ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ്‌ ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ്‌ തത്വത്തില്‍ ഊന്നിനിന്ന്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്‌കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ്‌ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ആചാരങ്ങള്‍ വെടിയുക, ഖുര്‍ആനെ സ്വീകരിക്കുക


"നിങ്ങള്‍ സത്യം അസത്യവുമായി കൂടി ക്കുഴക്കരുത്. അറിഞ്ഞു കൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്". [അദ്ധ്യായം 2 ബഖറ 42]

പ്രപഞ്ചത്തിനു ഒരു സൃഷ്ടാവ് ഉണ്ടെന്നതും സര്‍വശക്തനായ അവന്‍ ഏകനാണെന്നതും നേര്‍ക്ക്‌നേരെ ചിന്തിക്കുന്നവര്‍ക്ക് നിഷേധിക്കുവാന്‍ കഴിയാത്ത യാഥാര്‍ത്യമാണ്. പ്രപഞ്ചവസ്തുക്കളെ നിരീക്ഷിക്കുന്നവര്‍ക്ക് സുവ്യക്തമാകുന്ന അത്ഭുതങ്ങള്‍ അല്ലാഹുവിന്‍റെ അസ്തിത്വത്തിന്‍റെ തെളിവുകളാണ്. അവന്‍ മാനവസമൂഹത്തിന്‍റെ മാര്‍ഗദര്‍ശനത്തിനാവശ്യമായ വേദഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ മുഖേന മനുഷ്യര്‍ക്ക്‌ നല്‍കി എന്നതും ഒരു യാഥാര്‍ത്യമാണ്.

പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി (സ). വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പാണ്‌ വിശുദ്ധ ഖുര്‍ആന്‍. ഈ യാഥാര്‍ത്ഥ്യം അറിയാത്തവരല്ല ജൂതരും ക്രൈസ്തവരുമായ ഇസ്രാഈല്‍ സമൂഹം. ദൈവത്തെയും ദൂതന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുന്ന ഇവര്‍തന്നെ മുഹമ്മദ്‌ നബി (സ)യെയും ഖുര്‍ആനിനെയും അംഗീകരിക്കാന്‍ സന്നദ്ധരാവുന്നില്ല. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയും സത്യത്തെ വികൃതമാക്കിയും മൂടിവെച്ചും ആശയക്കുഴപ്പം സൃഷ്ട്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ ഈ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നു.

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നവരെ ഇന്നും കാണാം. ഖബര്‍ സന്ദര്‍ശനവും ഖബരാരാധനയും ചിലര്‍ കൂട്ടി ക്കലര്‍ത്തുന്നത് ഇതിനുദാഹരണമാണ്. ഒന്ന് സുന്നത്തും മറ്റൊന്ന് ശിര്‍ക്കുമാണ്. എന്നാല്‍ ഇത് രണ്ടും കൂട്ടിക്കലര്‍ത്തി വിശദീകരിച്ചു ആളുകളെ ഖബര്‍ പൂജയിലേക്ക് ഇവര്‍ നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ പകല്‍പോലെ വ്യക്തമാക്കിയ ചില ആശയങ്ങള്‍പോലും ദുര്‍വ്യാഖ്യാനം ചെയ്തു സത്യത്തെ മൂടിവെക്കുന്നവരുമുണ്ട്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന മഹാപാതകമാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചതാണ്. എന്നാല്‍ പല പേരുകളും വ്യാഖ്യാനങ്ങളും നല്‍കി അത്തരം പ്രാത്ഥന ശരിയാണെന്ന് സമര്‍ഥിക്കുന്നവര്‍ സത്യത്തെ അസത്യവുമായി കൂട്ടിച്ചേര്‍ക്കുന്നു.

ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും പിന്‍ബലമില്ലാത്ത നാട്ടാചാരങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചത് കാണാം. ഇതിനെ എതിര്‍ക്കേണ്ടവര്‍ മൌനം പാലിക്കുന്നത് സത്യത്തെ മൂടിവെക്കലും അസത്യവുമായി കൂട്ടിക്കലര്‍ത്തലുമാണ് ചെയ്യുന്നത്. ചില ഭൌതികനേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് ഇവര്‍ അതിനെ പ്രോത്സാഹി പ്പിക്കുന്നത്. സത്യം കൈപ്പുള്ളതാണെങ്കിലും തുറന്നുപറയണമെന്നാണ് നബി (സ) പഠിപ്പിച്ചത്. അക്രമിയായ രാജാവിന്‍റെ മുന്നില്‍ സത്യം തുറന്നു പറയലാണ് ഏറ്റവും വലിയ ജിഹാദ്.

സത്യവും അസത്യവും ഒന്നിക്കാത്ത രണ്ടു വഴികളാണ്. ഖുര്‍ആന്‍ പ്രഖ്യാപിച്ചു : സത്യം വന്നിരിക്കുന്നു. അസത്യം തകര്‍ന്നിരിക്കുന്നു. നിശ്ചയം അധര്‍മ്മം തകര്‍ന്നു തരിപ്പണമാവുകതന്നെ ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ