നു.
നമസ്കാരം എന്ന് നാം സാങ്കേതികമായി അര്‍ഥം പറയുന്ന 'സ്വലാത്ത്' എന്ന പദത്തിന് ഭാഷയില്‍ 'പ്രാര്‍ത്ഥന' എന്നാണര്‍ത്ഥം. നമസ്കാരത്തിന്‍റെ അന്തസ്സത്ത പ്രാര്‍ത്ഥനയാണല്ലോ. കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധപൂര്‍വ്വം നിര്‍വഹിക്കേണ്ട ഈ നമസ്കാരം ഭക്തിയുള്ളവര്‍ക്ക് വളരെ ലളിതമായും അല്ലാത്തവര്‍ക്ക് പ്രയാസമുള്ളതായും അനുഭവപ്പെടും. മനസ്സിനുള്ളിലേക്ക് വിശ്വാസം ആഴ്നിറങ്ങിയവര്‍ക്കു അതിരാവിലെ എഴുനേറ്റ് അംഗശുദ്ധി വരുത്തി തന്‍റെ സൃഷ്ടാവിന്റെ മുന്നില്‍ മുഖം കുനിക്കുന്നത് ഒട്ടും പ്രയാസകരമല്ല. പരലോക ചിന്തയില്ലാത്തവര്‍ക്കാകട്ടെ അത് കഠിനപ്രവൃത്തി തന്നെയാണ്. കപടവിശ്വാസികള്‍ക്ക് ഏറ്റവും പ്രയാസം കൂടിയ നമസ്കാരം ഇശാഅ', സുബഹി എന്നിവയാണെന്നു നബി (സ) പറഞ്ഞത് കാണാം.
അല്ലാഹുവിങ്കലേക്ക്‌ തിരിച്ചു ചെല്ലേണ്ടവരാണെന്നും അവന്‍റെ വിചാരണ നേരിടേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവര്‍ക്ക് ഈ ഭൂമിയിലെ ഏതു പ്രവര്‍ത്തനവും പ്രയാസമുള്ളതാവില്ല. പരലോകത്ത് ലഭിക്കാനിരിക്കുന്ന അവര്‍ണനീയമായ സ്വര്‍ഗീയ സുഖങ്ങളുടെ മുന്നില്‍ ഇവിടെ ഏതു പ്രയാസവും സഹിക്കാന്‍ അവനു കഴിയും. ഇല്ലെങ്കില്‍ വരാനിരിക്കുന്ന കഠിനശിക്ഷ അവന്‍ ഭയപ്പെടുന്നുണ്ട്.
ജീവിതത്തിനു അടുക്കും ചിട്ടയും വെളിച്ചവും നല്‍കുന്ന ഒരു മഹത്തായ ആരാധനയാണ് നമസ്കാരം. ഏതു തിരക്കുകള്‍ക്കിടയിലും തന്‍റെ നാഥനെ അല്‍പ്പസമയം പ്രത്യേകമായി ഓര്‍ക്കാനും അവനോടുള്ള ബന്ധം സുദൃഡമാക്കാനും വിശ്വാസി സമയം കണ്ടെത്തും. അതേസമയം പരലോകചിന്തയും ദൈവബോധവും ഇല്ലാത്തവര്‍ക്ക് ഇതൊരു വലിയ പ്രയാസകരമായി തോന്നുകയും ചെയ്യുന്നതാണ്.