ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ഡിസംബർ 21, ബുധനാഴ്‌ച

പ്രിയമകനേ, സ്‌നേഹപൂര്‍വം.

ഇസ്‌ലാമിക ലോകത്തെ പ്രതിഭാവിസ്‌മയമായ അലിയ്യുബ്‌നു അബീത്വാലിബ്‌(റ), പുത്രന്‍ ഹസന്‍(റ)വിനെഴുതിയ കത്ത്‌, എക്കാലത്തെയും കൗമാരയൗവനങ്ങള്‍ക്കുള്ള താക്കീതും ഓര്‍മപ്പെടുത്തലുമാണ്‌:
``പ്രിയമകനേ! കാലത്തിന്റെ കറക്കം, ദുനിയാവിന്റെ വഞ്ചന, അടുത്തെത്തിക്കൊണ്ടിരിക്കുന്ന പരലോകം ഇവ എന്നെ സകലചിന്തകളില്‍ നിന്നും മുക്തനാക്കിയിരിക്കുന്നു. പരലോകത്ത്‌ പരാജയപ്പെടുമോ എന്ന പേടി എന്നെ അസ്വസ്ഥനാക്കുന്നു. അതിനാല്‍, പരലോകം വിജയപ്രദമാക്കാനുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയാണ്‌ ഞാനിപ്പോള്‍. നിനക്കായുള്ള എന്റെ ഈ അന്തിമവസ്വിയത്ത്‌ നീ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന്‌ ഞാനാശിക്കുന്നു. മോനേ, നീയെന്റെജീവനാണ്‌! ആത്മാവാണ്‌! നിനക്ക്‌ സംഭവിക്കുന്ന ഏത്‌ ആപത്തും നിന്നെ ബാധിക്കുന്നതിന്റെ മുമ്പ്‌ ഈ പിതാവിനെയാണ്‌ പിടികൂടുക.

മകനേ ഞാന്‍ നിന്നോട്‌ വസ്വിയത്ത്‌ ചെയ്യുന്നു, നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റെ ആജ്ഞ അനുസരിക്കുക. അവന്റെ ഖുര്‍ആന്‍ മുറുകെപിടിക്കുക. അതിനെക്കാള്‍ ശക്തമായ ഒരു പിടിവള്ളിയുമില്ല. പ്രിയമകനേ, മനസ്സിനെ സദുപദേശത്താല്‍ സജീവമാക്കുക. കഠിനാധ്വാനം ചെയ്യുക. ഈമാന്‍ ബലപ്പെടുത്തുക. വിജ്ഞാനം കൊണ്ട്‌ മനസ്സിനെ അലങ്കരിക്കുക. മരണചിന്തയാല്‍ അതിനെ കീഴ്‌പ്പെടുത്തുക. സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളെ മുന്നില്‍ കാണുക. കാലത്തിന്റെ കറക്കത്തില്‍ നശിച്ചുപോയവരെ പരിചയപ്പെടുക. അവരുടെ വാസകേന്ദ്രങ്ങള്‍ കണ്ട്‌ അവരുപേക്ഷിച്ച മണി മന്ദിരങ്ങളുടെ അവശിഷ്‌ടങ്ങള്‍ കാണുക. എന്നിട്ട്‌ മനസ്സിനോടിങ്ങനെ ചോദിക്കൂ: അവരെന്താണ്‌ ചെയ്‌തത്‌? എങ്ങോട്ടാണ്‌ അവര്‍ പോയത്‌? എവിടെയാണ്‌ സ്ഥിരതാമസമാക്കിയത്‌? ഇനിയുമവര്‍ മടങ്ങുമോ? വാസയോഗ്യമായതെല്ലാം നശിച്ചുപോയതായി നിനക്കപ്പോള്‍ മനസ്സിലാകും. നീയും ഒരു ദിവസം അങ്ങനെയായിത്തീരും. അതിനാല്‍ വിജയത്തിലെത്താന്‍ നിന്റെ സ്വഭാവം സംസ്‌കരിക്കുക. ദുനിയാവിന്‌ പകരമായി ആഖിറത്തിനെ വില്‍ക്കാതിരിക്കുക.
മകനേ, നീ നന്മയുടെ പ്രബോധകനാവുക. എങ്കില്‍ നീയും സച്ചരിതരുടെ പിന്‍ഗാമിയാകും. തിന്മയെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുക. തിന്മയുടെ അരികിലേക്ക്‌ പോലും നീ പോകരുത്‌. അല്ലാഹുവിന്റെ മാര്‍ഗത്തെ ആക്ഷേപിക്കുന്നവരെ നീ ഭയപ്പെടാതിരിക്കുക. സത്യമാര്‍ഗത്തില്‍ വിഷമങ്ങള്‍ സഹിക്കാന്‍ സന്നദ്ധനാകുക. ആ ക്ഷീണവും വിയര്‍പ്പും നിനക്ക്‌ ശക്തിപകരും. ആര്‍ക്കും പിന്നീട്‌ നിന്നെ അതിജയിക്കാനാവില്ല. നിന്നെക്കുറിച്ച്‌ ഞാന്‍ സന്തുഷ്‌ടനാവണമെങ്കില്‍ നീ അല്ലാഹുവിനെ ഭയപ്പെടുക. അവന്റ ആജ്ഞകളെല്ലാം അനുസരിക്കുക. നല്ലവരോടൊപ്പം സഞ്ചരിക്കുക.
പ്രിയമകനേ, ആരുടെ കയ്യിലാണോ മരണം, അവന്റെ കയ്യില്‍ തന്നെയാണ്‌ ജീവിതവുമെന്നും നന്നായി മനസ്സിലാക്കുക. ജീവന്‍ നല്‍കുന്നവന്‍ തന്നെയാണ്‌ അത്‌ ഒടുക്കുന്നവനും. പ്രയാസങ്ങള്‍ തരുന്നവന്‍ തന്നെയാണ്‌ അതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്നവനും. അതിനാല്‍ മരണവും ജീവിതവും അവന്‌ സമര്‍പ്പിക്കുക. പ്രപഞ്ചത്തിന്റെ ചലനങ്ങളെല്ലാം അല്ലാഹുവിന്‌ വിധേയമാണെന്ന്‌ ഉറച്ചുവിശ്വസിക്കുക. നിനക്കറിയാത്തതിനെ നിഷേധിക്കരുത്‌. നിന്റെ ബുദ്ധിയുടെ പോരായ്‌മയെ ഏറ്റവും നന്നായി തിരിച്ചറിയേണ്ടത്‌ നീയാണ്‌. ഒന്നുമറിയാത്തവനായാണ്‌ നീ വന്നത്‌. പിന്നെ നീ വിജ്ഞാനം നേടി. ഇനിയും എന്തെല്ലാം അറിയേണ്ടവനാണു നീ!
പ്രിയമകനേ, അല്ലാഹുവിനെക്കുറിച്ച്‌ തിരുനബി(സ) പഠിപ്പിച്ച പോലെ വേറെയാരും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ അവിടുത്തെ മാര്‍ഗദര്‍ശനങ്ങളെല്ലാം നീ അറിയുക. ആ വഴിയില്‍ നീയും നടക്കുക. എങ്കില്‍ പരലോകവിജയം നിനക്കുള്ളതാണ്‌. തീര്‍ച്ചയായും മരണം വരാനുണ്ട്‌. ഉണങ്ങിവരണ്ട ഭൂമിയില്‍ നിന്ന്‌ ഹരിതാഭയാര്‍ന്ന ലോകത്തേക്ക്‌ യാത്ര തിരിച്ചവരാണ്‌ മനുഷ്യര്‍. വഴിമധ്യേയുള്ള വിഷമങ്ങള്‍ സഹിക്കേണ്ടവര്‍. പട്ടിണിയും ദാഹവും അനുഭവിക്കേണ്ടവര്‍. വേര്‍പാട്‌ അനുഭവിക്കേണ്ടവര്‍. ഉറ്റവരെ നഷ്‌ടപ്പെടേണ്ടവര്‍. യഥാര്‍ഥ ജ്ഞാനികള്‍ ഒന്നിലും തകരില്ല. വിഷമങ്ങളെല്ലാം പാഠങ്ങളായി സ്വീകരിക്കുന്നവര്‍. ചെലവഴിക്കുന്നതില്‍ നിന്ന്‌ മുഖം തിരിക്കാത്തവര്‍. ഓരോ കാല്‍വെപ്പും പ്രതീക്ഷയോടെയാക്കുന്നവര്‍. എന്നാല്‍ ദുനിയാവിനോട്‌ ഒട്ടിപ്പിടിച്ചവര്‍ക്ക്‌ വേര്‍പാട്‌ അസഹ്യമായിരിക്കും. ഓരോ അനുഭവവും അവര്‍ക്ക്‌ ഭയമാണ്‌. കണ്ണീരു താങ്ങാനാവാത്തവര്‍. ഭയത്താല്‍ അവര്‍ അട്ടഹസിച്ചുപോകും. ദുന്‍യാവിനെ വലുതായി കാണുന്നവര്‍ക്ക്‌ സങ്കടങ്ങളെല്ലാം വലുതായിരിക്കും.
പ്രിയമകനേ, നിനക്ക്‌ മുമ്പില്‍ ഭയങ്കരമായ ഒരു കിടങ്ങുണ്ട്‌. ആരോഗ്യവാനായ മനുഷ്യന്‍ അത്‌ വേഗം തരണം ചെയ്യുന്നു. ക്ഷീണിതനായ മനുഷ്യന്റെ കാലുകള്‍ കുടുങ്ങിപ്പോകുന്നു. നിനക്ക്‌ ഈ കിടങ്ങ്‌ തരണം ചെയ്യേണ്ടതുണ്ട്‌. അപ്പുറത്ത്‌ നരകമോ സ്വര്‍ഗമോ ആണ്‌. മരണത്തിനു ശേഷം ദുഖിക്കാതിരിക്കാന്‍ നല്ല സങ്കേതം ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുക. മോനേ, നീ ദുനിയാവിനു വേണ്ടിയല്ല, ആഖിറത്തിനു വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനാണ്‌. നീ ഇപ്പോഴുള്ളത്‌ അസ്ഥിരമായ ലോകത്താണ്‌. പരലോക വിജയത്തിന്‌ തയ്യാറാവാനുള്ള സ്ഥലമാണിത്‌. ഇത്‌ മാത്രമാണ്‌ നിനക്കുള്ള അവസരം. മരണം നിന്റെ തൊട്ടു പിറകിലുണ്ട്‌. എത്ര ഓടിയാലും നിനക്ക്‌ രക്ഷപ്പെടാനാവില്ല. ഒരുനാള്‍ മരണം നിന്നെ വാരിയെടുക്കുക തന്നെ ചെയ്യും. അതിനാല്‍ ശ്രദ്ധയോടെ ജീവിക്കുക. പശ്ചാത്തപിക്കാനുള്ള ഒരവസരം പോലും നീ കൈവെടിയരുത്‌

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമുണ്ടോ?

സത്യവിശ്വാസി ഏതൊരു സല്‍ക്കര്‍മം ചെയ്യുമ്പോഴും അല്ലാഹുവിന്നുവേണ്ടിയാണ്‌ അത്‌ ചെയ്യുന്നതെന്ന വിചാരം ഉണ്ടായിരിക്കണം. മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഭൗതിക താല്‌പര്യങ്ങള്‍ ലക്ഷ്യമാക്കിയോ ആണ്‌ പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അവ നിയ്യത്തില്ലാത്ത കര്‍മങ്ങളായിരിക്കും. ഇതുസംബന്ധിച്ച അടിസ്ഥാന പ്രമാണം ഖലീഫ ഉമര്‍(റ) ഉദ്ധരിച്ച ഒരു നബിവചനമാണ്‌.
``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്ക്‌ അനുസൃതമായിട്ട്‌ മാത്രമായിരിക്കും. ഏതൊരു മനുഷ്യന്നും ലഭിക്കുന്നത്‌ അയാള്‍ ഉദ്ദേശിച്ചത്‌ മാത്രമായിരിക്കും. വല്ലവനും ഹിജ്‌റ(പലായനം) ചെയ്യുന്നത്‌ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയാകുന്നു. വല്ലവന്റെയും ഹിജ്‌റ ഭൗതിക നേട്ടം കരസ്ഥമാക്കുന്നതിനുവേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹംകഴിക്കുന്നതിനുവേണ്ടിയോ ആണെങ്കില്‍ അവന്‍ എന്ത്‌ ഉദ്ദേശിച്ച്‌ ഹിജ്‌റ ചെയ്‌തുവോ അതിന്‌ മാത്രമേ അവന്റെ ഹിജ്‌റ ഉതകുകയുള്ളൂ'' (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌). ഹിജ്‌റ പോകുമ്പോള്‍, ഞാന്‍ ഇന്ന സമയത്ത്‌ മദീനയിലേക്ക്‌ പുറപ്പെടും എന്ന്‌ പറയണമെന്നല്ല ഈ നബിവചനത്തിന്റെ താല്‌പര്യം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ റസൂലിനോടൊപ്പം ചെന്നുചേരുക എന്ന ഉദ്ദേശ്യത്തോടെ സ്വദേശം വിട്ട്‌ മദീനയിലേക്ക്‌ പോകുമ്പോഴേ അത്‌ സ്വീകാര്യമായ പുണ്യകര്‍മമാവുകയുള്ളൂ എന്നത്രെ പ്രസ്‌തുത വചനത്തില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെളിവ്‌ ``നോമ്പെടുക്കാന്‍ പ്രഭാതത്തിന്‌ മുമ്പായി തീരുമാനിക്കാത്തവന്‌ നോമ്പില്ല'' (ഇബ്‌നു ഉമര്‍ മുഖേന തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചത്‌) എന്ന നബിവചനമാണ്‌. പ്രത്യേക കാരണമൊന്നും ഇല്ലെങ്കില്‍ ഓരോ സത്യവിശ്വാസിയും റമദാനിലെ എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കണമെന്ന്‌ തീരുമാനമെടുത്തവനായിരിക്കും. നോമ്പ്‌ തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴുമെല്ലാം അടുത്തദിവസം നോമ്പെടുക്കണമെന്ന വിചാരം അവന്റെ മനസ്സിലുണ്ടായിരിക്കും. ഈ വിചാരം തന്നെയാണ്‌ ഉപര്യുക്ത ഹദീസിലെ പരാമര്‍ശവിഷയം. `ഈ കൊല്ലത്തെ റമദാന്‍ മാസത്തിലെ നോമ്പ്‌ നോറ്റുവീട്ടുന്നതിനായി അല്ലാഹുവിനുവേണ്ടി ഞാന്‍ നാളെ നോമ്പ്‌ നോല്‌ക്കാന്‍ കരുതിയിരിക്കുന്നു' എന്ന്‌ മലയാളത്തിലും അറബിയിലും മൊഴിയണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. അതിനാല്‍ നിയ്യത്ത്‌ ചൊല്ലല്‍ ഫര്‍ദോ സുന്നത്തോ അല്ല.
അല്ലാഹുവിന്റെ കല്‌പന മാനിച്ചുകൊണ്ടും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും വ്രതമനുഷ്‌ഠിക്കുന്നതിന്‌ പകരം, രോഗശമനം ലക്ഷ്യമാക്കിയോ മറ്റു ഭൗതിക കാരണങ്ങളാലോ ഒരാള്‍ ആഹാരപാനീയങ്ങള്‍ വര്‍ജിക്കുകയാണെങ്കില്‍ അത്‌ ശരിയായ നിയ്യത്തില്ലാത്ത നോമ്പായിരിക്കുമെന്ന്‌ ആദ്യം ഉദ്ധരിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. അത്‌ അല്ലാഹുവിങ്കല്‍ പരിഗണനീയമായ പുണ്യകര്‍മമാവുകയില്ല.
ഒരു ദിവസം നബി(സ) എന്റെ അടുത്ത്‌ കടന്നുവന്നിട്ട്‌, നിങ്ങളുടെ പക്കല്‍ (ഭക്ഷിക്കാന്‍) വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചു. ഒന്നുമില്ലെന്ന്‌ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ``എങ്കില്‍ ഞാന്‍ നോമ്പെടുക്കുകയാണ്‌.'' മറ്റൊരു ദിവസം അദ്ദേഹം ഞങ്ങളുടെ അടുത്തുവന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ച്‌ `ഹൈസ്‌' (ഒരു മധുരപലഹാരം) പാരിതോഷികമായി കിട്ടിയിട്ടുണ്ടെന്ന്‌ ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ``അതെനിക്ക്‌ കാണിച്ചുതരൂ. ഞാന്‍ ഇന്ന്‌ വ്രതമനുഷ്‌ഠിച്ചിരിക്കുകയായിരുന്നു.'' തുടര്‍ന്ന്‌ അദ്ദേഹം അത്‌ കഴിച്ചു. ആഇശ(റ)യില്‍ നിന്ന്‌ ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധമല്ലാത്ത നോമ്പ്‌ അനുഷ്‌ഠിക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ രാവിലെ തീരുമാനമെടുത്താലും മതിയെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍
ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണ്‌ ചെയ്യേണ്ടത്‌?
വി അബ്‌ദുല്‍വാഹിദ്‌ കുവൈത്ത്‌
ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

സ്വാര്‍ഥരാവുക

                     അതെ, സ്വാര്‍ഥരാവുക. സ്വാര്‍ഥരാകാന്‍ പാടില്ലാത്തവരാണ്‌ നാം. വ്യക്തിപരമായ ഇഷ്‌ടങ്ങളില്‍ ഒട്ടും സ്വാര്‍ഥതയില്ലാതെ ജീവിക്കാനാണ്‌ നമുക്കുള്ള നിര്‍ദേശം. പക്ഷേ, നാം കടുത്ത സ്വാര്‍ഥരാകേണ്ട ഒരു വിഷയം നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്‌; അത്‌ നമ്മുടെ പരലോകമാണ്‌. പരലോകത്തിന്റെ കാര്യത്തില്‍ എത്ര സ്വാര്‍ഥമാകാന്‍ സാധിക്കുന്നുണ്ടോ അത്രയും വിജയം നമ്മുടെ കൂടെ പോരും.

                     വ്യക്തിപരമായ ഇഷ്‌ടങ്ങളിലും നിലപാടിലും ഏറ്റവും കര്‍ക്കശമായ സമീപനം പുലര്‍ത്താന്‍ സാധിക്കേണ്ടതും പരലോകത്തിന്റെ കാര്യത്തിലായിരിക്കണം. ഭൗതിക കാര്യങ്ങളില്‍ എത്ര തന്നെ വിട്ടുവീഴ്‌ചയും മറ്റുള്ളവര്‍ക്കുള്ള പരിഗണനയും നല്‍കാന്‍ സാധിച്ചാലും പരലോകത്തിലേക്കുള്ള വിഷയങ്ങളില്‍ അതൊന്നും ഒട്ടും നമ്മെ സ്വാധീനിക്കരുത്‌.
                    തനിച്ചിരുന്ന്‌ കരയുന്ന ആഇശ(റ)യോട്‌ തിരുനബി(സ) കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ``നരകത്തെക്കുറിച്ചോര്‍ത്ത്‌ കരഞ്ഞതാണ്‌ റസൂലേ; അന്ത്യനാളില്‍ അങ്ങ്‌ അങ്ങയുടെ കുടുംബത്തെ ഓര്‍ക്കുമോ?''
                          

                   ഈമാന്‍ സ്വാധീനിക്കുമ്പോള്‍ മനസ്സില്‍ നിന്നുയരുന്ന ചോദ്യമാണിത്‌. തിരുനബി(സ)യുടെ മറുപടി പക്ഷേ, ആഇശാബീവിക്ക്‌ ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ``ആഇശാ, മൂന്ന്‌ സന്ദര്‍ഭങ്ങളില്‍ ഒരാളും മറ്റൊരാളെ ഓര്‍ക്കില്ല. നന്മതിന്മകള്‍ തൂക്കുന്ന തുലാസിനടുത്ത്‌ വെച്ച്‌ -തന്റെ തുലാസ്‌ ഭാരം കുറയുമോ കൂടുമോ എന്ന ഭയമായിരിക്കും ഓരോരുത്തര്‍ക്കും. കര്‍മപുസ്‌തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ -വലതുകൈയിലാണോ ഇടതുകൈയിലാണോ പിന്നിലൂടെയാണോ അത്‌ നല്‍കപ്പെടുക എന്നറിയുന്നതു വരെ. നരകത്തിന്‌ അഭിമുഖമായി പാലം വെക്കപ്പെടുമ്പോള്‍ -അത്‌ മുറിച്ചുകടക്കുന്നതു വരെ.'' (അബൂദാവൂദ്‌ 4755)
പ്രപഞ്ചത്തിന്റെ എല്ലാ സംവിധാനങ്ങളും തകിടം മറിയുന്ന അന്ത്യനാളില്‍ ബന്ധങ്ങളുടെ ശക്തമായ ചരടുകളും തകര്‍ന്നുപോകുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും നര ബാധിക്കുന്ന, ഭാരമേറിയ ആ ദിനത്തില്‍ (അദ്ദഹ്‌ര്‍ 27, മുസ്സമ്മില്‍ 17) ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ മാത്രം തുണയ്‌ക്കെത്തുന്നു. ഇഷ്‌ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച്‌ സ്വന്തം നേട്ടത്തിന്ന്‌ മാത്രമായി ഓടിപ്പായുന്ന ആ ദിനം ഓര്‍ക്കും തോറും ഹൃദയത്തില്‍ ഭയത്തിന്റെ തീനാളങ്ങള്‍ പടര്‍ന്നുകയറുന്നു!

                    നാം ഓരോരുത്തരും ഏറ്റവും സ്വാര്‍ഥരാകുന്ന നിമിഷമാണ്‌ വിചാരണയുടെ നിമിഷം. വെയിലുകൊണ്ടും വിയര്‍പ്പൊഴുക്കിയും നാം വളര്‍ത്തിയെടുത്ത മക്കളോ കുടുംബമോ നമ്മെ തിരിഞ്ഞുനോക്കുന്നില്ല. നമുക്കും ആരെയും വേണ്ട. ആര്‍ക്കും ആരെയും ആവശ്യമില്ല. ശരി. അന്നു നമ്മള്‍ സ്വാര്‍ഥരായിപ്പോകും. എങ്കില്‍ ആ ദിവസത്തിനു വേണ്ടി ഇന്നും നമ്മള്‍ സ്വാര്‍ഥരായേ പറ്റൂ.

                   മാരകരോഗം ബാധിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ മടങ്ങിയെത്തിയ ഒരാളെ കണ്ടുമുട്ടി. നിറഞ്ഞ കണ്ണുകളോടെ കൈ മലര്‍ത്തി അയാള്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``കുറെ നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ചെയ്‌തില്ല. മക്കളെന്നും കുടുംബമെന്നും പറഞ്ഞ്‌ പണമുണ്ടാക്കാന്‍ തിരിഞ്ഞു. ഒക്കെ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എന്റെ സമയവുമിതാ തീര്‍ന്നു...''
അലസജീവിതം നയിക്കുന്നവര്‍ക്കുള്ള താക്കീതാണിത്‌. ഏറെ ഗൗരവമുള്ള കാര്യങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തി കൊച്ചു കാര്യങ്ങളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കുന്നത്‌ പിശാചിന്റെ സൂത്രമാണ്‌. പക്ഷേ, നമ്മുടെ കാര്യത്തില്‍ കൂടുതല്‍ വിജയിക്കുന്നത്‌ പിശാചാണ്‌.
                  

                 ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ മുആവിയ(റ) പറഞ്ഞതിങ്ങനെയായിരുന്നു: ``അബൂബക്‌ര്‍ ദുനിയാവിനെ ആഗ്രഹിച്ചില്ല. ദുന്‍യാവ്‌ അബൂബകറിനെയും ആഗ്രഹിച്ചില്ല. ഉമറിന്റെ മുമ്പില്‍ ദുന്‍യാവ്‌ കുന്നുകൂടിയെങ്കിലും ഉമര്‍ തിരിഞ്ഞുനോക്കിയില്ല. നമ്മളോ, അകവും പുറവും ദുന്‍യാവില്‍ മുങ്ങിയിരിക്കുകയാണ്‌.''
                  നമ്മുടെ കാലത്ത്‌ കൂടുതല്‍ ശരിയായ സത്യമാണിത്‌. പരലോകം നമ്മുടെ ഹൃദയത്തെ ഇനിയും കീഴടക്കിയിട്ടില്ല. ആ വിചാരം ജീവിതമേഖലകളെ ഇനിയും വേണ്ട വിധം സ്വാധീനിച്ചിട്ടില്ല. അതിന്റെ പോരായ്‌മകള്‍ അകത്തും പുറത്തും വേണ്ടുവോളം കാണുന്നുണ്ട്‌.


                 ഉമര്‍(റ) അസാധാരണ മാതൃകയാണ്‌. പരലോകബോധം ഹൃദയത്തിലുള്‍ച്ചേര്‍ന്നതിന്റെ സാക്ഷ്യമായിരുന്നു ആ ജീവിതം. ``നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. അതു തടയാന്‍ ആര്‍ക്കും സാധ്യമല്ല'' എന്ന ഖുര്‍ആന്‍ വചനം ആദ്യമായി കേട്ട ഉമര്‍, തലചുറ്റി വീണു. മൂന്ന്‌ ആഴ്‌ചയോളം പനിച്ചുകിടുന്നു. അങ്ങാടിയിലൂടെ നടക്കുമ്പോഴും ഉമറിന്റെ ചുണ്ടില്‍ ഈ ഖുര്‍ആന്‍ വചനമായിരുന്നു. പ്രാര്‍ഥനാസമയത്ത്‌ കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. ആ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകളുണ്ടായിരുന്നുവത്രെ.
                പരലോകം എത്രയാണോ മനസ്സില്‍ വേരുപിടിക്കേണ്ടത്‌, അത്രയും വേരുപിടിച്ചത്‌ ഇഹലോകമായിരിക്കുന്നു. സുഖങ്ങള്‍ മതിവരാത്ത മനസ്സും ആര്‍ത്തിയൊടുങ്ങാത്ത ജീവിതവും പൂതി തീരാത്ത പണമോഹവും ആത്മാര്‍ഥത നഷ്‌ടപ്പെട്ട്‌ കര്‍മങ്ങളും ഭൗതികനേട്ടം കൊതിക്കുന്ന മതപ്രവര്‍ത്തനങ്ങളും സംഭവിക്കുന്നത്‌ അതുകൊണ്ടാണ്‌.


               അല്ലാഹുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം കവിയുന്ന ഹൃദയവും പരലോകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ വിതുമ്പുന്ന മനസ്സും നമ്മുടെ സമ്പാദ്യമാകട്ടെ.


പ്രണയത്തെക്കാള്‍.........

 വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമെന്താണ്‌? പരസ്‌പരമുള്ള ഇഷ്‌ടമാണോ? ഇഷ്‌ടത്തിന്‌ പ്രാധാന്യമുണ്ട്‌. ഇഷ്‌ടത്തെക്കാള്‍ പ്രധാനമാണ്‌ അന്യോന്യമുള്ള മനസ്സിലാക്കല്‍. തമ്മില്‍ മനസ്സിലാക്കുന്നവര്‍ക്കിടയിലെ ഇഷ്‌ടവും പ്രണയവുമാണ്‌ ഏറ്റവും ആനന്ദകരമായിത്തീരുന്നത്‌. ചിലര്‍ ഇഷ്‌ടം കൊണ്ട്‌ ഇണയെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം; തമ്മിലൊന്നു കാണാതിരിക്കാന്‍ പോലുമാവാത്ത ആഴമേറിയ ഇഷ്‌ടം. പക്ഷേ, അങ്ങനെയുള്ളവര്‍ക്ക്‌ പലപ്പോഴും സ്വന്തം ഇണയെ മനസ്സിലാക്കുന്നിടത്ത്‌ വലിയ പരാജയം സംഭവിക്കുന്നു. അവര്‍ ചരിത്രത്തിലെ രണ്ടു വ്യക്തികളെ വീണ്ടും വീണ്ടും പഠിക്കേണ്ടതുണ്ട്‌. ഹാജിറാബീവിയും ഖദീജാ ബീവിയുമാണത്‌.

എന്താണ്‌ ഹാജിറിന്റെ പ്രത്യേകത?

എന്താണ്‌ ഖദീജയുടെ പ്രത്യേകത?

ചരിത്രത്തിന്റെ മുകളില്‍ തിളങ്ങി നില്‌ക്കുന്ന ഈ രണ്ടു വ്യക്തിത്വങ്ങള്‍ എങ്ങനെയാണ്‌ സവിശേഷതയുള്ളവരായത്‌?
കാരണം മറ്റൊന്നുമല്ല, ഇണയെ വേണ്ടുവോളം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ സാധിച്ചുവെന്നതു തന്നെ.

ആരായിരുന്നു ഹാജിര്‍?
സ്വന്തമായൊരു പേരുപോലുമില്ലാത്ത വെറുമൊരു അടിമ സ്‌ത്രീ. യജമാനന്‍ വിളിക്കുന്നതെന്തോ അതാണ്‌ അടിമയുടെ പേര്‌. യജമാനന്‍ നല്‌കുന്നതാണ്‌ അടിമയുടെ ഭക്ഷണം. സ്വന്തമായ തീരുമാനങ്ങളോ ഇഷ്‌ടാനിഷ്‌ടങ്ങളോ ഇല്ല.

                  മക്കയിലേക്ക്‌ ഹിജ്‌റ വന്നവളായതിനാല്‍ പേര്‌ `ഹാജിര്‍' എന്നായി. ഇസ്‌മാഈലിന്റെ ഉമ്മക്ക്‌ പേര്‌ ആവശ്യമില്ല. കാപ്പിരിക്കൂട്ടത്തില്‍ ജനിച്ചുവളര്‍ന്ന, അടിമക്കമ്പോളത്തില്‍ വില്‌പനച്ചരക്കായിരുന്ന വെറുമൊരു സ്‌ത്രീ, സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറത്തും എന്തുകൊണ്ടാണ്‌ നമ്മുടെ ഹൃദയത്തില്‍ അണയാത്ത ആവേശമായി ജ്വലിക്കുന്നത്‌?
ഇസ്‌മാഈല്‍ എന്ന പിഞ്ചോമനയെയും, ആദ്യപ്രസവത്തിന്റെ ആധിയും ക്ഷീണവും വിട്ടുമാറിയിട്ടില്ലാത്ത ആ ഉമ്മയെയും മക്കാ മരുഭൂവില്‍ തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിച്ചുപോരുന്നു.
ഒന്നിനും എതിരു പറയാതെ, സംശയത്തിന്റെ ഒരു നോട്ടം പോലും ബാക്കിയാക്കാതെ ഹാജിറ എല്ലാത്തിനും ഒപ്പം നില്‌ക്കുന്നു.

കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആ ഉമ്മ എത്ര കഷ്‌ടപ്പെട്ടിരിക്കും!
കുഞ്ഞ്‌ വളര്‍ന്നുതുടങ്ങുന്നു. 
അന്ന്‌ പോയ പിതാവ്‌ തിരിച്ചുവരുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം. `മതി, തിരിച്ചുപോകാം' എന്നു പറയാനല്ല.
`മതി, ഇനിയിവനെ ബലിയറുക്കണം' എന്നു പറയാന്‍!

ഹാജിറിന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയിട്ടുണ്ടാവും. ആ കണ്ണില്‍ കടലോളം കണ്ണീര്‍ കനത്തിരിക്കും. എന്നിട്ടും ഒരക്ഷരം പറഞ്ഞില്ല. `വേണോ?' എന്ന ചെറുചോദ്യം പോലും ഉയര്‍ത്തിയില്ല. കുഞ്ഞിനെ അണിയിച്ചൊരുക്കി പിതാവിന്റെ കൈയിലേല്‌പിക്കുന്നു. അതാണ്‌ ഹാജിര്‍.
ഇണയെ അറിയാം. ഇണയുടെ നിയോഗങ്ങളറിയാം. നിര്‍വഹിച്ചു തീര്‍ക്കാനുള്ള ബാധ്യതകളറിയാം. അങ്ങനെയാണ്‌ ആ ഭാര്യ ചരിത്രത്തിന്റെ ഔന്നത്യങ്ങളിലെത്തിയത്‌.

ഖദീജയോ?
ആരായിരുന്നു ഖദീജ? മക്കയിലെ രാജകുമാരിയായിരുന്നു. ഏറ്റവും സമ്പന്നയായ സ്‌ത്രീ. എന്നിട്ടോ?

                 പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി. കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ കുളിരായി. ശിഅബു അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച്‌ ഖദീജയുടെ സ്‌നേഹമുണ്ടായിരുന്നു. ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക്‌ കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ.

മനസ്സിലാക്കല്‍ തന്നെയാണ്‌ പ്രധാനം. 
നമ്മെ വേണ്ടുവോളം സ്‌നേഹിക്കുന്നവര്‍ വേറെയുമുണ്ടാകും. അക്കൂട്ടത്തിലൊരാളാവുന്നതിലല്ല, ആരെക്കാളുമേറെ നമ്മെ മനസ്സിലാക്കുന്നിടത്താണ്‌ ഇണയുടെ വിജയം. എത്ര ദൂരേക്കു പോയ്‌ മറയുമ്പോഴും, പുഞ്ചിരിച്ച്‌ യാത്രയാക്കാന്‍ അങ്ങനെയുള്ള ഇണകള്‍ക്കേ സാധിക്കൂ. ഓരോ വാക്കും നോക്കും സ്‌പര്‍ശവും ഇഷ്‌ടവും അനിഷ്‌ടവും മറ്റാരെക്കാളും അന്യോന്യം തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ വിവാഹ ജീവിതത്തിന്റെ സമ്പൂര്‍ണ സൗന്ദര്യം അനുഭവിക്കാം. ഇഷ്‌ടം പോലും ആരംഭിക്കേണ്ടത്‌ തമ്മിലുള്ള മനസ്സിലാക്കലില്‍ നിന്നാണ്‌. 
നോക്കൂ, ലഭിച്ച സ്‌നേഹമെല്ലാം ഖദീജക്ക്‌ തിരുനബി(സ) തിരിച്ചുനല്‍കി. ഖദീജയോടുള്ള സ്‌നേഹം ഹൃദയത്തില്‍ പതിഞ്ഞുവെന്ന്‌ തിരുനബി പലവട്ടം പറഞ്ഞു. ഖദീജക്ക്‌ മുമ്പ്‌ തിരുനബി ആരെയും പ്രണയിച്ചിട്ടില്ല. ഖദീജയുടെ ശേഷം ആ പ്രണയം മറ്റൊരാള്‍ക്കും നല്‌കിയതുമില്ല. ഉമ്മയില്ലാത്ത റസൂലിന്‌ ഉമ്മയുടെ വാത്സല്യവും പെങ്ങളില്ലാത്ത റസൂലിന്‌ പെങ്ങളുടെ അടുപ്പവും പ്രണയിനിയുടെ കുളിരും ഭാര്യയുടെ കാവലും ഉടപ്പിറപ്പിന്റെ വാത്സല്യവും എല്ലാം ഖദീജയാണ്‌ ചൊരിഞ്ഞത്‌. ഉന്നതനായ തിരുദൂതരുടെ പ്രണയം പിടിച്ചുപറ്റാന്‍ ഖദീജാബീവി ഒരു കാര്യം മാത്രമേ ചെയ്‌തിട്ടുള്ളൂ; തന്റെ പ്രിയതമനെ വേണ്ടുവോളം മനസ്സിലാക്കി!


   ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക്‌ ഇണയുടെ പിന്തുണ മറ്റാരെക്കാളും പ്രധാനമാണ്‌. മുഖം കറുപ്പിക്കാതെ ഭര്‍ത്താവിനെ യാത്രയാക്കാനും മുഖം കനപ്പിക്കാതെ കാത്തിരിക്കാനും അവര്‍ക്ക്‌ സാധിക്കണം. ഉന്നതമായൊരു ബാധ്യത നിറവേറ്റാനുള്ള പ്രയത്‌നത്തില്‍ ഭര്‍ത്താവിന്‌ കരുത്തും ആവേശവും പകരുന്ന ഭാര്യമാരാണ്‌ ഇസ്‌ലാമിക ദൗത്യത്തിന്റെ പിന്‍ബലം. പ്രിയതമനു വേണ്ടി പ്രാര്‍ഥിച്ചും പിന്‍തുണച്ചും വീട്ടില്‍ കഴിയുമ്പോഴും മഹത്തായൊരു പ്രസ്ഥാനത്തെയാണ്‌ അവര്‍ ശക്തിപ്പെടുത്തുന്നത്‌. 

              സമരസേനാനികളെ ദഫ്‌ മുട്ടിയും പാട്ടുപാടിയും ആവേശഭരിതരാക്കിയ സ്വഹാബി വനിതകളെപ്പോലെയാണവര്‍. ഹാജിറിന്റെയും ഖദീജയുടെയും മക്കളാണവര്‍.


2011, ജൂലൈ 2, ശനിയാഴ്‌ച

ഭാര്യാഭര്‍ത്താക്കന്മാരുടെ ബാധ്യതകള്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം പാലിക്കേണ്ട കടമകളും
കടപ്പാടുകളും ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്‌. സൂറത്തുല്‍ബഖറയിലെ 228-ാം വചനത്തില്‍ ഈ കാര്യം സൂചിപ്പിച്ചതായി കാണാം. നബി(സ) നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭാര്യമാരോടും ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്മാരോടും ചില ബാധ്യതകളും അവകാശങ്ങളുമുണ്ടെന്ന്‌ വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (ഇബ്‌നുമാജ 1851)

ഇതില്‍ ഒന്നാമത്തേത്‌ അവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, താമസസ്ഥലം എന്നിവ മാന്യമായ നിലയില്‍ നല്‍കലാണ്‌. ഭാര്യക്ക്‌ താന്‍ എന്തൊക്കെയാണ്‌ കൊടുക്കേണ്ടതെന്ന്‌ ആരാഞ്ഞ ഒരു സ്വഹാബിയോട്‌ നബി(സ) പറഞ്ഞത്‌ ഇങ്ങനെയാണ്‌: ``നീ ഭക്ഷിക്കുന്നതുപോലെ അവള്‍ക്കും ഭക്ഷണം നല്‌കുക. നീ ധരിക്കും പോലെ അവള്‍ക്കും ആവശ്യമായ വസ്‌ത്രം നല്‌കുക. നീ അവളുടെ മുഖത്തടിക്കുകയോ അസഭ്യം വിളിക്കുകയോ അരുത്‌. അവളുമായി പിണങ്ങി വീടുമാറി താമസിക്കരുത്‌.'' (അഹ്‌മദ്‌ 4:447, 5:3)

രണ്ട്‌), അവളുമായി ലൈംഗിക ബന്ധം നടത്തല്‍. സൂറത്തുല്‍ ബഖറയിലെ 226-ാം വചനപ്രകാരം നാലു മാസത്തിലൊരിക്കലെങ്കിലും ഈ ബന്ധപ്പെടല്‍ വേണമെന്ന്‌ സൂചനയുണ്ട്‌. അതല്ലെങ്കില്‍ എല്ലാ ഓരോ ശുദ്ധികാലങ്ങളിലും. ലൈംഗികദാഹം തീര്‍ക്കല്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അനിവാര്യമായ തേട്ടമാണ്‌.

മൂന്ന്‌), ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ അവരിലെ ഒരുവളുമായി കൂടുതല്‍ ചായ്‌വ്‌ കാണിക്കുന്നത്‌ ശരിയല്ല. അത്‌ ശിക്ഷാര്‍ഹമാണ്‌. ഭാര്യമാര്‍ക്കിടയില്‍ നീതിയോടെയുള്ള വിഹിതങ്ങള്‍ നല്‌കേണ്ടതുണ്ട്‌. അയാള്‍ അനീതി കാണിച്ചാല്‍ പരലോകത്ത്‌ ശരിയായ വിധം നടക്കാനാകാതെ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നടക്കേണ്ടി വരുന്ന ദുരവസ്ഥയാണുണ്ടാവുക. ഇത്‌ ഇത്തരക്കാരുടെ അടയാളമായിട്ടാണ്‌ നബി(സ) സൂചിപ്പിച്ചിട്ടുള്ളത്‌. (അഹ്‌മദ്‌ 2:347)

നാല്‌), ചെറുപ്പക്കാരിയായ ഒന്നാം വിവാഹിതയെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ ഏഴു ദിവസവും പ്രായമുള്ളവളും രണ്ടാം വിവാഹിതയുമായവളെ നിക്കാഹ്‌ കഴിച്ചാല്‍ അവളുടെയടുക്കല്‍ ആദ്യത്തെ മൂന്ന്‌ ദിവസവും കഴിച്ചുകൂട്ടുക ഭര്‍ത്താവിന്റെ കടമയാണ്‌. (ദാറഖുത്‌നി 3:203, മുസ്‌ലിം)

സൂറത്തുല്‍ ബഖറയിലെ 228-ാം വചനത്തില്‍ സൂചിപ്പിച്ചപോലെ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടും ചില കടമകളുണ്ട്‌. ഭാര്യയുടെ കടമകള്‍:

ഒന്ന്‌), ഭര്‍ത്താവിനെ നല്ല കാര്യങ്ങളില്‍ അനുസരിക്കുക. അഥവാ, അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്ക്‌ എതിരാകുന്ന ഒരു കാര്യത്തിലും അനുസരണമില്ല. അവള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതിലും അനുസരിക്കണമെന്നില്ല. ഇതെല്ലാം ഇസ്‌ലാമിലെ പൊതുതത്വങ്ങളും കൂടിയാണ്‌. സൂറത്തുന്നിസാഇലെ 34-ാം വചനത്തില്‍ അവരുടെ അനുസരണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

രണ്ട്‌), ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ ധനം, അഭിമാനം എന്നിവ സംരക്ഷിക്കുക. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടുവിട്ടു പോകാതിരിക്കുക

മൂന്ന്‌), ഭര്‍ത്താവിന്റെ കൂടെ യാത്രക്ക്‌ ആവശ്യപ്പെട്ടാല്‍ അത്‌ സ്വീകരിക്കുക. അയാളുടെ വൈകാരികശമനത്തിനായി വിളിച്ചാല്‍ ഉത്തരം നല്‍കുക. അല്ലാത്തപക്ഷം അവള്‍ക്കുണ്ടാകുന്ന ദുരവസ്ഥ ബുഖാരിയിലും (7:39) മുസ്‌ലിമിന്റെ നിക്കാഹിന്റെ അധ്യായത്തിലും ഉദ്ധരിച്ചിട്ടുണ്ട്‌.

നാല്‌) സുന്നത്തായ നോമ്പ്‌ അനുഷ്‌ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം തേടുക. ഇത്‌ സംബന്ധമായി ബുഖാരി (7:39) റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.

അഞ്ച്‌), ഭാര്യ ഭര്‍ത്താവുമായി പിണങ്ങാതിരിക്കുക. ഒരു മുസ്‌ലിം മറ്റൊരാളുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങിക്കഴിയല്‍ സാധാരണഗതിയില്‍ തന്നെ ഇസ്‌ലാം വിലക്കിയ കാര്യമാണ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പിണക്കം സംഭവിച്ചാല്‍ നല്ലതായ ഉപദേശങ്ങള്‍ നല്‌കി ശരിപ്പെടുത്തണമെന്ന്‌ സൂറത്തുന്നിസാഇലെ 34,35 വചനങ്ങള്‍ വിശദമാക്കിയിട്ടുണ്ട്‌.

ആറ്‌), വൈകാരികമായ ആഗ്രഹം ജനിപ്പിക്കാനുതകുന്ന സ്‌പര്‍ശനങ്ങളും സംസാരങ്ങളും ഇസ്‌ലാമിക നിയമങ്ങളുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂട്ടില്‍ നിലനിര്‍ത്തുക. ബിസ്‌മി ചൊല്ലുക, പിശാചുബാധയില്‍ നിന്ന്‌ രക്ഷ തേടുക, ഗുഹ്യഭാഗത്തേക്ക്‌ എത്തിനോക്കാതിരിക്കുക, മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ സംഭോഗം ചെയ്യാതിരിക്കുക, പ്രകൃതിവിരുദ്ധ രതികളെല്ലാം ഒഴിവാക്കുക, അവളുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഭര്‍ത്താവ്‌ മാര്‍ഗം സ്വീകരിക്കുക, നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കുക എന്നീ കാര്യങ്ങളെല്ലാം സൂക്ഷിക്കപ്പെടേണ്ടതാണ്‌.

രാത്രി ഉറങ്ങുന്നതിനു മുമ്പായും, സംയോഗം ആവര്‍ത്തിക്കാനുദ്ദേശിക്കുമ്പോഴും, വലിയ അശുദ്ധിക്കാരന്‍ കുളിച്ചു വൃത്തിയാകുന്നതിനു മുമ്പായി ഭക്ഷണം കഴിക്കാന്‍ കരുതുമ്പോഴും വുദ്വൂ എടുക്കല്‍ സുന്നത്താണ്‌. ഭാര്യക്ക്‌ മാസമുറയോ പ്രസവരക്തമോ ഉള്ളപ്പോള്‍ അവളുമായി സംയോഗമല്ലാത്ത മറ്റു ഇടപെടലുകള്‍ അനുവദിക്കപ്പെട്ടതാണ്‌.

2011, ജൂൺ 13, തിങ്കളാഴ്‌ച

എങ്ങോട്ടാണീ ധൃതി

നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!
ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)
ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)
നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.
തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)
``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)
സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.
ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)
``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)
ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.
മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.
ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)

2011, മേയ് 11, ബുധനാഴ്‌ച

മുലപ്പാല്‍ : കുട്ടിയുടെ അവകാശം

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്‌) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക" [അദ്ധ്യായം 2 ബഖറ 233].

വ്യാഖ്യാനം : താഴെ കാണുന്ന തത്വങ്ങളിലേക്ക് ഈ സൂക്തം വെളിച്ചം തൂകുന്നു.

1 . വിവാഹ മോചിതയായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്ഷം കുട്ടിക്ക് മുല കൊടുക്കണം.

2. ഈ നിയമം എല്ലാ മാതാക്കള്‍ക്കും നിര്‍ബന്ധമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു.

3 . നിയമപരമായ മുലയൂട്ടല്‍ 2 വര്‍ഷമാണ്‌. രണ്ട് വര്‍ഷത്തിനു ശേഷം ഒരു കുട്ടി മറ്റൊരു സ്ത്രീയുടെ മുലകുടിച്ചാല്‍ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല.

4 . രണ്ടു വര്‍ഷത്തിനു ശേഷം മുലകുടി നിര്‍ത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രശ്നമാവുമെങ്കില്‍ വര്‍ദ്ധിപ്പിക്കാം. ചില കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ 3 വര്‍ഷവും മറ്റു ചിലര്‍ 2.5 വര്‍ഷവും നല്‍കണമെന്നു വരെ പ്രസ്താവിക്കുന്നു. [തഫ്സീറുല്‍ മനാര്‍ 2 -410]

5. മുലകുടി നിര്‍ത്തുമ്പോള്‍ കുട്ടിയുടെ ആരോഗ്യത്തിനു പ്രതിബന്ധമാകുമോ എന്ന് അറിവുള്ളവരോട് അന്വേഷിക്കണം.

6. കുട്ടിയുടെ പിതാവ് മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ബാധ്യത നിര്‍വഹിക്കണം.

7. മറ്റൊരു സ്ത്രീയെക്കൊണ്ട് മുല കുടിപ്പിക്കുന്നതിനു വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്‍കണം. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുന്നതിനാല്‍ ഇതിനെ പ്രേരിപ്പിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാക്കുകയാണ്; മുല കുടി നിര്‍ത്തി കുട്ടിക്ക് മറ്റു ഭക്ഷണങ്ങള്‍ നല്കാതിരിക്കുവാന്‍. മുലപ്പാലാണ് കുട്ടിക്ക് നല്ലത്.

8. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഗര്‍ഭിണിയാക്കുന്നത് ഗോപ്യമായ നിലക്ക് കുട്ടിയെ വധിക്കലാണെന്നു നബി (സ) ഉണര്‍ത്തി. കുട്ടിക്ക് മുലകുടി നഷ്ടപ്പെടുമെന്നതിനാല്‍ ഗര്‍ഭധാരണ തടുക്കുവാന്‍ അക്കാലത്ത് പ്രചാരത്തിലുള്ള താല്‍ക്കാലിക മാര്‍ഗങ്ങള്‍ നബി (സ) അനുവദിക്കുകയും ചെയ്തു.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പ്രബോധനം മുസ്ലിമിന്‍റെ ബാധ്യത

മുസ്ലിംകള്‍ എന്തിനു നിയുക്തരാക്കപ്പെട്ടു? അവരുടെ ദൌത്യമെന്ത്? അവരുടെ ഉത്തരവാദിത്വവും ബാധ്യതകളും എന്തെല്ലാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്ലാഹു പറയുന്നു : "മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് വരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു" [3 :10]. "അപ്രകാരം ഞാന്‍ നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി" [2 :143]. "നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍" [3 :104]. നബി (സ) പറഞ്ഞതായി അബൂസഈദുല്‍ ഖുദ്രി (റ) ഉദ്ധരിക്കുന്നു : "ആരെങ്കിലും ഒരു തിന്മ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അത് കൈകൊണ്ട് തടയട്ടെ. അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്. അതുണ്ടായാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലുമുണ്ട് " [മുസ്ലിം].

മുസ്ലിംകളോട് അവരുടെ ദൌത്യത്തെക്കുറിച്ചുണര്ത്തിയ നബി തിരുമേനിയെ അല്ലാഹു പരിചയപ്പെടുത്തുന്നു : "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനിയല്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌ നബി) പിന്‍പറ്റുന്നവര്‍ക്ക് (കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോടു അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നും അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍" [7 :157]

തങ്ങളുടെ ദൌത്യവും ഉത്തരവാദിത്വവും എന്താണെന്ന് രിബ്ഇയ്യിബിന്‍ ആമിര്‍ (റ) ഒരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : "മനുഷ്യരാശിയെ സൃഷ്ടികളെ ആരാധിക്കുന്നതില്‍ നിന്നും സൃഷ്ടാവിനെ മാത്രം ആരാധിക്കണമെന്നു പഠിപ്പിക്കാനും അവരെ ഐഹികജീവിതത്തിന്‍റെ ക്ലിഷ്ടതയില്‍ നിന്നും രക്ഷപ്പെടുത്തി അതിന്‍റെ വിശാലമായ സമൃദ്ധിയിലേക്ക് നയിക്കാനും ഇതര മതനിയമങ്ങളുടെ കരാളഹസ്തങ്ങളില്‍ നിന്നും അവരെ മോചിപ്പിച്ചു നീതിനിഷ്ഠമായ ഇസ്ലാമിക നിയമങ്ങളുടെ രാജവീധിയിലേക്ക് കൊണ്ട്‌വരാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍" [നദറത്ത് മുഅ'മിനീന്‍ വാഇന്‍ ഇലല്‍ മദനിയ്യാതില്‍ മുആസിറ] .

ഉപരിസൂചിത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും ഒരു മുസ്ലിമിന്‍റെ ജീവിത ദൌത്യമെന്തെന്നു വ്യക്തമായി. സ്വയം നല്ലവനായി ജീവിക്കുകയും മറ്റുള്ളവരെ നന്മയുടെ മാര്‍ഗത്തില്‍ ക്ഷണിക്കുകയും ചെയ്യുക. നന്മയുടെ മാര്‍ഗം ഇസ്ലാമാണ്. സത്യവും നീതിയും ധര്‍മവും അത് മാത്രമാണ്. മനുഷ്യന്‍റെ ഇഹപര വിജയമാണ് അതിന്‍റെ സന്ദേശം. അതല്ലാത്ത ഏതു മാര്‍ഗവും നാശമാണ്. അല്ലാഹു പറയുന്നു : "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍ നിന്നും ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" [3 :85].

by എം എം നദ'വി @ മുജാഹിദ് വയനാട് സമ്മേളന സുവനീര്‍ 

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

പ്രപഞ്ചസൃഷ്‌ടിയും ഭൗതികശാസ്‌ത്രത്തിന്റെ ദൈവനിഷേധവും

ധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഭൗതിക ശാസ്‌ത്രത്തിന്‌ സംഭാവന ചെയ്‌തുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞനുമായ പ്രൊഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌ 2010 സപ്‌തംബറില്‍ അമേരിക്കന്‍ ഭൗതിക ശാസ്‌ത്രജ്ഞന്‍ ലിയനാര്‍ഡ്‌ മ്‌ളോഡിനോവുമായി ചേര്‍ന്ന്‌ എഴുതിയ ദ ഗ്രാന്റ്‌ ഡിസൈന്‍ (The Grand Design) എന്ന ഗ്രന്ഥത്തിലൂടെ പ്രപഞ്ചം സൃഷ്‌ടിച്ചത്‌ ദൈവമല്ല എന്നും ഫിസിക്‌സിന്റെ ചില നിയമങ്ങളാല്‍ പ്രപഞ്ചം സ്വയം സൃഷ്‌ടിക്കപ്പെടുകയായിരുന്നു എന്നും സമര്‍ഥിക്കുന്നു. മതങ്ങളുടെ ലോകത്ത്‌ മാത്രമല്ല, ശാസ്‌ത്രലോകത്തും ഇത്‌ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുന്നു. ഈ കൃതി പുറത്തിറക്കുന്നതിനു മുന്നോടിയായി സപ്‌തംബര്‍ 2ന്‌ ബി ബി സിയിലും ടൈംസ്‌ പോലുള്ള മുഖ്യധാരാ മാധ്യമങ്ങളിലും ഹോക്കിംഗ്‌സ്‌ തന്റെ ആശയം പ്രസിദ്ധീകരിച്ചിരുന്നു. സപ്‌തംബര്‍ 3ന്‌ ഇറങ്ങിയ വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണലില്‍ ഈ ചര്‍ച്ചയ്‌ക്ക്‌ നല്‌കിയ തലക്കെട്ട്‌ ദൈവം എന്തുകൊണ്ട്‌ പ്രപഞ്ചം സൃഷ്‌ടിച്ചില്ല എന്നായിരുന്നു! തികച്ചും പരിഹാസ ശൈലിയിലുള്ളതായിരുന്നു ഈ തലക്കെട്ട്‌. പ്രപഞ്ചം ശൂന്യതയില്‍ നിന്ന്‌ സ്വയം സൃഷ്‌ടമാണെന്നും പ്രപഞ്ചരൂപീകരണ പ്രക്രിയയില്‍ ദൈവം ആവശ്യമില്ലെന്നും യാദൃച്ഛികമായി സംഭവിക്കാവുന്നതാണെന്നുമുള്ള ഹോക്കിംഗ്‌സിന്റെ സമര്‍ഥനം ദൈവനിഷേധികള്‍ക്കും ഭൗതികവാദികള്‍ക്കും ആവേശംനല്‌കുന്നതാണ്‌.
വിപര്യയങ്ങളുടെ തമസ്സിലാണ്‌ ദൈവനിഷേധികള്‍ എന്നും വിഹരിക്കുന്നത്‌. പ്രവിശാലവും വിസ്‌മയാവഹവുമായ ഈ പ്രപഞ്ചവും അതിലുള്ള വസ്‌തുക്കളുമെല്ലാം ഊര്‍ജതന്ത്രത്തിന്റെ ചുരുളഴിക്കപ്പെടാത്ത ഏതോ നിയമ ബലത്തിന്റെ സാധുതയില്‍ സംവിധാനിക്കപ്പെട്ടതാണെന്നും അതേസമയം, മനുഷ്യനുണ്ടാക്കിയ കാളവണ്ടി മുതല്‍ കപ്പല്‍ വരെയുള്ള വാഹനങ്ങളുടെയെല്ലാം പിന്നില്‍ ആലോചിതവും ആസൂത്രിതവുമായ ഒരു ബുദ്ധിയുടെ അധ്വാനം ആവശ്യമുണ്ടെന്നും പറയുന്നതിലെ യുക്തിയെന്താണ്‌?
ചൈനയിലെ വന്‍മതില്‍, വാഷിംഗ്‌ടണ്‍ ഡി സിയിലെ യു എസ്‌ ക്യാപിറ്റല്‍ ബില്‍ഡിംഗ്‌, ആസ്‌ത്രേലിയയിലെ സിഡ്‌നി ഒപേര ഹൗസ്‌, ദുബൈയിലെ ബുര്‍ജ്‌ ദുബൈ പോലുള്ള അംബരചുംബികളായ പടുകൂറ്റന്‍ ബില്‍ഡിംഗുകളും സൗധങ്ങളുമെല്ലാം നിര്‍മിക്കപ്പെടണമെങ്കില്‍ ശാസ്‌ത്രത്തിന്റെ ഭാഷയില്‍ ബുദ്ധിയുള്ള ജീവിയുടെ ചിന്തയും ഒട്ടനവധി പേരുടെ അധ്വാനവും വേണം. Design agreement പ്രകാരം, ഇവയ്‌ക്ക്‌ പിന്നില്‍ വളരെ ആസൂത്രിതമായ പ്രവര്‍ത്തനം അനിവാര്യമാണ്‌. നാം നിലനില്‌ക്കുന്ന ഭൂഗോളവും അത്‌ നില്‌ക്കുന്ന സൗരയൂഥവും അതിലെ ഓരോ ഗ്രഹങ്ങളുടെയും ഭ്രമണപഥവും അതിലൂടെയുള്ള അവയുടെ കൃത്യമായ സഞ്ചാരവും ഇവയെല്ലാം നിലനില്‌ക്കുന്ന ഗ്യാലക്‌സിയും അങ്ങനെ കോടിക്കണക്കിന്‌ ഗ്യാലക്‌സികളും അവയുടെ സംവിധാനവും സഞ്ചാരവുമെല്ലാം ആസൂത്രണമില്ലാതെ, നിര്‍മാതാവില്ലാതെ, പദാര്‍ഥത്തിന്റെ പരിണാമ ദശയിലെവിടെയോ യാദൃച്ഛികമായി, സ്വയംഭൂവായി സ്വയം രംഗപ്രവേശം ചെയ്‌തതാണെന്ന സമര്‍ഥനത്തിലെ ശാസ്‌ത്രീയതയെന്ത്‌?


Natural Theologyയുടെ ഗ്രന്ഥകര്‍ത്താവ്‌ ഡബ്ല്യൂ. പാലിയുടെ ദൈവാസ്‌തിക്യത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹത്തിന്റെ അവകാശവാദങ്ങളെയും റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ തന്റെ ദ ബ്ലൈന്‍ഡ്‌ വാച്ച്‌മേക്കര്‍ (ന്യൂയോര്‍ക്ക്‌-1997) കൃതിയിലൂടെ നിഷേധിക്കുന്നത്‌ രസാവഹമാണ്‌. മനുഷ്യനിര്‍മിത വസ്‌തുക്കളുടെ പിന്നില്‍ മനുഷ്യനാണെങ്കിലും പ്രകൃതിയിലെ അത്ഭുതകരവും മനോഹരവുമായ ജീവജാലങ്ങളും മറ്റും സൃഷ്‌ടിക്കപ്പെട്ടത്‌ യാദൃച്ഛികമാണെന്ന കേവല പ്രസ്‌താവന നടത്തി രക്ഷപ്പെടുകയാണ്‌ അദ്ദേഹം. ടെലസ്‌കോപ്പും വാച്ചും പോലെയല്ല കണ്ണും മറ്റു അവയവങ്ങളും. അവ പ്രകൃതിനിര്‍ധാരണത്തിലൂടെയോ ഭൗതികതയുടെ അറിയപ്പെടാത്ത ബലത്തിലോ സംവിധാനിക്കപ്പെട്ടതാണത്രെ. വിജ്ഞാനം മനുഷ്യന്‌ പകര്‍ന്ന്‌ നല്‌കേണ്ട വികാസം എന്ന തലം സജീവമാകുമ്പോള്‍ മനുഷ്യന്‌ അറിയാത്തതിനെ പഠനവിധേയമാക്കാനും അംഗീകരിക്കാനും സാധിക്കേണ്ടതാണ്‌. എന്നാല്‍ ഊര്‍ജതന്ത്രത്തിന്റെ ലോകത്ത്‌ വിദ്യ നല്‌കുന്നത്‌ സങ്കുചിതത്വമോ എന്ന്‌ സംശയിക്കുന്നതാണ്‌ ഭൗതിക ശാസ്‌ത്രജ്ഞരുടെ പുതിയ വാദങ്ങള്‍!


ശാസ്‌ത്രജ്ഞാനം സ്ഥിരതയും സമ്പൂര്‍ണതയും


ജൈവലോകത്ത്‌ നടക്കുന്നതെല്ലാം കേവല പ്രക്രിയകളാണെന്നും ജൈവപ്രക്രിയയും ശാരീരികമാറ്റങ്ങളും കേവലം ഊര്‍ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങള്‍ കൊണ്ട്‌ വ്യാഖ്യാനിക്കാമെന്നുമുള്ള യാന്ത്രിക വീക്ഷണം ജീവശാസ്‌ത്രത്തില്‍ ശക്തമായ പോലെ തന്നെ പ്രപഞ്ചത്തില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഊര്‍ജതന്ത്രത്തിന്റെ നിയമം വെച്ച്‌ വ്യാഖ്യാനിക്കാമെന്ന വാദം ഭൗതിക ശാസ്‌ത്രലോകത്ത്‌ ശക്തമാണ്‌. പ്രപഞ്ചത്തെ സമ്പൂര്‍ണമായി വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏകീകൃത സിദ്ധാന്തം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ശാസ്‌ത്രലോകം. ഐന്‍സ്റ്റീന്‍ മുപ്പത്‌ വര്‍ഷം ചെലവഴിച്ചത്‌ ഒരു ഏകീകൃത സിദ്ധാന്തത്തിന്‌ വേണ്ടിയായിരുന്നു. ആ വഴിക്ക്‌ സര്‍വതും വ്യാഖ്യാനിക്കാന്‍ കഴിയുന്ന സിദ്ധാന്തം TOE -Theory of everything സ്ഥാപിച്ചെടുക്കാന്‍ ഭൗതിക ശാസ്‌ത്രം ഇന്ന്‌ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌.


ഇത്‌ ഒരുപക്ഷേ ശാസ്‌ത്രലോകത്ത്‌ അല്‌പമൊക്കെ സംഭവിക്കാവുന്നതും പലതും പ്രതീക്ഷയുടെ ലോകത്ത്‌ മാത്രം ഒതുങ്ങിനില്‌ക്കുന്നതുമാണ്‌. ഒരു കാര്യം വ്യക്തമാക്കണമെങ്കില്‍ ശാസ്‌ത്രത്തിന്‌ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. പരീക്ഷണം, നിരീക്ഷണം തെളിയിക്കപ്പെടാത്ത സങ്കല്‌പം, നിഗമനം, തിയറി... പിന്നെയാണ്‌ വസ്‌തുത. വസ്‌തുതയെ വ്യാഖ്യാനിക്കാന്‍ സിദ്ധാന്തം കടന്നുവരാം. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണം ഒരു വസ്‌തുതയാണ്‌. അതിനെ വ്യാഖ്യാനിക്കാന്‍ ഐന്‍സ്റ്റീന്‍ വെച്ചത്‌ സിദ്ധാന്തമാണ്‌. അതിന്‌ മുമ്പ്‌ ന്യൂട്ടന്റെ സിദ്ധാന്തവുമുണ്ടായിരുന്നു. സിദ്ധാന്തങ്ങള്‍ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്‌. പലതും അടിത്തറ നഷ്‌ടപ്പെട്ട്‌ തകര്‍ന്ന്‌ വീഴാറുമുണ്ട്‌. നിരീക്ഷണ നിഗമനങ്ങളിലൂടെ ലഭ്യമാകുന്ന വിഷയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും വിവരണം നല്‌കുകയാണ്‌ ശാസ്‌ത്രം ചെയ്യുന്നത്‌. അവിടെ അബദ്ധങ്ങളും തിരുത്തലുകളും നിത്യസംഭവം. ഭൗതിക ശാസ്‌ത്രം ഇത്തരം വാര്‍ത്തകള്‍ക്ക്‌ എന്നും സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. കൃത്യവും വ്യക്തവുമായി പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌തുവരുന്ന പരമവും യഥാര്‍ഥവുമായ ദൈവസാന്നിധ്യത്തെ അതിനിസ്സാരനായ മനുഷ്യന്‍ നിഷേധിക്കുന്നത്‌ എത്രമേല്‍ ബാലിശമാണ്‌!


ശാസ്‌ത്രവാ ദം അനുസരിച്ച്‌, ഗ്രാഹ്യമാകാത്തതിനെ നിര്‍ണയിക്കാനും വിശദീകരിക്കാനും സാധ്യമല്ല. എങ്കില്‍ അവയൊന്നും നിലനില്‌ക്കാത്തതുമാകുന്നു. ദൈവം, മാലാഖമാര്‍, പിശാച്‌, സ്വര്‍ഗം, നരകം തുടങ്ങിയവ പ്രസ്‌തുത ഗണത്തില്‍ പെടുമത്രെ. ആയതിനാല്‍ ഇവയ്‌ക്കൊന്നും വാസ്‌തവത്തില്‍ നിലനില്‌പ്‌ ഇല്ല! ഇതാണ്‌ ദൈവനിഷേധികളുടെ ലളിതയുക്തി!!
ഭൗതിക ശാസ്‌ത്രവും ജീവശാസ്‌ത്രവുമാണ്‌ ദൈവനിഷേധത്തിന്‌ വേണ്ടി ചിലര്‍ മുന്നോട്ട്‌ വെക്കുന്നത്‌. പ്രപഞ്ചോല്‌പത്തിയും അതിന്റെ വികാസ പരിണാമങ്ങളും, പ്രതിഭാസങ്ങളും പഠന വിധേയമാക്കുന്ന ഭൗതികശാസ്‌ത്രം അതിന്റെ സഞ്ചാരത്തില്‍ എന്നും പ്രതിസന്ധിക്ക്‌ വിധേയമായിട്ടുണ്ട്‌. ശാസ്‌ത്രലോകത്തെ ഏറ്റുമുട്ടലുകള്‍ സാധാരണ പ്രതിഭാസമാണ്‌. ബ്രിട്ടീഷ്‌ രസതന്ത്രജ്ഞന്‍ ജോണ്‍ ഡാള്‍ട്ടണ്‍ 1803ല്‍ അണുസിദ്ധാന്തം അവതരിപ്പിച്ചു. വിഭജിക്കാന്‍ കഴിയാത്തത്‌ എന്ന വിവക്ഷയാണ്‌ `അണു'വിന്‌ നല്‌കിയത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞര്‍ 1897ല്‍ ഇലക്‌ട്രോണ്‍ കണ്ടെത്തിയതോടെ `അണു' അവിഭാജ്യമാണെന്ന അവകാശവാദം തകര്‍ന്നു. 1811ല്‍ ന്യൂസിലാന്റുകാരന്‍ ഏണസ്റ്റ്‌ റൂഥര്‍ ഫോര്‍ഡ്‌ ആറ്റത്തിന്റെ ആന്തരിക ഘടന വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്നിവയുടെ കണ്ടുപിടുത്തത്തോടെ അണുവിന്റെ ഘടന ലളിതമെന്ന്‌ തോന്നി. 1931ല്‍ ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ പോള്‍ ഡിറാക്‌ ഇലക്‌ട്രോണിന്ന്‌ പോസിട്രോണ്‍ എന്ന ചങ്ങാതിയുണ്ടെന്ന്‌ പ്രവചിച്ചെങ്കിലും പലരും അദ്ദേഹത്തെ ഭ്രാന്തനെന്ന്‌ വിധിയെഴുതി. 1932ല്‍ കോസ്‌മിക്‌ രശ്‌മികളില്‍ നിന്നും പോസിട്രോണ്‍ കണ്ടെത്തി. ഇങ്ങനെ കണികാ ഭൗതികം മുതല്‍ സര്‍വ വിജ്ഞാനീയങ്ങളിലും സ്വീകരണവും നിരാകരണവും സദാ സംഭവിക്കുന്നുവെന്നതാണ്‌ സത്യം.


ശാസ്‌ത്രജ്ഞാനം ശക്തവും സുദൃഢവുമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന ക്ലാസിക്കല്‍ സങ്കല്‌പം അബദ്ധമാണെന്ന്‌ പലപ്പോഴായി തെളിയുകയുണ്ടായി. ഭൗതികത്തിലെ മൗലികം, അടിസ്ഥാനപരം എന്നീ പ്രയോഗങ്ങള്‍ക്ക്‌ എന്നും വില നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രവിജ്ഞാനത്തിന്റെ അടിത്തറ ഒരിക്കലും ഉറപ്പുള്ളതായിരുന്നില്ല. സുപ്രധാനമായ ശാസ്‌ത്ര വിപ്ലവങ്ങള്‍ എപ്പോഴെല്ലാം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം പഴയ അടിത്തറ ഇളകിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം. മൂന്ന്‌ നൂറ്റാണ്ട്‌ കാലം ശാസ്‌ത്രത്തെയും ദര്‍ശനത്തെയും അതിയായി സ്വാധീനിച്ച റാനെ ദെക്കാര്‍ത്തെയുടെ ശാസ്‌ത്ര ദര്‍ശനത്തിന്റെ ആണിക്കല്ലുകള്‍ ക്വാണ്ടം ഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ തകര്‍ന്നുപോയി. ക്ലാസിക്കല്‍ ഭൗതികത്തിന്റെ നിയമങ്ങള്‍ അണുവിന്റെ ലോകത്ത്‌ പ്രായോഗികമല്ലെന്നും മൗലിക കണങ്ങളെയും പ്രകൃതി ബലങ്ങളെയും കുറിച്ചുള്ള ക്ലാസിക്കല്‍ സങ്കല്‌പങ്ങള്‍ നിലനില്‍ക്കുകയില്ലെന്നുമുള്ള പുതിയ വിവരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ക്ലാസിക്കല്‍ ഫിസിക്‌സ്‌, ക്വാണ്ടം ഫിസിക്‌സിന്‌ മുമ്പില്‍ രാജിയായി. ഇന്ന്‌ ഭൗതികശാസ്‌ത്രത്തെ ഭരിക്കുന്നത്‌ ക്വാണ്ടം ഭൗതികവും ആപേക്ഷികതാ സിദ്ധാന്തവുമാണ്‌. ക്ലാസിക്കല്‍ ഭൗതികത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്റെ ആത്മകഥയില്‍ പറയുന്നു: ``സ്വന്തം കാല്‍ച്ചുവട്ടിലെ ദൃഢമായ അടിത്തറ എവിടെയും കാണുന്നില്ല. ഒലിച്ചു പോകുന്ന അടിത്തറയില്‍ ഒന്നും കെട്ടിപ്പടുക്കാനാവില്ല.''


ക്ലാസിക്കല്‍ ഭൗതികത്തില്‍ ശാസ്‌ത്ര സിദ്ധാന്തങ്ങളെ ശക്തമായ അടിത്തറയില്‍ നിര്‍മിച്ച വീടിനോടായിരുന്നു ഉദാഹരിച്ചതെങ്കില്‍ ആധുനിക ഭൗതികശാസ്‌ത്രം വലയോട്‌ ഉപമിക്കുന്നു (വീടും വലയുമെല്ലാം മാറിവരുന്ന പ്രയോഗങ്ങള്‍ മാത്രം). പഴയ ശാസ്‌ത്രസിദ്ധാന്തങ്ങളെ തകര്‍ത്തെറിയുന്ന പുതിയ ശാസ്‌ത്ര വിജ്ഞാനങ്ങളും ഒരിക്കല്‍-അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ-പഴമയില്‍ ചെന്നെത്തുമെന്നും തങ്ങളുടെ ആലോചനകളും സിദ്ധാന്തങ്ങളും തിരുത്തേണ്ടിവരുമെന്നും ദൈവനിഷേധം വന്‍ അബദ്ധമാണെന്നും ദൈവാസ്‌തിക്യം മഹാസത്യമാണെന്നും ശാസ്‌ത്രത്തിന്‌ ബോധ്യപ്പെടും, തീര്‍ച്ച.


പ്രപഞ്ചോല്‌പത്തി വൈവിധ്യവും വൈരുധ്യവും


മതങ്ങള്‍ അവതരിപ്പിക്കുന്ന സൃഷ്‌ടിവാദത്തിനെതിരായി ശക്തമായ ചിന്താഗതി ശാസ്‌ത്രലോകത്ത്‌ എന്നും ഉണ്ടായിരുന്നു. ദൈവത്തിന്റെ ഇടപെടലുകളില്ലാതെ ദീര്‍ഘകാലത്തെ പരിണാമ പ്രക്രിയയിലൂടെയാണ്‌ പ്രപഞ്ചം ഉണ്ടായത്‌, പ്രപഞ്ചത്തിന്‌ പ്രത്യേക തുടക്കമൊന്നുമില്ല, എപ്പോഴും ഒരേ രീതിയില്‍ നിലനില്‌ക്കുന്നു എന്നൊക്കെയുള്ള വീക്ഷണങ്ങള്‍ പലപ്പോഴായി സമര്‍ഥിക്കപ്പെട്ടിരുന്നു. 1781ല്‍ ഇമ്മാനുവല്‍ കാന്റ്‌ പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന്‌ തന്റെ ദ ക്രിട്ടിക്‌ ഓഫ്‌ പ്യുവര്‍ റീസണ്‍ എന്ന കൃതിയിലൂടെ ഉന്നയിച്ചു. ആധുനിക ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആവിര്‍ഭാവത്തോടെ പ്രപഞ്ചോല്‌പത്തി സിദ്ധാന്തങ്ങള്‍ക്ക്‌ പുതിയ മാനങ്ങള്‍ ലഭ്യമായി.


എന്നാല്‍ പ്രപഞ്ചോല്‌പത്തിയെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിക്കുന്തോറും ദൈവാസ്‌തിക്യത്തെ സാക്ഷീകരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുകയാണ്‌ സത്യത്തില്‍ ചെയ്‌തതെന്നത്‌ മറ്റൊരു കാര്യം. അതിനെതിരെ ഈശ്വര നിഷേധികള്‍ രംഗത്തുവന്നുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പിയറേ സൈമണ്‍ ഡി ലാപ്ലസീന്റെ നിശ്ചിതത്വ വാദം ദൈവാസ്‌തിക്യത്തെ വിളിച്ചോതുന്നതു കൊണ്ട്‌ തന്നെ 1927ല്‍ ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം രംഗപ്രവേശം ചെയ്‌തു. 1939ല്‍ പുറത്തിറക്കിയ ഭൗതികപ്രതിസന്ധി എന്ന കൃതിയില്‍ നിശ്ചിതത്വ സിദ്ധാന്തം നിശിതമായി വിമര്‍ശിക്കപ്പെട്ടു. എല്ലാം ദൈവതീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന നിശ്ചിതത്വ വാദം അപ്രായോഗികമാണെന്ന്‌ വിധിയെഴുതി.


പ്രപഞ്ചോല്‌പത്തി പഠനത്തില്‍ വഴിത്തിരിവായിരുന്നു ജോര്‍ജ്‌ ഗാമോവും റാല്‍ഫ്‌ ആല്‍ഫറും ചേര്‍ന്ന്‌ അവതരിപ്പിച്ച മഹാ വിസ്‌ഫോടന സിദ്ധാന്തം. പിന്നീട്‌ പ്രപഞ്ചം വികസിക്കുന്നുവെന്ന കണ്ടെത്തലുകളും വന്നു. ഇവയെല്ലാം ആധുനിക ഭൗതിക ശാസ്‌ത്രത്തിലെ വഴിത്തിരിവുകളായിരുന്നു. സ്റ്റീഫന്‍ ഹോക്കിംഗ്‌സ്‌ തന്റെ വിഖ്യാതമായ ദ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമായി ഇവ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മഹാവിസ്‌ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതോടെ സ്ഥിരപ്പെട്ട പ്രപഞ്ചത്തിനൊരു തുടക്കം ഉണ്ടായിരിക്കണമെന്നും അതിനൊരു കാരണം ഉണ്ടായിരിക്കുമെന്നുമുള്ള ആശയം പലര്‍ക്കും ഇഷ്‌ടപ്പെട്ടിട്ടില്ല. ദൈവസാന്നിധ്യത്തെ സ്ഥാപിക്കാന്‍ സാധിക്കാവുന്ന ഈ ഉല്‌പത്തി ശാസ്‌ത്രത്തിനെതിരെ പലരും രംഗപ്രവേശം ചെയ്‌തു. ബ്രിട്ടീഷ്‌ ഭൗതികജ്ഞനായ ഫ്രെഡ്‌ ഹോയല്‍ മഹാവിസ്‌ഫോടന സിദ്ധാന്തം മഹാ അബദ്ധമാണെന്ന്‌ വാദിച്ചു. ദൈവനിരാസം ആവേശമാക്കിയ അദ്ദേഹം ഹെര്‍മണ്‍ ബോണ്ടി, തോമസ്‌ ഗോള്‍ഡ്‌ തുടങ്ങിയ ശാസ്‌ത്രജ്ഞരുമായി ചേര്‍ന്ന്‌ 1948ല്‍ സ്ഥിരസ്ഥിതി സിദ്ധാന്തം അവതരിപ്പിച്ചു. പ്രപഞ്ചത്തിനൊരു തുടക്കമോ ഒടുക്കമോ ഇല്ല. അത്‌ അനന്തവും അവികസിതവുമാണ്‌ എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ വിശദീകരണം. മൂന്ന്‌ ദശാബ്‌ദത്തോളം ഈ സിദ്ധാന്തങ്ങള്‍ പരസ്‌പരം ഏറ്റുമുട്ടി. എന്നാല്‍ ഈ സിദ്ധാന്തത്തിന്‌ സ്വീകാര്യത ലഭിച്ചില്ലെന്ന്‌ മാത്രമല്ല, മഹാവിസ്‌ഫോടനസിദ്ധാന്തം പ്രസിദ്ധമാവുകയും ചെയ്‌തു. ദൈവ നിഷേധികള്‍ക്ക്‌ ആദ്യം ആവേശവും പിന്നെ നിരാശയും ബാക്കി. അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ സൃഷ്‌ടിവാദം അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഭൗതിക ശാസ്‌ത്രജ്ഞജ്ഞര്‍ പാടുപെട്ട്‌ പണിയുന്ന സിദ്ധാന്തങ്ങളുടെ കൊട്ടാരം ഓരോന്നായി തകര്‍ന്ന്‌ വീണിട്ടും ചരിത്രത്തില്‍ നിന്നും അവര്‍ ഒന്നും പഠിക്കുന്നില്ല. ദൈവനിഷേധം എന്ന അന്ധതയ്‌ക്ക്‌ മുന്നില്‍ ശാസ്‌ത്രജ്ഞനും സാധാരണക്കാരനും തുല്യരാണെന്ന്‌ ചുരുക്കം.


ദൈവാസ്‌തിക്യത്തിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങളെ മനുഷ്യബുദ്ധിക്ക്‌ മുമ്പില്‍ ബൗദ്ധികവും യുക്തിപരവുമായി അവതരിപ്പിക്കുകയും സൃഷ്‌ടി പ്രപഞ്ചത്തിലൂടെ പര്യടനം നടത്തി തന്റെയും പ്രപഞ്ചത്തിന്റെയും ഉല്‌പത്തിയെയും അതിന്റെ സ്രഷ്‌ടാവിനെയും കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വേദഗ്രന്ഥമായ ഖുര്‍ആനിന്റെ മുമ്പില്‍ ഭൗതിക ശാസ്‌ത്രജ്ഞര്‍ അല്‌പമൊന്ന്‌ വനിയാന്വിതരായിരുന്നുവെങ്കില്‍! ``ഇവര്‍ കണ്ടില്ലേ, അല്ലാഹു സൃഷ്‌ടി ആരംഭിക്കുന്നതും തുടര്‍ന്ന്‌ ആവര്‍ത്തിക്കുന്നതും എങ്ങനെയാണെന്ന്‌? തീര്‍ച്ചയായും അത്‌ അല്ലാഹുവിന്‌ അതീവ ലളിതമാണ്‌. അവരോട്‌ പറയുക: ഭൂമിയില്‍ സഞ്ചരിച്ച്‌ നിരീക്ഷണം നടത്തൂ. എങ്ങനെയാണ്‌ അവന്‍ സൃഷ്‌ടി തുടങ്ങിയിട്ടുള്ളതെന്ന്‌. അല്ലാഹു മറ്റൊരിക്കല്‍ കൂടി സൃഷ്‌ടി നടത്തുന്നതാണ്‌. അവന്‍ (അല്ലാഹു) സര്‍വതിനും ശക്തനാണ്‌.'' (വി.ഖു 29:19,20)

പ്രവാചകനും ഇതരമതങ്ങളും

മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.
മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌ തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത്‌ കൊണ്ട്‌ അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക്‌ വിധേയനായി ത്വാഇഫില്‍ നിന്ന്‌ മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത്‌ ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക്‌ വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള പലായനത്തിന്‌ വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത്‌ അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.
മദീനയിലുണ്ടായിരുന്ന ജൂതന്മാരോട്‌ പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്‌. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത്‌ പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത്‌ പ്രവാചകന്‌ അവരുമായുള്ള അടുപ്പത്തെയാണ്‌ എടുത്ത്‌ കാണിക്കുന്നത്‌. ജൂതസുഹൃത്തുക്കളില്‍നിന്ന്‌ പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക്‌ അവരില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.
ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന്‌ വന്ന്‌ പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച്‌ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട്‌ കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുകണ്ട്‌ ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത്‌ കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ്‌ ഉമറിനോട്‌ നിര്‍ദേശിച്ചത്‌. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന്‌ തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട്‌ കോപിതനായതിനാല്‍ തിരിച്ച്‌ നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക്‌ നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട്‌ കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട്‌ എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ്‌ ആദരിച്ചത്‌. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്‌.
രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത്‌ പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക്‌ അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്‌. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട്‌ പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്‌. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട്‌ കൂടി മാത്രമേ നമുക്ക്‌ കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത്‌ കുറ്റകരമാണെന്ന്‌ താക്കീത്‌ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌ പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട്‌ പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ ഖുര്‍ആനിക വചനങ്ങളാണ്‌ അതിനദ്ദേഹത്തിന്‌ പ്രചോദനം.
``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട്‌ തടയുക. അപ്പോള്‍ നിന്നോട്‌ ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)
``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന്‌ വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത്‌ ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്‌. ഏത്‌ പ്രവാചകനെ സംരക്ഷിക്കാനാണോ അവരത്‌ ചെയ്‌തത്‌ അത്‌ അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ്‌ വസ്‌തുത.
ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്‌. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ്‌ പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്‌. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്‌ അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന്‌ കാണാം. ബര്‍കത്ത്‌ അഹ്‌മദ്‌ തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ്‌ എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ജൂതന്മാര്‍ക്ക്‌ നേരെ നടത്തിയെന്ന്‌ പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്‌.
ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാക്കിയ ഒരു സമൂഹത്തോട്‌ ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുകയാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ ബ്‌നു സുലൂലിന്‌ മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്‌. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.
ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്‌, മക്കയുടെ അധികാരം കൈവന്ന്‌ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ്‌ കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച്‌ നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്‌. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക്‌ താക്കോല്‍ മടക്കി നല്‌കിയെന്നത്‌ തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്‌.
മക്കയിലെ പതിമൂന്ന്‌ വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട്‌ വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന്‌ ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന്‌ മുമ്പില്‍ ആദരിക്കുകയാണ്‌ ഒടുവില്‍ നബി(സ) ചെയ്‌തത്‌. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ്‌ പ്രവാചകന്‍ പ്രതികരിച്ചത്‌. മറവില്‍ പതിയിരുന്ന്‌ ചാട്ടുളിയെറിഞ്ഞ്‌ ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ്‌ തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട്‌ മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക്‌ കാണാം.
വേണമെങ്കില്‍ പ്രവാചകന്‌ അന്ന്‌ അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക്‌ നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട്‌ നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്‌. അത്‌ മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത്‌ ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്‌. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ്‌ ഇസ്‌ലാമിന്റെ യശസ്സ്‌ ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌