ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

മുജാഹിദ് പ്രസ്ഥാനം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍, കേരള മുസ്‌ലിംകള്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും നടുവില്‍ നട്ടംതിരിയുന്നു. സമുദായം പൊതുധാരയില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ നില്‌ക്കുന്നു. അക്ഷരാഭ്യാസമില്ല. മാതൃഭാഷയില്‍ പോലും നിരക്ഷരര്‍. പിന്നാക്കത്തിന്റേ പിന്നണിയില്‍ നില്‌ക്കുന്ന പാവപ്പെട്ട മുസ്‌ലിം സമൂഹം. ഭൗതികരംഗത്ത്‌ മാത്രമല്ല മതരംഗത്തും ഇതുതന്നെയായിരുന്നു അവസ്ഥ. അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ അനുയായികള്‍ക്ക്‌ ഇസ്‌ലാം എന്തെന്നറിയില്ല. പ്രമാണമായ വിശുദ്ധഖുര്‍ആന്‍ കേവല പാരായണത്തിലൊതുങ്ങി. സുന്നത്ത്‌ (നബിചര്യ) കേട്ടിട്ടുപോലുമില്ല. എതാനും ആചാരങ്ങളിലും മാലകള്‍ പാരായണം ചെയ്യുന്നതിലും സമൂഹത്തിന്റെ മതജീവിതം പരിമിതമായി. ഈ സന്ദര്‍ഭത്തിലാണ്‌ ലോകത്തിലെ പല ഭാഗങ്ങളിലുമെന്നപോലെ കേരളക്കരയിലും വിശുദ്ധഖുര്‍ആനും നബിചര്യയും മനസ്സിലാക്കിയ പണ്‌ഡിതന്‍മാര്‍ സമുദായത്തെ ശരിയായ പാതയിലേക്ക്‌ നയിക്കുവാന്‍ ശ്രമമാരംഭിച്ചത്‌. 1922ല്‍ മധ്യകേരളത്തിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപം കൊണ്ട കേരളമുസ്‌ലിം ഐക്യസംഘമാണ്‌ മുസ്‌ലിംനവോത്ഥാനത്തിന്‌ സംഘടിതമായ തുടക്കം കുറിച്ചത്‌.