ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ദയാനിധിയായ നാഥന്‍റെ ഹിതം

പ്രപഞ്ചത്തിലെ അതിനിസ്സാരമായതും അത്യന്തം ഭീമമായതും ഉള്‍പ്പെടെ സകല ജൈവ അജൈവ വസ്‌തുക്കളെയും സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത സര്‍വാധിനാഥന്റെ ഹിതപ്രകാരമാണ്‌ ഏത്‌ കാര്യവും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും. സംഭവഗതികള്‍ നിര്‍ണയിക്കുന്നതില്‍ സൃഷ്‌ടികള്‍ക്കാര്‍ക്കും നിയാമകമായ യാതൊരു പങ്കുമില്ല. അതിനാല്‍ നമുക്ക്‌ ലഭ്യമാകുന്ന നേട്ടങ്ങളുടെ പേരില്‍ നാം ഏറെ അഭിമാനിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതിന്‌ അര്‍ഥമില്ല. നേട്ടമെന്ന്‌ നാം കരുതുന്നതു തന്നെ യഥാര്‍ഥത്തില്‍ നമുക്ക്‌ ഗുണകരമായില്ലെന്ന്‌ വരാം. നഷ്‌ടമെന്ന്‌ തോന്നുന്നത്‌ ചിലപ്പോള്‍ ഗുണകരമായി ഭവിക്കാനും സാധ്യതയുണ്ട്‌. പരമകാരുണികനായ രക്ഷിതാവിന്റെ ഹിതമാണ്‌ എന്തിലും നിര്‍ണായകമായിട്ടുള്ളത്‌. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ ഇപ്രകാരം വെളിച്ചം വിശുന്നു:
``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.'' (വി.ഖു 6:59)``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്‌തത്‌) നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദു:ഖിക്കാതിരിക്കാനും, നിങ്ങള്‍ക്ക്‌ അവന്‍ നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്‌. യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.'' (വി.ഖു. 57:22,23)മനുഷ്യര്‍ അനുഭവിക്കുന്ന ദു:ഖങ്ങളിലേറെയും ജീവനഷ്‌ടത്തിന്റെയോ ധനനഷ്‌ടത്തിന്റെയോ മാനനഷ്‌ടത്തിന്റെയോ പേരിലാണ്‌. ഉറ്റവരുടെയും ഉടയവരുടെയും മരണം ആരെയും ദു:ഖത്തിലാഴ്‌ത്തുക സ്വാഭാവികമാണ്‌. സ്വന്തം ആരോഗ്യമോ കുടംബാംഗങ്ങളുടെ ആരോഗ്യമോ അപകടത്തിലാകുമ്പോള്‍ ആരും വ്യാകുലചിത്തരാകുന്നു. സ്വത്തും വരുമാനവും നഷ്‌ടപ്പെടുന്നത്‌ ആരെയും അസ്വസ്ഥരാക്കും. അപമാനം നേരിടേണ്ടിവരുന്നതായിരിക്കും ചിലര്‍ക്ക്‌ മറ്റു ഏത്‌ നഷ്‌ടത്തെക്കാളും ദു:ഖഹേതുവാകുന്നത്‌. എന്നാല്‍ ദയാനിധിയായ നാഥനില്‍ ദൃഢവിശ്വാസം പുലര്‍ത്തുന്നവര്‍ ഏത്‌ നഷ്‌ടത്തിന്റെ പേരിലും ദു:ഖിക്കേണ്ടതില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.കഷ്‌ടനഷ്‌ടങ്ങളുണ്ടാകുമ്പോഴും ദു:ഖിക്കാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ എങ്ങനെയാണ്‌ സാധിക്കുക? എല്ലാം അല്ലാഹുവിന്റെ ദാനമാണ്‌, നമുക്ക്‌ ആത്യന്തികമായി യാതൊന്നിന്റെയും ഉടമസ്ഥതയോ അധികാരമോ ഇല്ല എന്ന ധാരണ ഒട്ടേറെ ദു:ഖങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുന്നു. സ്വത്തിനെ/സന്താനത്തെ അല്ലാഹു അവന്റെ കാരുണ്യത്താല്‍ നല്‌കി; അവന്റെ കാരുണ്യത്താല്‍ തന്നെ അവന്‍ തിരിച്ചെടുക്കുകയും ചെയ്‌തു എന്ന്‌ അചഞ്ചലമായ മനസ്സോടെ പറയാന്‍ ദൃഢവിശ്വാസമുള്ളവര്‍ക്കേ കഴിയൂ. ഒരു കാര്യം നാം ആഗ്രഹിക്കുന്നതായാലും നമുക്ക്‌ ഇഷ്‌ടമില്ലാത്തതായാലും അത്‌ നടക്കുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചാണ്‌ എന്നത്‌ മാത്രമല്ല, ആ ഹിതം അവന്റെ അപാരമായ കാരുണ്യത്തിന്റെ താല്‌പര്യമാണ്‌ എന്നതും വിശ്വാസിക്ക്‌ ഏറെ ആശ്വാസമേകുന്നു.അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ അവന്റെ കാരുണ്യത്താല്‍ ലഭിച്ച നേട്ടത്തെ സ്വന്തം സാമര്‍ഥ്യത്തിന്റെ കണക്കില്‍ ചേര്‍ക്കുന്നത്‌ ഗുരുതരമായ കുറ്റമാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. സൂറതുല്‍കഹ്‌ഫില്‍ രണ്ടു തോട്ടക്കാരുടെ കഥ വിവരിക്കുന്ന ഭാഗത്ത്‌, അവിശ്വാസിയായ തോട്ടക്കാരനോട്‌ വിശ്വാസിയായ കൂട്ടുകാരന്‍ ചോദിച്ച ഒരു ചോദ്യം ഉദ്ധരിച്ചിട്ടുണ്ട്‌: ``നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, `ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല' എന്ന്‌ നിനക്ക്‌ പറഞ്ഞുകൂടായിരുന്നോ?''(വി.ഖു 18:39). ക്വാറൂന്‍ എന്ന അഹങ്കാരിയായ സമ്പന്നനെ ഭൂമിയില്‍ ആഴ്‌ത്തിക്കളഞ്ഞ സംഭവം വിവരിച്ച ഭാഗത്ത്‌ അവന്റെ ഒരു ഗുരുതരമായ തെറ്റ്‌ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുള്ളത്‌, സമ്പത്ത്‌ അല്ലാഹുവിന്റെ ദാനമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതെ, ``എന്റെ കൈവശമുള്ള വിദ്യ കൊണ്ട്‌ മാത്രമാണ്‌ എനിക്കിത്‌ ലഭിച്ചത്‌'' (28:78) എന്ന്‌ അവന്‍ അവകാശപ്പെട്ടതാണ്‌.പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള അല്ലാഹുവിന്റെ ധാരാളം ഇഷ്‌ടദാസന്മാര്‍ അവന്റെ ഹിതമനുസരിച്ച്‌, ശത്രുക്കളുടെ എതിര്‍പ്പ്‌, ദാരിദ്ര്യം, രോഗങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അതുകൊണ്ടൊന്നും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അവരുടെ വിശ്വാസം ചഞ്ചലമായിട്ടില്ല. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ അധികാരവും ഭൗതിക സൗകര്യങ്ങളും നല്‌കിയെങ്കില്‍ അതിലൊന്നും അഹങ്കരിക്കാതെ അതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എന്ന നിലയില്‍ ഗണിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ദൈവവിശ്വാസികളില്‍ തന്നെ പലരും ഭൗതിക നേട്ടങ്ങള്‍ കരഗതമാകുമ്പോള്‍ അത്‌ ദൈവം തങ്ങളെ അനുഗ്രഹിച്ചതിന്റെ തെളിവായി കരുതുകയാണ്‌ ചെയ്യുന്നത്‌. ഞെരുക്കങ്ങള്‍ നേരിടുമ്പോഴൊക്കെ ദൈവം തങ്ങളെ അപമാനിച്ചുവെന്നോ അവഗണിച്ചുവെന്നോ അവര്‍ പരിഭവിക്കുകയും ചെയ്യും. ഈ നിലപാട്‌ ശരിയല്ലെന്നും സന്തോഷ-സന്താപ വേളകളിലൊരു പോലെ അല്ലാഹുവോട്‌ വിധേയത്വവും ആത്മാര്‍ഥതയുമുള്ള ജീവിതം നയിക്കുകയാണ്‌ വേണ്ടതെന്നും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്‌.``എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൗഖ്യം നല്‌കുകയും ചെയ്‌താല്‍ അവന്‍ പറയും, എന്റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. എന്നാല്‍ മനുഷ്യനെ രക്ഷിതാവ്‌ പരീക്ഷിക്കുകയും എന്നിട്ട്‌ അവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്‌താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.അല്ല; പക്ഷെ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന്‌, നിങ്ങള്‍ പ്രേത്സാഹനം നല്‌കുന്നുമില്ല. അനന്തരാവകാശ സ്വത്ത്‌ നിങ്ങള്‍ വാരിക്കൂട്ടിത്തിന്നുകയും ചെയ്യുന്നു. ധനത്തെ, നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.''(വി.ഖു 89:15-20)
ആരോഗ്യം, ഐശ്വര്യം, പ്രതാപം എന്നീ കാര്യങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായി ഗണിക്കുന്നത്‌ ഒരര്‍ഥത്തില്‍ ശരിയാണ്‌. എന്നാല്‍ അതിലുപരിയായി ഈ കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ പരീക്ഷയാണ്‌. സല്‍സ്വഭാവം ആര്‍ജിക്കുകയും സല്‍പ്രവൃത്തികള്‍ ചെയ്യുകയും മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷയില്‍ വിജയിക്കുന്നു. അനുഗ്രഹങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ അതിന്റെ ദുഷ്‌ഫലങ്ങളും പ്രത്യാഘാതങ്ങളും പരലോകത്ത്‌ മാത്രമല്ല, ഒരു വേള ഇഹലോകത്തും അനുഭവിക്കേണ്ടിവരും. ഐശ്വര്യവും പ്രതാപവും ഏറെ അനുഭവിച്ച പ്രവാചകന്‍ സുലൈമാന്‍(അ) ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച്‌ തികച്ചും ബോധവാനായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.``അങ്ങനെ ആ സിംഹാസനം തന്റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുന്ന പക്ഷം തന്റെ ഗുണത്തിന്‌ തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു.''(വി.ഖു 27:40)ധാരാളം ഉത്തമദാസന്മാരെ രോഗം, ദാരിദ്ര്യം, ഭക്ഷ്യദൗര്‍ഭിക്ഷ്യം, ശത്രുക്കളുടെ എതിര്‍പ്പുകള്‍ എന്നിങ്ങനെ പലതരം വിഷമതകള്‍ മുഖേന അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അല്ലാഹു അവരെ വെറുത്തുവെന്നോ അപമാനിച്ചുവെന്നോ അതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതല്ല. ഇഹത്തിലും പരത്തിലും അവരുടെ അവസ്ഥയും പദവിയും ഉയര്‍ത്താന്‍ വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ പരീക്ഷകളാണ്‌ അവ. വിശുദ്ധ ഖുര്‍ആനില്‍ അവന്‍ പറയുന്നു:``കുറച്ചൊക്കെ ഭയം, പട്ടിണി, ധനഷ്‌ടം, ജീവനഷ്‌ടം, വിഭവനഷ്‌ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; `ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌' എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍.'' (വി.ഖു 2:155-157)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ