ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല

"തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത്‌ വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക്‌ നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു." [അദ്ധ്യായം 46 അഹ്ഖാഫ് 15]
മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം വീശുന്നു.

1. സ്വര്‍ഗം ലഭിക്കുവാന്‍ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കണമെന്ന് മുകളില്‍ പ്രസ്താവിച്ചു. പുണ്യകര്‍മ്മം എന്ന് പറയുമ്പോള്‍ കേവലം അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ട നമസ്കാരം, നോമ്പ് തുടങ്ങിയവയാണ് മനുഷ്യബുദ്ധിയില്‍ വരിക. എന്നാല്‍ ഇവ കൊണ്ട് മാത്രം സ്വര്‍ഗം ലഭിക്കുകയില്ല. സമൂഹത്തോടുള്ള ബാധ്യതകളും നാം നിര്‍വഹിക്കണം. അവയില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നതാണ്. മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുകയില്ല.

2. പിതാവിനേക്കാള്‍ മാതാവിനാണ് നന്മ ചെയ്യേണ്ടത്. ഖുര്‍ആനില്‍ മാതാവിന്റെ പ്രയാസമാണ് പ്രത്യേകം ഉണര്‍ത്തുന്നത്.

3. മാതാവ് കുട്ടിക്ക് വേണ്ടി സഹിക്കുന്ന പ്രയാസമാണ് സൂക്തത്തില്‍ വിവരിക്കുന്നത്. ആ പ്രയാസത്തിന്റെ വര്‍ധനവ്‌ പരമാവധി പറയാന്‍ സാധ്യമല്ല. അതിനാല്‍ അല്ലാഹു ഏറ്റവും ചുരുങ്ങിയതാണ് സൂക്തത്തില്‍ പറയുന്നത്. അതായത് ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയത് 6 മാസമാണ്. മുലകുടിയുടെ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷവും (24 മാസം) ആണ്. വൈരുദ്ധ്യത്തിന്റെ പ്രശ്നം ഇവിടെ ഉത്ഭവിക്കുന്നില്ല.

4. ഉമ്മമാര്‍ ഏറ്റവും ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കണം.

5. നാല്‍പ്പതു വയസ്സിനെ അല്ലാഹു ഇവിടെ പ്രസ്താവിച്ചത് ഈ വയസ്സെത്തുമ്പോള്‍ നമുക്കും കുട്ടികള്‍ ഉണ്ടാവുന്നു. നമ്മുടെ കുട്ടികള്‍ക്ക് നമ്മെ ധിക്കരിക്കാനുള്ള പ്രായവും എത്തുന്നു. അങ്ങിനെ സ്വന്തം മക്കള്‍ തന്നെ ധിക്കരിക്കുന്ന സമയത്താണ് നമ്മുടെ കണ്ണ് തുറക്കുക എന്ന് അല്ലാഹു ഉണര്‍ത്തുകയാണ്. അതിന്റെ മുമ്പ് തന്നെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ കല്പ്പിക്കുകയാണ്.

6. സ്വന്തം മക്കള്‍ തിരിച്ചടിക്കുമ്പോള്‍ അവന്‍ തന്‍റെ മാതാപിതാക്കളോട് പെരുമാറിയത് ഓര്‍ക്കുകയും പടച്ചവനെ! ഞാന്‍ ചെയ്ത തെറ്റിന് എന്‍റെ മക്കളെക്കൊണ്ട് എന്നെ ശിക്ഷിക്കരുതേ! നീ എനിക്ക് പൊറുത്തുതരികയും എന്‍റെ മക്കളെ നല്ലവരാക്കിത്തരികയും ചെയ്യേണമേ എന്ന് അവന്‍ പ്രാര്‍ഥിക്കുകയാണ് . ഈ സൂക്തത്തിന്റെ മുമ്പിലും കണ്ണ് തുറക്കാത്ത മനുഷ്യര്‍ ഉണ്ടാകുമോ?! എത്ര വശ്യമായ ശൈലിയിലാണ് ഖുര്‍ആന്‍ ഈ വിഷയം അവതരിപ്പിക്കുന്നത്‌. ഏതെങ്കിലും പ്രത്യേകം ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഈ സൂക്തം അവതരിപ്പിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ